ദേശീയ അവാർഡിനോളം തിളക്കമുള്ളതാണ് സുരഭിയുടെ അഭിനയം ജീവിതം. ചെറിയ ചെറിയ 'വല്യ" വേഷങ്ങളിലൂടെ മലയാളികളെ എപ്പോഴും അമ്പരിപ്പിച്ചു കൊണ്ടിരിക്കുന്ന നടി. ചെയ്യുന്ന വേഷം എന്തുമായിക്കോട്ടെ, അതിലല്‌പം പോലും ഏറ്റക്കുറച്ചിലുമില്ലാതെ ഗംഭീരമാക്കാനുള്ള കഴിവ് സുരഭിക്കുണ്ട്. ഇപ്പോഴിതാ, വികൃതി എന്ന പുതിയ സിനിമയിൽ സംസാരിക്കാത്ത കഥാപാത്രത്തെ അവതരിപ്പിച്ച് കൈയടി നേടുകയാണ് താരം.
'' ഇതുവരെ ചെയ്യാത്ത വേഷമാണ് വികൃതിയിലെ എൽസി. കഥ കേട്ടപ്പോൾ തന്നെ കൊള്ളാമല്ലോ എന്ന് തോന്നി. സംസാരിക്കാത്ത, ചെവി കേൾക്കാത്ത കഥാപാത്രമാണ്. പുറമേ മാത്രമേ സംസാരിക്കുന്നില്ലെങ്കിലും ഉള്ളിൽ കൂടുതൽ സംസാരിക്കേണ്ടി വന്നു.സുരാജേട്ടന്റെ ജോടിയായിട്ടാണ് അഭിനയിക്കുന്നത്. അപ്പോൾ പിന്നെ കട്ടയ്‌ക്ക് പിടിച്ചല്ലേ പറ്റൂ. സുരാജേട്ടൻ തകർത്തിട്ടുണ്ട്. സിനിമ കണ്ടവരൊക്കെ എന്റെ വേഷവും നന്നായിട്ടുണ്ടെന്ന് പറയുമ്പോൾ പെരുത്ത് സന്തോഷമുണ്ട്. " സുരഭി സംസാരിച്ചു തുടങ്ങി.
വേഷമേതായാലും ഹാപ്പിയാണ്
ദേശീയ അവാർഡിന് ശേഷം കരിയറിൽ എന്തുമാറ്റമുണ്ടായെന്ന് ചോദിച്ചാൽ ചെറിയ വേഷമാണെങ്കിലും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ കിട്ടാൻ തുടങ്ങി. എല്ലാ വേഷവും ആസ്വദിച്ചാണ് ചെയ്യുന്നത്. തീവണ്ടിയിൽ രാഷ്ട്രീയക്കാരി, അതിരനിലെ വടക്കേടത്ത് കമല ലക്ഷ്‌മി, ഇപ്പോൾ വികൃതിയിലെ എൽസി ഒക്കെ നല്ല വേഷങ്ങളായിരുന്നു. എന്താണോ കിട്ടുന്നത് അത് ഭംഗിയാക്കി ചെയ്യാനാണ് ശ്രമിക്കുന്നത്. ദേശീയ അവാർഡിന്റെ തലക്കനമൊന്നും ഇതുവരെയും ഉണ്ടായിട്ടില്ല. ഇനിയും ഉണ്ടാകില്ല. ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയതല്ലേ. വിശ്വസിക്കാൻ കുറച്ച് സമയമെടുത്തു. പതിനാല് വർഷത്തിന് ശേഷമാണ് മലയാളത്തിലേക്ക് വീണ്ടും ദേശീയതിളക്കം വന്നതെന്നൊക്കെ പത്രം കണ്ടപ്പോഴാണ് ഞാനും അറിഞ്ഞത്. സ്വപ്‌നത്തിൽ ഉള്ളതൊന്നും ആയിരുന്നില്ല. ഐശ്വര്യ റായിയ്ക്കൊപ്പമായിരുന്നു മത്സരം എന്നൊക്കെ കേട്ടപ്പോൾ നല്ലോണം ഞെട്ടി. കിട്ടുന്ന വേഷങ്ങളൊക്കെ നന്നായി ചെയ്യാൻ ശ്രമിക്കുമെന്നല്ലാതെ അവാർഡുകളൊന്നും മനസിൽ കണ്ടിട്ടില്ല. ടൈപ്പ് കാസ്റ്റ് ചെയ്യുന്ന വേഷങ്ങളിലൂടെയായിരുന്നു എന്റെ വരവ്. അതിനിപ്പോൾ മാറ്റം വന്നിട്ടുണ്ട്. നാഷണൽ അവാർഡ് കിട്ടിയെങ്കിലും മലയാളത്തിലെ മുൻനിര നായകന്മാരെ കൂടെ അഭിനയിക്കാനുള്ള അവസരം ഇപ്പോഴും കിട്ടിയിട്ടില്ല.
വേഷമേതായാലും ഞാൻ ഹാപ്പി
നായികാവേഷം തന്നെ കിട്ടണമെന്ന് നിർബന്ധമുള്ള ആളല്ല ഞാൻ. ഇപ്പോൾ നായികാവേഷങ്ങളൊക്കെ കിട്ടി തുടങ്ങി. എപ്പോഴും നായികയാകണമെന്ന് വാശി പിടിക്കാൻ പറ്റില്ല. അത്രയേറെ കഴിവുള്ളവർ നമുക്ക് ചുറ്റിലുമുണ്ട്. സ്ഥിരം നായികാ കഥാപാത്രം ചെയ്‌ത് കൊണ്ടിരിക്കുന്ന ആളിനാണ് നാഷണൽ അവാർഡ് കിട്ടിയതെങ്കിൽ അവരുടെ മാർക്കറ്റ് വാല്യുവും കൂടും, കൈ നിറയെ അവസരങ്ങളും കിട്ടുമായിരുന്നു. എനിക്ക് വളരെ ഫ്ലെക്‌സിബിൾ ആയിട്ടുള്ള ആക്‌ടറസാകാനാണ് ഇഷ്‌ടം. കെ.പി.എ.സി ലളിത ചേച്ചിയും സുകുമാരിയമ്മയും കൽപ്പന ചേച്ചിയും അഭിനയിച്ച് തകർത്ത വേഷങ്ങൾ ചെയ്യണമെന്നുണ്ട്. ചെയ്‌ത് ചെയ്‌ത് മാത്രമേ അതിലേക്ക് നമ്മൾ എത്തൂ. അതിലേക്ക് എത്തുമ്പോൾ അഭിനയം നിർത്താം. അതുവരെ ചെറുതാണെങ്കിലും സിനിമയിൽ ഞാനുണ്ടാകും.
സെലക്‌ട് ചെയ്യാനായി വളർന്നിട്ടില്ല
സിനിമകളെ സെലക്‌ട് ചെയ്‌ത് അഭിനയിക്കുന്ന ആളല്ല ഞാൻ. ആ ഘട്ടത്തിലേക്ക് എത്തിയിട്ടില്ല എന്നെനിക്ക് ബോദ്ധ്യമുണ്ട്. ഒരുപാട് അവസരങ്ങൾ വരുന്നവർക്കല്ലേ സെലക്‌ട് ചെയ്‌ത് അഭിനയിക്കേണ്ടി വരുന്നുള്ളൂ. എന്നെ തേടിയെത്തുന്നത് മുഴുവൻ ചെറിയ സിനിമകളാണ്. കൂടുതലും സുഹൃത്തുക്കളുടെ ചിത്രങ്ങൾ. അത്യാവശ്യം എന്റെ കഥാപാത്രത്തിന് ഒരു പ്രാധാന്യം ഉണ്ടെങ്കിൽ ചെയ്യും. കോമഡി സീരിയലിൽ അഭിനയിക്കുന്ന നടി എന്ന അവസ്ഥയിൽ നിൽക്കുന്ന സമയത്താണ് അവാർഡ് കിട്ടുന്നത്. അതുകൊണ്ട് എനിക്കിനിയും തെളിയിക്കേണ്ടിയിരിക്കുന്നു. കരിയറിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ സന്തോഷമാണ്. സ്വപ്‌നത്തിൽ പോലും കാണാത്ത കാര്യമാണ് ജീവിതത്തിൽ സംഭവിച്ചത്. പണ്ടെപ്പോഴും പറയുമായിരുന്നു, ഞാനൊരു ബി. പി. എൽ നടിയാണെന്നാണ്, ഇപ്പോൾ കുറച്ചുകൂടി മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്. ഒന്നോ രണ്ടോ സീനുകളിൽ അഭിനയിച്ചിരുന്ന നടിയിൽ നിന്നും വികൃതിയിലെ എൽസി പോലൊരു കഥാപാത്രത്തിലേക്ക് എത്താൻ കഴിഞ്ഞു. അതിൽ സംതൃപ്‌തിയുണ്ട്. ചെറിയ ചെറിയ വേഷങ്ങൾ ചെയ്യുന്നതു കൊണ്ട് കൂടുതൽ ഫ്ലെക്‌സിബിൾ ആകാൻ കഴിയുമെന്ന് തോന്നുന്നു.
നരിക്കുനി വിട്ടൊരു കളിയില്ല
സിനിമയിൽ വന്ന ശേഷം വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. നരിക്കുനി എന്ന നാട്ടിൻപുറത്ത് നിന്ന് സിനിമ പോലെ വലിയൊരു ഇൻഡസ്ട്രിയിലേക്ക് എത്തിയപ്പോൾ ഒരുപാട് കാര്യങ്ങൾ തിരിച്ചറിഞ്ഞു. ഇപ്പോൾ ആൾക്കാരെ കുറച്ച് കൂടി ശ്രദ്ധിക്കാറുണ്ട്. എല്ലാരേയും കണ്ണടച്ചു വിശ്വസിക്കുന്ന രീതിക്ക് മാറ്റം വന്നു. അന്നും ഇന്നും ഒരുപോലെയാണല്ലോ എന്ന് കേൾക്കാനാണ് എനിക്കിഷ്‌ടം. വേര് താഴേക്ക് വളർത്താനാണ് ആഗ്രഹിക്കുന്നത്. അഭിനയത്തിൽ ഓരോ നിമിഷവും ഇംപ്രൊവൈസ് ചെയ്യാൻ ശ്രമിക്കാറുണ്ട്. എങ്ങനെ കാമറയ്‌ക്ക് മുന്നിൽ അഭിയിക്കാതിരിക്കാം എന്നാണ് ശ്രദ്ധിക്കുക. സിനിമയെ ആഴത്തിൽ പഠിക്കണമെന്ന് ആഗ്രഹിക്കുന്നൊരാളാണ്. എന്നാൽ മാത്രമേ ഒരു പാട് വെള്ളിയാഴ്ചകൾ കടന്നു പോകാൻ പറ്റൂ. ബുദ്ധിജീവി അഭിനയത്തെ കുറിച്ചല്ല പറയുന്നത്. എനിക്ക് സിനിമ ഒട്ടും തമാശയല്ല. എന്റെ കരിയറാണ്. അതുകൊണ്ട് തന്നെ ചെറിയ കഴിവാണെങ്കിൽ കൂടിയും അതിനെ സ്വയം മിനുക്കിയെടുത്തുകൊണ്ടേയിരിക്കും..
ആദ്യമായി കിട്ടിയ സ്‌ക്രിപ്ട്
മിന്നാമിനുങ്ങാണ് എന്റെ ജീവിതം മാറ്റിയത്. ദേശീയ അവാർഡ് വാങ്ങാൻ പോയത് ഇപ്പോഴും എനിക്ക് വലിയ സംഭവമാണ്. അന്ന് ഒരു തയ്യാറെടുപ്പും ഉണ്ടായിരുന്നില്ല. നിലാവെട്ടത്ത് അഴിച്ച് വിട്ട കോഴിയെ പോലെ പോയി അവാർഡും വാങ്ങി വന്നു. മഞ്ജുചേച്ചി പ്രസിഡന്റിനെ കാണാൻ പോയപ്പോൾ ബോധം കെട്ടത് പോലെയാകുമോയെന്നൊക്കെ പേടിച്ചിരുന്നു. ആദ്യമായിട്ട് സ്ക്രിപ്ട് വായിക്കാൻ കിട്ടിയ സിനിമയായിരുന്നു മിന്നാമിനുങ്ങ്. അതുവരെ ലൊക്കേഷനിൽ എത്തുമ്പോഴാണ് സ്ക്രിപ്ട് കിട്ടാറുള്ളത്. പന്ത്രണ്ട് ദിവസത്തെ ഷൂട്ടായിരുന്നു. ഒരു മുഴുനീള കഥാപാത്രത്തെ ആദ്യമായി കിട്ടിയതിന്റെ സന്തോഷത്തിൽ നന്നായി തന്നെ അഭിനയിക്കാൻ ശ്രമിച്ചു. കന്യാകുമാരി മുതൽ കാശ്‌മീര് വരെയുള്ള സിനിമകളെ പിന്തള്ളി വിജയം കൈവരിച്ചപ്പോൾ അതിശയമാണ് തോന്നിയത്.
തീയേറ്റർ പഠിച്ചത് ഇങ്ങനെ
ഡിഗ്രിക്ക് ബി എ ഭരതനാട്യമായിരുന്നു, അന്ന് ഒന്നാം റാങ്കോടെയായിരുന്നു പാസായത്. അത് കഴിഞ്ഞ് പി ജി ചെയ്‌തത് തീയേറ്റർ ആർട്ടിലായിരുന്നു. തീയേറ്റർ ആർട്ട് എന്താണെന്ന് കൃത്യമായിട്ട് അറിയാത്ത സമയത്താണ് ആ കോഴ്സിന് അപേക്ഷിക്കുന്നത്. നാട്ടിൻപുറത്ത് ജനിച്ചു വളർന്ന നമ്മൾക്ക് എന്ത് തീയേറ്റർ ആർട്ട്. നാടകമാണെന്ന് പറഞ്ഞാൽ മനസിലാകും. അതല്ലാതെ തീയേറ്ററിനെ കുറിച്ചൊന്നും ഒരു ഐഡിയേം ഇല്ല. ചുമ്മാ ഒരു രസത്തിന് അപേക്ഷിച്ചു. ആദ്യമൊക്കെ അന്തം വിട്ട് കുന്തം വിഴുങ്ങിയ അവസ്ഥയിലിരുന്നു. പിന്നീട് ശരിയായി. നൃത്തം, നാടകം അങ്ങനെ കൈയിൽ അത്യാവശ്യം സംഗതികളൊക്കെയുണ്ട്. ഞാനിപ്പോഴും തീയേറ്റർ വർക്ക് ഷോപ്പുകൾ ചെയ്യാറുണ്ട്. നമ്മളെ ഒന്ന് റിഫ്രെഷ് ചെയ്‌തെടുക്കാൻ അത് നല്ലതാണ്. ഓരോ സിനിമയും നാടകവും എനിക്ക് എന്നെ തന്നെ മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഘടകങ്ങളായിട്ടാണ് കാണുന്നത്.
വേണ്ടത് പരസ്‌പര ബഹുമാനം
സിനിമാനടി എന്നതിന്റെ പേരിൽ ഒരിടത്തു നിന്നും എനിക്ക് മോശമായ അനുഭവം നേരിടേണ്ടി വന്നിട്ടില്ല. അതിന് വിപരീതമായി പലർക്കും അനുഭവങ്ങളുണ്ടാകും. ഞാൻ എന്റെ അനുഭമാണ് പറയുന്നത്. എന്നോട് മോശമായി പെരുമാറിയാൽ പ്രതികരിക്കുക തന്നെ ചെയ്യും. സമൂഹത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകളെ അപമാനിക്കുന്ന സംഭവങ്ങളുണ്ടാകുന്നുണ്ട്. സിനിമയായതു കൊണ്ട് പൊതുവേ ജനങ്ങൾക്ക് തോന്നാറുണ്ട് ഇവിടെ സ്ത്രീകളൊന്നും സുരക്ഷിതരല്ലെന്ന്. അതിപ്പോൾ എല്ലാ മേഖലയിലും ഇതുപോലുള്ള പ്രശ്‌നങ്ങളില്ലേ. അതു പോലെ തന്നെയാണ് സിനിമയിലും. സ്ത്രീയായതുകൊണ്ട് അവൾ ദുർബലയാണെന്ന് കരുതരുത്. അങ്ങോട്ടും ഇങ്ങോട്ടും ബഹുമാനത്തോടും സ്‌നേഹത്തോടും പെരുമാറാനാണ് എനിക്കിഷ്‌ടം.
ഒറ്റയ്‌ക്കിരിക്കാൻ ഇഷ്‌ടമല്ല
എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കാൻ ഇഷ്‌ടപ്പെടുന്നൊരാളാണ്. അധിക സമയം ഒറ്റയ്‌ക്കിരിക്കാൻ കഴിയില്ല. ഞാനിപ്പോഴും ബസിലും ട്രെയിനിലുമൊക്കെ യാത്ര ചെയ്യാറുണ്ട്. അതുപോലെ പ്രേക്ഷകനുമായി സംവദിക്കാൻ ഇഷ്‌ടമാണ്. ആളുകളെ കാണുമ്പോഴെല്ലാം സംസാരിക്കും, മെസേജിനെല്ലാം മറുപടി കൊടുക്കും. താരജാഡയില്ലെന്ന് കാട്ടാനല്ല, ഞാനിങ്ങനെയാണ്. എവിടെ പോയാലും ഇങ്ങനയൊക്കെ ജീവിക്കാനേ എനിക്ക് കഴിയൂ. അതുകൊണ്ട് ഒറ്റയ്‌ക്കുള്ള യാത്രകളോട് വലിയ ഇഷ്‌ടമല്ല. എപ്പോഴും കൂട്ടത്തിലിരിക്കാൻ ഇഷ്‌ടപ്പെടുന്ന ആളാണ്. പിന്നെ നാട്ടിൻപുറത്ത് വളർന്നതിന്റെ ഗുണം കൂടിയുണ്ട്. അവാർഡ് കിട്ടിയപ്പോൾ അതവർക്ക് കിട്ടിയ പോലെയായിരുന്നു. നരിക്കുനിയിലെ ആകെയുള്ള രണ്ട് സിനിമാതാരങ്ങൾ ഞാനും സന്തോഷ് പണ്ഡിറ്റുമാണ്. എന്റെ സുഹൃത്ത് കൂടിയാണ് അദ്ദേഹം. അദ്ദേഹം കൃഷ്‌ണനും രാധയും ചെയ്യുന്ന സമയത്ത് രാധയാകാൻ ആദ്യം എന്നെയായിരുന്നു വിളിച്ചത്. അന്ന് പരീക്ഷ നടക്കുന്ന സമയമായതു കൊണ്ട് ചെയ്‌തില്ല.
ചെറിയ സിനിമയാണെന്ന വേർതിരിവില്ല
പൊതുവേ എന്നെ തേടി വരുന്നതെല്ലാം ഒരു സമാധാനവും ഇല്ലാത്ത വേഷങ്ങളായിരുന്നു. ആധി, വ്യാധി, ദുരിതം, കഷ്‌ടപ്പാട് ഒക്കെയാണ്. എന്റെ ലുക്ക് കണ്ടിട്ടാണോ അങ്ങനെ വരുന്നതെന്ന് അറിയില്ല. എന്തായാലും പരാതികളൊന്നുമില്ല. വെറുതെ നിൽക്കാതെ എന്തെങ്കിലും അഭിനയിക്കാനുണ്ടെങ്കിൽ ആ കഥാപാത്രം ചെയ്യും. ഇതുവരെയുള്ള എന്റെ അമ്മ വേഷങ്ങളും രസമായിരുന്നു. ഓരോന്നും ടൈപ്പ് കാസ്റ്റ് ചെയ്യാത്ത അമ്മമാരാണ്. പല തരത്തിലുള്ള അമ്മമാർ. എന്തായാലും നല്ല വേഷങ്ങൾ കിട്ടുക എന്നതാണ് അഭിനേതാവിന്റെ ഭാഗ്യം. ഇനി വരാനിരിക്കുന്നത് പൊരിവെയിൽ, ഉൾട്ട, ചാച്ചാജി, കെയർ ഓഫ് മല്ലിക ഒക്കെയാണ്. പൊരിവെയിലിൽ ഇന്ദ്രൻസേട്ടന്റെ നായികയാണ്. പേരിടാത്ത ഒരു ചിത്രത്തിൽ സൗബിൻ ഷാഹിറിന്റെ നായികയാകുന്നുണ്ട്. ദിലീഷ് പോത്തൻ, ഹരിഷ് കണാരൻ ഒക്കെയാണ് ആ ചിത്രത്തിലെ മറ്റു താരങ്ങൾ. ചെറിയ സിനിമയാണെന്ന് കരുതി ഒന്നും മാറ്റി നിറുത്താറില്ല, എല്ലാ സിനിമയുടെയും ഭാഗമാകും. ഓരോന്നിൽ നിന്നും നമുക്കൊരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |