അധോലോകത്തിന്റെ പര്യായമായി ഉപയോഗിക്കുന്ന വാക്കായ ദാവൂദ് ഇപ്പോഴും ജീവനോടെയുണ്ടോ ? ഈ ചോദ്യത്തിന് മറുപടി നൽകുവാനായി ദാവൂദിന്റെ അടുത്തകാലത്തൊന്നുമുള്ള ഒരു ശബ്ദരേഖ പോലും നമ്മുടെ രാജ്യത്തെ സുരക്ഷ ഉദ്യോഗസ്ഥരുടെ കൈകളിലില്ല. മുംബയ് അധോലോകത്തിലെ പൊലീസുമായും, മാഫിയകളുമായുള്ള ഏറ്റുമുട്ടലുകളിലൂടെയും കുപ്രസിദ്ധമായ ഡി കമ്പനിയുടെ ഡോണായി വിലസിയ ദാവൂദ് ഇബ്രാഹിമിന് കള്ളക്കടത്തിനൊപ്പം തീവ്രവാദികളുമായി പ്രത്യേകിച്ച് പാക് ചാരസംഘടനയുടെ കൈയിലെ പാവയായി തീർന്നതോടെയാണ് കളം മാറേണ്ടി വന്നത് . അധികാരികളുടെയുൾപ്പടെയുള്ളവരുടെ പിന്തുണയോടെ അധോലോകം കെട്ടിപ്പടുത്ത ദാവൂദിന് പക്ഷേ മുംബയിൽ രക്തപ്പുഴയൊഴുക്കിയ 1993 ലെ സ്‌ഫോടനത്തിന് ശേഷം രാജ്യം വിടേണ്ടി വന്നു. എന്നാൽ പാക് അധികാരികളുടെ സംരക്ഷണയിൽ കഴിയുമ്പോഴും ഒരൊറ്റ ഫോൺകാളിൽ മുംബയുടെ തെരുവിൽ അശാന്തി നിറയ്ക്കുവാനും, ബിസിനസ് നടത്തുവാനുമുള്ള പ്രാപ്തിയും, ആൾബലവും ദാവൂദിന് സ്വന്തമായുണ്ടായിരുന്നു എന്നതാണ് അത്ഭുതമുണ്ടാക്കുന്നത്.
പാകിസ്ഥാനുമായുള്ള ചർച്ചകളിൽ ഇന്ത്യ എപ്പോഴും കൈമാറാൻ ആവശ്യപ്പെടുന്നവരുടെ കൂട്ടത്തിൽ ഒന്നാം സ്ഥാനം മറ്റാർക്കും ദാവൂദ് വിട്ടുകൊടുത്തിരുന്നില്ല . ഇന്ത്യയുടെ ആവശ്യത്തെ കൈമലർത്തി അങ്ങനെയൊരാൾ തങ്ങളുടെ നാട്ടിലില്ല എന്ന മറുപടിയാണ് പാകിസ്ഥാൻ തുടർന്ന് പോയിരുന്നത്. അതേ സമയം ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം കൃത്യമായി ദാവൂദ് പാകിസ്ഥാനിൽ താമസിക്കുന്ന ഇടം സഹിതമുള്ള വിവരങ്ങൾ കൈമാറിക്കൊണ്ടിരുന്നു. ദാവൂദ് ഉപയോഗിക്കുന്ന ഫോൺ നമ്പരടക്കമുള്ള വിവരങ്ങളും ശേഖരിച്ചിരുന്നു. ഇത്തരത്തിൽ ലഭിച്ച നമ്പരിൽ നിന്നുമുള്ള ദാവൂദിന്റെ സംഭാഷണമാണ് പൊലീസ് മൂന്ന് വർഷങ്ങൾക്ക് മുൻപ് കൃത്യമായി പറഞ്ഞാൽ 2016 നവംബറിൽ ചോർത്തിയെടുത്തത്. ഈ സംഭാഷണത്തിനുള്ള പ്രത്യേകതയെന്തെന്നാൽ ഇതിനു ശേഷം ദാവൂദിന്റെതായി ഒരു സംഭാഷണം ഇന്ത്യയിലെ ഒരു അന്വേഷണ ഏജൻസിക്കും ടാപ്പ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. അന്വേഷിക്കാൻ തക്ക വിവരങ്ങളൊന്നും ദാവൂദിന്റെ ആ സംഭാഷണത്തിലുണ്ടായിരുന്നില്ല. മദ്യലഹരിയിലാണ് നാക്കു കുഴഞ്ഞ അവസ്ഥയിൽ ദാവൂദ് സംസാരിച്ചിരുന്നതെന്നാണ് പുറത്തുവന്ന വിവരം. എന്നാൽ അസുഖ ബാധിതനായ അവസ്ഥയിലെ സംഭാഷണമാണ് അതെന്നും വാദങ്ങളുണ്ടായിരുന്നു.
പല്ലുകൊഴിയുന്ന സിംഹത്തെ പാകിസ്ഥാൻ കൈവിടുന്നു എന്ന റിപ്പോർട്ടുകളും പ്രചരിച്ചിരുന്നു. സെപ്തംബർ ഭീകരാക്രമണത്തിന് ശേഷം തീവ്രവാദത്തിനെതിരെ കടുത്ത നടപടികളുമായി മുന്നോട്ടു പോകുന്ന അമേരിക്ക 2003ൽ ദാവൂദിനെ ആഗോള തീവ്രവാദിയായി മുദ്രകുത്തിയിരുന്നു. അഫ്ഗാനിസ്ഥാനിലെ തീവ്രവാദ ഗ്രൂപ്പുകളുമായി ദാവൂദിനുള്ള ബന്ധമാണ് അമേരിക്കയെ ആഗോള തീവ്രവാദിയാക്കി മുദ്ര കുത്താൻ പ്രേരിപ്പിച്ച ഘടകം. ഇതോടെ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ ആവശ്യങ്ങൾക്ക് കരുത്തുകൂടി. ഇതും ദാവൂദിനെ നിശബ്ദനാക്കാൻ പാകിസ്ഥാനെ പ്രേരിപ്പിക്കുന്ന ഘടകമാണ്. എന്നാൽ ദാവൂദ് ഇപ്പോഴും പാകിസ്ഥാനിലെ കറാച്ചിയിൽ കഴിയുന്നതായിട്ടാണ് സുരക്ഷ ഏജൻസികൾ നൽകുന്ന വിവരം. ഹൃദ്രോഗമടക്കമുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങളുടെ പിടിയിലാണ് ഒരുകാലത്ത് മുംബയ് അടക്കിവാണ ഡോണെന്നും റിപ്പോർട്ടുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |