സോഷ്യൽ മീഡിയയിൽ സജീവമായ വ്യക്തിയാണ് നടൻ അജു വർഗീസ്. സ്വയം ട്രോളിയും, ആരാധകരുമായി സംവദിച്ചുമൊക്കെ അദ്ദേഹം സോഷ്യൽ മീഡിയയിലും താരമായിരിക്കുകയാണ്. തന്റെ പോസ്റ്റിന് ആരാധകർ ഇടുന്ന കമന്റുകളൊക്കെ താരം ശ്രദ്ധിക്കാറുമുണ്ട്. അത്തരത്തിലൊരു കമന്റ് ഒരു യുവാവിന്റെ ജീവിതം തന്നെ മാറ്റിമറിച്ചിരിക്കുകയാണ്.
അജു വർഗീസ് ആദ്യമായി തിരക്കഥ എഴുതുകയും, പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്യുന്ന സാജൻ ബേക്കറി സിൻസ് 1962 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്ന വിവരം അറിയിച്ചു കൊണ്ട് താരം ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇതിന് താഴെ ട്രോളിലൂടെ ചാൻസ് ചോദിച്ച് ഒരു ആരാധകൻ രംഗത്തെത്തിയിരുന്നു.
കരുനാഗപ്പള്ളി സ്വദേശി ദേവലാൽ വിനീഷാണ് ജഗതി ശ്രീകുമാറിന്റെ ചിത്രത്തിൽ കുറച്ച് മിനുക്കുപണികൾ നടത്തി ട്രോളാക്കി ഒരു റോൾ തരുമോ അജുവർഗീസ് ഏട്ടാ എന്ന് ചോദിച്ചുകൊണ്ടുള്ള അപേക്ഷ പോസ്റ്റ് ചെയ്തത്. രസകരമായ അപേക്ഷ കണ്ട അജു വർഗീസ് ആരാധകന് പുതിയ സിനിമയിൽ അവസരം നൽകിയിരിക്കുകയാണ്.
അജു വർഗീസും അരുൺ ചന്തുവും ചേർന്നാണ് സിനിമയുടെ തിരക്കഥയൊരുക്കിയത്. ചിത്രം സംവിധാനം ചെയ്യുന്നത് അരുൺ ചന്തുവാണ്. റാന്നിയിൽ ചിത്രീകരണം നടക്കുന്ന സിനിമയിൽ പുതുമുഖം രഞ്ജിത മേനോനാണ് നായികയായെത്തുന്നത്. ഫന്റാസ്റ്റിക് ഫിലിംസിന്റെയും എം സ്റ്റാർ ലിറ്റിൽ കമ്യൂണിക്കേഷന്റെയും ബാനറിൽ ധ്യാന്‍ ശ്രീനിവാസനും വിശാഖ് സുബ്രമണ്യവും ചേർന്നാണ് സാജൻ ബേക്കറി സിൻസ് 1962 നിർമ്മിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |