തിരുവനന്തപുരം : ജാപ്പനീസ് സംവിധായകൻ ഷോ മിയാക്കെയുടെ ' ടു സീസൺസ് ടു സ്ട്രേഞ്ചേഴ്‌സ് ' 30ാമത് ഐ.എഫ്.എഫ്.കെയിൽ സുവർണ ചകോരം പുരസ്കാരം നേടി. ഐ.എഫ്.എഫ്.കെയുടെ സമാപനചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം സമ്മാനിച്ചു. മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്കാരം ചോലനായ്ക്കരുടെ അതിജീവന കഥ പറഞ്ഞ മലയാള ചിത്രം തന്തപ്പേര് നേടി. ഉണ്ണിക്കൃഷ്ണൻ ആവള സംവിധാനം ചെയ്ത ചിത്രം അന്താരാഷ്ട്ര മത്സരവിഭാഗത്തിലാണ് പ്രദർശിപ്പിച്ചത്. മന്ത്രി സജി ചെറിയാൻ പുരസ്കാരം സമ്മാനിച്ചു. മികച്ച സംവിധായകനുള്ള രജത ചകോരം പുരസ്കാരം അർജന്റീനിയൻ ചിത്രം ബിഫോർ ദ ബോഡിയുടെ സംവിധായകരായ കരീന പിയാസയ്ക്കും ലൂസിയ ബ്രാസെലിസിനും ലഭിച്ചു. നാലു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.
മികച്ച സിനിമയ്ക്കുള്ള ഫിപ്രസി പുരസ്കാരം സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്ത ഖിഡ്കി ഗാവ് നേടി. മലയാളത്തിലെ മികച്ച നവാഗത സംവിധായകനായി ചിത്രം എന്ന സിനിമയുടെ സംവിധായകൻ ഫാസിൽ റസാക്കിനെ തിരഞ്ഞെടുത്തു.
പതിനാല് സിനിമകളാണ് ഇത്തവണയും അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ സുവർണ്ണചകോരത്തിനായി മാറ്റുരച്ചത്. ഇറാനിയൻ സംവിധായകൻ മുഹമ്മദ് റസലൂഫ് അദ്ധ്യക്ഷനായ അന്താരാഷ്ട്ര ജൂറിയാണ് പുരസ്‌കാരങ്ങൾ നിശ്ചയിച്ചത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |