തെന്നിന്ത്യൻ താരം നമിത ബി.ജെ.പിയിൽ ചേർന്നത് ദേശീയ തലത്തിൽ വലിയ വാർത്തയായിരുന്നു. കഴിഞ്ഞ ദിവസം ബി.ജെ.പി വർക്കിംഗ് പ്രസിഡന്റ് ജെ.പി നഡ്ഡയുടെ സാന്നിദ്ധ്യത്തിലാണ് താരം ബി.ജെ.പിയിൽ അംഗത്വം സ്വീകരിച്ചത്. ഇതിന് പിന്നാലെ മലയാളത്തിന്റെ പ്രിയതാരം നമിത പ്രമോദിന് ആശംസളും വിമർശനങ്ങളുമായി ചിലർ രംഗത്തെത്തി. താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റ് ബോക്സിലാണ് പരിഹാസവുമായി എത്തിയത്. ചിലർ സത്യാവസ്ഥ അറിയാതെയാണ് എത്തിയതെങ്കിൽ മറ്റുള്ളവർ ട്രോളിക്കൊണ്ടാണ് രംഗത്തെത്തിയത്.
നമിതയെ കാത്ത് ഗവർണർ സ്ഥാനമുണ്ടെന്നും, നല്ല തീരുമാനമെന്നും ചിലർ പറയുന്നു. 'ധ്വജപ്രണാമം വീരകേസരി നമിതേച്ചി മോദിജിയുടെ കരങ്ങൾക്ക് ശക്തിപകരാൻ ഭാരതീയജനതാപാർട്ടിയിൽ ചേർന്ന തെന്നിന്ത്യയുടെ പ്രിയപുത്രിക്ക് എല്ലാവിധ ആശംസകളും'.- ഒരാൾ കുറിച്ചു. എന്നാൽ ഇനി നമിതയുടെ സിനിമ കാണില്ലെന്നും വ്യക്തമാക്കി ചിലർ രംഗത്തെത്തിയിട്ടുണ്ട്. ഭർത്താവ് വീരേന്ദ്ര ചൗധരിക്കൊപ്പമായിരുന്നു തമിഴ് നടി നമിത ബി.ജെ.പിയിൽ ചേർന്നത്. 2016 ൽ എ.ഐ.ഡി.എം.കെ.യിൽ നമിത അംഗത്വം എടുത്തിരുന്നു. തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ സാന്നിധ്യത്തിലായിരുന്നു അന്ന് താരം എ.ഐ.ഡി.എം.കെ.യിൽ ചേർന്നത്. നമിത ഇപ്പോൾ സിനിമയിൽ സജീവമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |