ന്യൂഡൽഹി: ഇന്ത്യയിലെ 10 കോടിയോളം വരുന്ന പാവപ്പെട്ടവർക്ക് ആരോഗ്യ പരിരക്ഷ നൽകുന്നതിനായാണ് ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കേന്ദ്രസർക്കാർ തുടക്കം കുറിച്ചത്. പ്രതിവർഷം ഒരു കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വരെ ആരോഗ്യ പരിരക്ഷയാണ് പദ്ധതിക്ക് കീഴിൽ ലഭിക്കുകയെന്നായിരുന്നു വാഗ്ദാനം. എന്നാൽ, ഈ പദ്ധതിയിലൂടെ രാജ്യത്തുള്ള പകുതിയോളം പേർക്കും ആനുകൂല്യം ലഭിക്കുന്നില്ല എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. സമ്പന്നരെ ഒഴിവാക്കി പാവപ്പെട്ടവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു പദ്ധതി. എന്നാൽ, ഇതിനെയൊക്കെ പിന്തള്ളിക്കൊണ്ടാണ് നീതി ആയോഗിന്റെ ആരോഗ്യ മാർഗരേഖ.
ഇടത്തരക്കാർക്കായി മെച്ചപ്പെട്ട ആരോഗ്യ സംവിധാനം രൂപപ്പെടുത്തണമെന്ന നിർദേശം മാർഗരേഖ മുന്നോട്ടുവയ്ക്കുന്നു. ഇതിനു പ്രീമിയമായി 200 – 300 രൂപ ഈടാക്കുന്നതിൽ തടസമുണ്ടാകില്ലെന്ന് റിപ്പോർട്ട് പ്രകാശനം ചെയ്ത് നിതി ആയോഗ് ഉപാദ്ധ്യക്ഷൻ രാജീവ് കുമാർ പറഞ്ഞു.ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ സ്ഥാപകൻ ബിൽ ഗേറ്റ്സിന്റെ സാന്നിദ്ധ്യത്തിലായിരുന്നു മാർഗരേഖ പ്രകാശനം. ആരോഗ്യരംഗത്ത് ഇന്ത്യയുടെ നേട്ടങ്ങളെ അഭിനന്ദിച്ച ഗേറ്റ്സ്, വെല്ലുവിളികളെ നേരിടാൻ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കണമെന്നു നിർദേശിച്ചു.
രോഗലക്ഷണങ്ങൾ നൽകിയാൽ രോഗം നിർണയിക്കുന്ന സംവിധാനം വന്നാലോ എന്ന ചോദ്യവും മുന്നിലുണ്ട്. ആരോഗ്യമേഖലയെ രക്ഷപ്പെടുത്താൻ അത്തരം ചില പരീക്ഷണങ്ങൾ അനിവാര്യമെന്നാണു നിതി ആയോഗിന്റെ കണ്ടെത്തൽ. രോഗനിർണയം മുതൽ ചികിത്സ വരെ പൂർണമായി ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗപ്പെടുത്താനാകണം. ഡോക്ടറെ സഹായിക്കുന്ന ക്ലിനിക്കൽ ഡിസിഷൻ സപ്പോർട്ട് സിസ്റ്റം, അടിസ്ഥാന പരിശോധനകൾ സ്വയം നടത്തി രോഗനിർണയം നടത്താവുന്ന പ്രീ ഡയഗ്‌നോസ് സിസ്റ്റം, പഴ്സനലൈസ്ഡ് മെഡിസിൻ എന്നീ സംവിധാനങ്ങൾ വ്യാപിപ്പിക്കാനും നിർദേശമുണ്ട്.
ആയുഷ്മാൻ ഭാരത് പദ്ധതി കേരളത്തിൽ നടപ്പിലാക്കിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിമർശിച്ചിരുന്നു. മറ്റുസംസ്ഥാനങ്ങൾ ഈ ചികിത്സാപദ്ധതിയിൽ ചേർന്നപ്പോൾ കേരള സർക്കാർ മാറിനിന്നെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.എന്നാൽ, കാരുണ്യ ആരോഗ്യസുരക്ഷാപദ്ധതി എന്ന പേരിൽ ആയുഷ്മാൻ ഭാരത് ഏപ്രിൽ ഒന്നിന് കേരളത്തിൽ നടപ്പാക്കിത്തുടങ്ങിയെന്ന് ആരോഗ്യവകുപ്പ് വിശദീകരിച്ചിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |