തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ മതം തിരിച്ചുള്ള കണക്കുകൾ തേടി ബി.ജെ.പി എം.എൽ.എ ഒ.രാജഗോപാൽ. നിയമസഭയിൽ നവംബർ ഏഴിനാണ് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിനോട് രാജഗോപാൽ ഈ ചോദ്യം ഉന്നയിച്ചത്. 'സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്വകാര്യ മേഖലയിൽ എത്ര സ്ഥാപനങ്ങളുണ്ട്. ഇങ്ങനെയുള്ള സ്വകാര്യ വിദ്യാഭ്യാസ മേഖലാ സ്ഥാപനങ്ങളിൽ ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങളിൽ പെട്ട മാനേജ്മെന്റുകൾ നടത്തുന്ന സ്ഥാപനങ്ങൾ എത്ര? കേരളത്തിലുള്ള എയ്‌ഡഡ് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം മതവിഭാഗങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾ എത്രയാണ്?'. ഇങ്ങനെയായിരുന്നു വിദ്യാഭ്യാസ മന്ത്രിയോടുള്ള ഒ.രാജഗോപാലിന്റെ ചോദ്യം.
സമാനമായ രീതിയിൽ നവംബർ 11ന്, ബി.പി.എൽ ഗുണഭോക്താക്കളുടെ മതം തിരിച്ചുള്ള കണക്കും ഒ.രാജഗോപാൽ ആവശ്യപ്പെട്ടു. ഭക്ഷണ, പൊതുവിതരണ വകുപ് മന്ത്രി പി. തിലോത്തമനോടായിരുന്നു ഒ.രാജഗോപാലിന്റെ ഈ ചോദ്യം. ബി.പി.എൽ പട്ടികയിൽ ഉൾപ്പെടുന്നതിനുള്ള മാനദണ്ഡം എന്തെന്നും സംസ്ഥാനത്തുള്ള എത്ര കുടുംബങ്ങൾ ബി.പി.എൽ പട്ടികയിൽ ഉണ്ടെന്നും ഇതിൽ ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം കുടുംബങ്ങളുടെ ശതമാനം എത്ര വീതം ഉണ്ടെന്നുമായിരുന്നു ബി.ജെ.പി എം.എൽ.എയുടെ ചോദ്യം. ഈ ചോദ്യത്തിന് സെപ്തംബർ 29 വരെ 3,96, 071 കുടുംബങ്ങളെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മതം അടിസ്ഥാനമാക്കിയുള്ള കണക്ക് സർക്കാർ ശേഖരിച്ചിട്ടില്ലെന്നുമാണ് മന്ത്രി പി.തിലോത്തമൻ നൽകിയ മറുപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |