ന്യൂഡൽഹി: അയോദ്ധ്യവിധിക്കെതിരെ മുസ്‌ലീം വ്യക്തി നിയമ ബോർഡ് പുനഃപരിശോധനാ ഹർജി നൽകും. മസ്ജിദ് നിർമാണത്തിനായി നൽകിയ അഞ്ചേക്കർ ഭൂമി സ്വീകരിക്കേണ്ടതില്ലെന്നാണ് യോഗത്തിൽ വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ നിയമപരമായി ഏതറ്റംവരെയും പോകുമെന്നും ബോർഡ് നിലപാടെടുത്തു. പുനഃപരിശോധാ ഹർജി നൽകേണ്ടതില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്ന സുന്നി വഖഫ് ബോർഡ് പ്രതിനിധികൾ യോഗം ബഹിഷ്ക്കരിച്ചിരുന്നു.
പുനഃപരിശോധന ഹർജി നൽകണമെന്നാണ് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസി അടക്കം വ്യക്തിനിയമ ബോർഡിലെ ഭൂരിപക്ഷം അംഗങ്ങളുടെയും ആവശ്യം. സമുദായത്തിന്റെ താൽപര്യം സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന ചർച്ചയാണ് യോഗത്തിലുയർന്നത്. സുപ്രീം കോടതി വിധി പ്രകാരം നൽകാമെന്ന് പറഞ്ഞിരിക്കുന്ന അഞ്ചേക്കർ ഭൂമി വേണ്ടെന്നു വയ്ക്കാനാണ് ഇന്നത്തെ യോഗത്തിൽ തീരുമാനമായത്.
കാലാവധി പൂർത്തിയാക്കുന്ന ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഏകകണ്ഠമായി വിധി പറഞ്ഞത്. അയോദ്ധ്യയിലെ 2.77 ഏക്കർ ഭൂമിയെ ചൊല്ലിയാണ് തർക്കം നിലനിന്നിരുന്നത്. നിർമോഹി അഖാഡ, സുന്നി വഖഫ് ബോർഡ്, ഹിന്ദു മഹാസഭ എന്നിവർ തമ്മിലായിരുന്നു തർക്കം. അയോദ്ധ്യയിലെ തർക്കഭൂമി ക്ഷേത്രം നിർമിക്കാൻ വിട്ടു നൽകണമെന്നും മുസ്ലീം വിഭാഗങ്ങൾക്ക് പള്ളി നിർമിക്കാൻ പ്രത്യേക ഭൂമി നൽകുമെന്നുമായിരുന്നു സുപ്രീംകോടതി വിധി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |