
മലയാളികൾക്ക് ഏറെ സുപരിചിതയാണ് ബിഗ് ബോസ് താരവും അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യയുമായ രേണു സുധി. തന്റെ വിശേഷങ്ങളെല്ലാം അവർ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. അതുപോലെ തന്നെ മലയാളികൾക്ക് പരിചിതമാണ് സുധിയുടെ മകൻ കിച്ചു (രാഹുൽദാസ്).
കൊല്ലം സുധിക്കു വേണ്ടി കേരള ഹോം ഡിസൈൻ ഗ്രൂപ്പ് പണിതു നൽകിയ വീടുമായി ബന്ധപ്പെട്ട വിവാദങ്ങൾ അടുത്തിടെ ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് കിച്ചു നടത്തിയ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മുമ്പ് ഇതേ വീടിന് ചോർച്ചയുണ്ടെന്നും നിർമ്മിച്ചു നൽകിയവർ തിരിഞ്ഞുനോക്കുന്നില്ലെന്നും ആരോപിച്ച് സുധിയുടെ ഭാര്യ രേണു രംഗത്തെത്തിയിരുന്നു.
ഈ ആരോപണം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവച്ച സാഹചര്യത്തിലാണ് കിച്ചുവിന്റെ വിശദീകരണം. തന്റെ യൂട്യൂബ് ചാനലിലൂടെ ഫോളോവേഴ്സുമായി സംസാരിക്കുന്നതിനിടെയാണ് വിവാദങ്ങളെക്കുറിച്ച് കിച്ചു പ്രതികരിച്ചത്.
' ഇതുവരെ വീടു വച്ചു തന്നവർക്കെതിരെയോ ഫിറോസിക്കയ്‌ക്കെതിരെയോ ഞാനൊന്നും പറഞ്ഞിട്ടില്ല. എന്റെ പേരിലാണ് ആ വീട് തന്നിരിക്കുന്നത്. ഫിറോസിക്കയെ ഇടയ്ക്ക് വിളിക്കാറുണ്ട്. ഞാനുമായി പ്രശ്നങ്ങളൊന്നുമില്ല . അങ്ങനെയൊരു വീട് തന്നതിൽ സന്തോഷമേ ഉള്ളൂ. ആ വീടിനെ ഞാനിതുവരെ കുറ്റം പറഞ്ഞിട്ടില്ല. ഇനി എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ നമ്മളാണ് തീർക്കേണ്ടത് അവരുടെ ഉത്തരവാദിത്തമല്ല. അങ്ങനെയൊരു വീട് തന്നത് തന്നെ അവരുടെ വലിയ മനസുകൊണ്ടാണ്. ഞാനൊരിക്കലും അവരെ തള്ളിപ്പറയില്ല. പിന്നീട് അത് മുന്നോട്ടു കൊണ്ടുപോകേണ്ടത് നമ്മുടെ കടമയാണ്. എനിക്കു കംഫർട്ട് ആയി നിൽക്കാൻ പറ്റുന്നത് ഇപ്പോൾ കൊല്ലത്താണ്. പഠിത്തമൊക്കെ ഇപ്പോൾ കൊല്ലത്താണ് അതുകൊണ്ടാണ് ഇവിടെ നിൽക്കുന്നത്.'കിച്ചു പറഞ്ഞു.
അതേസമയം, കിച്ചുവിന്റെ പ്രതികരണം പുറത്തുവന്നതിന് പിന്നാലെ നന്ദി അറിയിച്ച് കേരള ഹോം ഡിസൈൻ ഗ്രൂപ്പ് സ്ഥാപകൻ ഫിറോസ് രംഗത്തെത്തി. കിച്ചുവിന്റേത് പക്വമായ പ്രതികരണമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. 'പക്വമായ പ്രതികരണം. അവസാനം യഥാർത്ഥ അവകാശി പ്രതികരിച്ചിട്ടുണ്ട്. കിച്ചു, നീ എന്ന് ആ വീട്ടിൽ താമസിക്കാൻ തുടങ്ങുന്നുവോ, അന്ന് ആ വീടിന്റെ എല്ലാ മെയിന്റനൻസും എന്റെ സ്വന്തം കൈയ്യിലെ കാശെടുത്ത് ചെയ്തുതരും.' ഫിറോസ് കുറിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |