തമിഴ്, തെലുങ്ക് ഭാഷകളിൽ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച നടിയാണ് തൃഷ കൃഷ്‌ണൻ. എല്ലാ ഭാഷകളിലും ആരാധകരെ സൃഷ്‌ടിച്ചിട്ടുള്ള തൃഷയെക്കുറിച്ചുള്ള ഓരോ വാർത്തകളും അറിയാൻ ഏറെപ്പേർക്കും ആകാംഷയുണ്ടാകും. കഴിഞ്ഞ കുറച്ച് നാളുകളായി തൃഷയും നടൻ വിജയ്‌യും തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ആരാധകരെ ഞെട്ടിക്കുന്നൊരു വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. തൃഷ ഉടൻ വിവാഹിതയാകും എന്നാണ് റിപ്പോർട്ട്.
സിയാസത് എന്നൊരു മാദ്ധ്യമമാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. ചണ്ഡീഗഢിൽ നിന്നുള്ള ബിസിനസുകാരനാണ് വരൻ. തൃഷയുടെ കുടുംബത്തിന് വർഷങ്ങളായി വരന്റെ കുടുംബവുമായി അടുപ്പമുണ്ടെന്നാണ് വിവരം. ശരിയായ ആളെ കണ്ടെത്തിയാൽ വിവാഹത്തിന് തയ്യാറാണെന്ന് തൃഷ അടുത്തിടെ പറഞ്ഞിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. തൃഷയുടെ മാതാപിതാക്കൾ ഇതുവരെ വിവാഹവാർത്തയിൽ പ്രതികരിച്ചിട്ടില്ല.
2015ൽ സംരംഭകനായ വരുൺ മണിയുമായി തൃഷയുടെ വിവാഹനിശ്ചയം നടന്നിരുന്നുവെങ്കിലും വിവാഹത്തിലെത്തിയില്ല. വിവാഹ ശേഷവും അഭിനയം തുടരാനുള്ള തൃഷയുടെ ആഗ്രഹത്തെ വരുൺ എതിർത്തിരുന്നു. ഇതാണ് ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾക്ക് കാരണമെന്നാണ് അന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്.
അതേസമയം, വിജയ്‌യും തൃഷയും ധാരാളം ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഗില്ലി എന്ന സിനിമയ്‌ക്ക് ശേഷമാണ് ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ വരാൻ തുടങ്ങിയത്. കുരുവി എന്ന ചിത്രത്തിന് ശേഷം തൃഷയുമായി അകലം പാലിക്കാൻ വിജയുടെ കുടുംബം അദ്ദേഹത്തോട് ആവശ്യപ്പെട്ടതായി പോലും അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ, പിന്നീട് രണ്ട് താരങ്ങളും ഈ വാർത്ത നിഷേധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |