ക്രമക്കേട് തടയാൻ എല്ലാ കേന്ദ്രങ്ങളിലും കാമറാ നിരീക്ഷണം, പൊലീസ് സംരക്ഷണം
തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷ നടത്തുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. പരീക്ഷയ്ക്ക് 2,200 കേന്ദ്രങ്ങൾ വേണ്ടി വരുമെന്നാണ് പി.എസ്.സി കണക്കാക്കിയിട്ടുള്ളത്. 25,000 ഇൻവിജിലേറ്റർമാർ ആവശ്യമാണ്. ഇൻവിജിലേറ്റർമാരായി പരമാവധി അദ്ധ്യാപകരെ തന്നെ ലഭ്യമാക്കാനും പരീക്ഷാ കേന്ദ്രമായി വിദ്യാലയങ്ങൾ വിട്ടു നൽകാനും സർക്കാർ നടപടി സ്വീകരിക്കും. പരീക്ഷാ ക്രമക്കേട് തടയുന്നതിന് മുഴുവൻ പരീക്ഷാ കേന്ദ്രങ്ങളിലും നിരീക്ഷണ കാമറ സ്ഥാപിക്കാനും ഉദ്ദേശമുണ്ട്. പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് പൊലീസ് ഉദ്യോഗസ്ഥരെ ഓരോ കേന്ദ്രത്തിലും നിയോഗിക്കും. കെ.എ.എസിന്റെ പ്രിലിമിനറി പരീക്ഷ ഫെബ്രുവരി 22 നാണ്. 5.76 ലക്ഷം പേർ അപേക്ഷിച്ചതിൽ അഞ്ച് ലക്ഷം പേർ പരീക്ഷ എഴുതുമെന്നാണ് കരുതുന്നത്. യോഗത്തിൽ ചീഫ് സെക്രട്ടറി ടോം ജോസ്, ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഉഷാടൈറ്റസ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജനറൽ ജീവൻ ബാബു, പി.എസ്.സി സെക്രട്ടറി സാജു ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |