കോഴിക്കോട്: മാവോയിസ്‌റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് മുസ്‌ലീം തീവ്രവാദ സംഘടനകളാണെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ പറഞ്ഞു. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മുസ്‌ലീം തീവ്രവാദ സംഘടനകളാണ് മാവോയിസ്റ്റുകൾക്ക് വെള്ളവും വളവും നൽകുന്നതെന്നും പൊലീസ് ഇക്കാര്യം പരിശോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. താമരശ്ശേരിയിൽ കെ.എസ്.കെ.ടി.യു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഇസ്ലാമിക തീവ്രവാദികളാണ് കേരളത്തിൽ ഇപ്പോൾ മാവോയിസ്‌റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത്. അതാണ് കോഴിക്കോട്ട് പുതിയ കോലാഹലവും സാന്നിദ്ധ്യവുമൊക്കെ വരുന്നത്. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളാണ് അവരെ വെള്ളവും വളവും നൽകി വളർത്തുന്നത്. അവർ തമ്മിൽ ഒരു ചങ്ങാത്തമുണ്ട്"-അദ്ദേഹം പറഞ്ഞു.
എൻ.ഡി.എഫുകാർക്കും മറ്റ് ഇസ്ലാമിക മതമൗലിക ശക്തികൾക്കും എന്തൊരു ആവേശമാണ് മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കാനെന്നും അദ്ദേഹം ചോദിച്ചു. പൊലീസ് പരിശോധിക്കേണ്ടത് പരിശോധിച്ചു കൊള്ളണം. ഉപതിരഞ്ഞെടുപ്പിലടക്കം എൽ.ഡി.എഫ് സമാനതകളില്ലാത്ത വിജയമാണ് സ്വന്തമാക്കുന്നത്. അതിന് തടയിടാനാണ് ഇപ്പോൾ നടക്കുന്ന ശ്രമമെന്നും മോഹനൻ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |