കോട്ടയം: പ്രളയക്കെടുതിയിൽ വീട് തകരുന്നതുകണ്ട് കുഴഞ്ഞുവീണ ഗ്രേസി സർക്കാരിന്റെ കനിവിന് കാത്തുനില്ക്കാതെ യാത്രയായി. പ്ലാസ്റ്റിക് ടാർപ്പോളിൻ വലിച്ചുകെട്ടിയ വീട്ടിൽ കഴിഞ്ഞിരുന്ന ഗ്രേസി കടുത്ത തണുപ്പിനെ പ്രതിരോധിക്കാൻ ശക്തിയില്ലാതെ മരിക്കുകയായിരുന്നു.
രാജകുമാരി പൂപ്പാറ തോണ്ടിമല പുത്തൻപുരയ്ക്കൽ വിജയന്റെ ഭാര്യയാണ് ഗ്രേസി. കഴിഞ്ഞ മേയ് 19ന് വെളുപ്പിന് 1.30ഓടെയാണ് ഉഗ്രശബ്ദത്തോടെയുള്ള ഉരുൾപൊട്ടലിൽ ഗ്രേസിയുടെ വീട് തകർന്നത്. അതുകണ്ട് ബോധമറ്റു വീണ ഗ്രേസി, തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ 18 ദിവസത്തെ ചികിത്സയ്ക്കുശേഷം നാട്ടിലെത്തി. തിരികയെത്തിയ ഗ്രേസിക്ക് അന്തിയുറങ്ങാൻ ഇടമുണ്ടായില്ല. തുടർന്ന്, നാട്ടുകാരാണ് പ്ലാസ്റ്റിക് പടുത വലിച്ചുകെട്ടി താത്ക്കാലിക ഷെഡ് നിർമ്മിച്ചു നല്കിയത്. കഴിഞ്ഞദിവസം രോഗം കലശലായതിനെ തുടർന്ന് നെടുങ്കണ്ടം ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ മരിച്ചു.
വീട് നിർമ്മിക്കാൻ സഹായത്തിനായി ഭർത്താവ് വിജയൻ സർക്കാരിന്റെ വിവിധ വിഭാഗങ്ങൾ കയറിയിറങ്ങിയെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ല. അടിസ്ഥാന സഹായമായി പ്രഖ്യാപിച്ച 10,000 രൂപപോലും ലഭിച്ചില്ല. ദേശീയപാത വിഭാഗം വീട് നിർമ്മിച്ചു നല്കാമെന്ന് പറഞ്ഞെങ്കിലും അതുംനടന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |