ബംഗളൂരു: കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന വിമത എം.എൽ.എയുടെ ആസ്ഥിയിൽ വൻ വർദ്ധനവ്. 18 മാസത്തിനുള്ളിൽ 185.7 കോടിയുടെ വർദ്ധനയാണ് ഉണ്ടായത്. കോൺഗ്രസ് വിമതനും ബി.ജെ.പി. സ്ഥാനാർത്ഥിയുമായ എം.ടി.ബി. നാഗരാജിന്റെ ആസ്തിയിലാണ് വൻ വർദ്ധനവുണ്ടായിരിക്കുന്നത്. കർണാടകയിൽ ഡിസംബർ അഞ്ചിന് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിലേക്കായി സമർപ്പിച്ച സത്യവാങ്മൂലത്തിൽ 1201.5 കോടിയുടെ ആസ്തിയാണ് കാണിച്ചത്. ഹൊസകോട്ടയിൽനിന്നാണ് നാഗരാജ് മത്സരിക്കുന്നത്.
2018ലെ തിരഞ്ഞെടുപ്പിൽ വെളിപ്പെടുത്തിയ സ്വത്തിൽ നിന്ന് 15. 5 ശതമാനത്തിന്റെ വർദ്ധനയാണുണ്ടായത്. നാഗരാജിന്റെ ഭാര്യയുടെ ആസ്തിയിലും വർദ്ധനയുണ്ടായി. 48 കോടി രൂപയുടെ ബാങ്ക് നിക്ഷേപമുണ്ട്. കോൺഗ്രസ്- ജെ.ഡി.എസ് സർക്കാരിൽ മന്ത്രിയായിരുന്ന നാഗരാജ് മറ്റ് വിമതരോടൊപ്പം രാജിവയ്ക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞദിവസമാണ് ഇദ്ദേഹം ബി.ജെ.പിയിൽ ചേർന്നത്. കർണാടകയിലെ ഏറ്റവും കൂടുതൽ സ്വത്തുള്ള രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് നാഗരാജ്.
ഈ വർഷം ആഗസ്റ്റ് രണ്ടിനും ഏഴിനും ഇടയിൽ പലസമയങ്ങളിലായി 48.76 കോടിയുടെ പണമാണ് നാഗരാജിന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്കായി എത്തിയത്. ഇക്കഴിഞ്ഞ ജൂലായിൽ 1.16 കോടിയും അക്കൗണ്ടിലെത്തി. വിമത നീക്കത്തിനൊടുവിൽ സഖ്യസർക്കാർ താഴെ വീണ് മാസങ്ങളിലാണ് ഇത്രയും തുക നാഗരാജിന്റെ അക്കൗണ്ടിൽ വന്നതെന്നതാണ് ശ്രദ്ധേയം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |