ചെറിയ ചെറിയ വേഷങ്ങളിലൂടെയായിരുന്നു അഞ്ജു കുര്യന്റെ സിനിമാപ്രവേശം.ഇപ്പോഴിതാ ദിലീപിന്റെ നായികയായി ജാക്ക് ഡാനിയേലിലും തിളങ്ങി.
നേരം തെളിഞ്ഞു
ചെന്നൈ ഹിന്ദുസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക് നോളജി ആൻഡ് സയൻസിൽ ഡിഗ്രി ചെയ്യുമ്പോൾ നിവിൻ പോളിയുടെ നേരത്തിൽ തല കാണിച്ചു. അതു നല്ല നേരത്തിന്റെ തുടക്കമായി. എന്റെ ഫ്രണ്ട്സ് സർക്കിളിൽപ്പെട്ടവരുടെ സെറ്റായിരുന്നു നേരം.അൽഫോൻസ് ചേട്ടനും ജൂഡ് ചേട്ടനും എന്റെ സുഹൃത്തുക്കളാണ്. കാമറയ്ക്കു മുന്നിൽ കേറി നിൽക്കാൻ അൽഫോൻസ് ചേട്ടൻ പറഞ്ഞു. ഡയലോഗ് തരല്ലേയെന്നു ഞാനും. നേരത്തിൽ നിവിൻ പോളിയുടെ സഹോദരിയുടെ വേഷമായിരുന്നു. നേരം ചെയ്തതോടെ സിനിമയെ അറിഞ്ഞു തുടങ്ങി. ജൂഡ് ചേട്ടന്റെ ഒാം ശാന്തി ഒാശാനയുടെ ലൊക്കേഷനിലും പോയി തലകാണിച്ചു. അങ്ങനെ വിനീത് ശ്രീനിവാസന്റെ നായികയായി. ഡയലോഗ് തരല്ലേയെന്നു വീണ്ടും ഞാൻ പറഞ്ഞു. അൽഫോൻസ് ചേട്ടന്റെ പ്രേമത്തിൽ അഞ്ജുവായി. പിന്നെ രണ്ടു പെൺകുട്ടികൾ.
നായികയായി
ഡിഗ്രി ഫൈനൽ ഇയർ കഴിഞ്ഞു 'കവി ഉദ്ദേശിച്ചത് "എന്ന ചിത്രത്തിൽ ആസിഫ് അലിയുടെ നായികയായി. ഇഷ്ടം പോലെ ഡയലോഗ്. ശേഷം 'ഞാൻ പ്രകാശൻ". ഞാൻ പ്രകാശൻ വലിയ ബ്രേക്ക് തന്നു. അതു കഴിഞ്ഞാണ് ജാക്ക് ഡാനിയേൽ എത്തുന്നത്. എനിക്ക് 40 ദിവസത്തെ ഷൂട്ട് ഉണ്ടായിരുന്നു. ദിലീപേട്ടൻ, അർജുൻ സാർ... അങ്ങനെ വലിയ താരനിര. ഒരുപാട് സീനിയർ ആർട്ടിസ്റ്റുകൾക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞു. ദിലീപേട്ടൻ നന്നായി സഹായിച്ചു. എന്റെ ഷോട്ടിൽ പോരായ്മ ഉണ്ടെങ്കിൽ അപ്പോൾ തന്നെ പറഞ്ഞു തരും. ചിലപ്പോൾ ആ ഷോട്ടിൽ ദിലീപേട്ടൻ ഉണ്ടാവില്ല.
അന്യഭാഷകളിലും
ഞാനുമായി സാദൃശ്യമുള്ള കഥാപാത്രം ഒരു സിനിമയിലും വന്നിട്ടില്ല. നല്ല സിനിമയുടെ ഭാഗമാവാനാണ് ആഗ്രഹം. നല്ല ക്രൂവിൽ നിന്ന് ലഭിക്കുന്ന എക്സ്പീരിയൻസ് വിലമതിക്കാനാവാത്തതും മുന്നോട്ടുള്ള യാത്രയ്ക്ക് സഹായകരമാവുന്നതുമാണ്. നായികയായി മാത്രമേ അഭിനയിക്കൂ എന്നില്ല. നല്ല കഥാപാത്രത്തെ അവതരിപ്പിക്കാനാണ് ആഗ്രഹവും താത്പര്യവും. സിനിമ കണ്ടു കണ്ടാണ് ഇഷ്ടം തോന്നുന്നത്. മലയാളത്തിൽ നിന്ന് നല്ല പ്രോജക്ടുകൾ വരുന്നുണ്ട്. തമിഴിൽ ചെന്നൈ ടു സിംഗപ്പൂർ, ജൂലയ് കാട്രിൽ എന്നീ സിനിമകളിൽ നായികയായി. തെലുങ്കിൽ ഇദം ജഗദ്. രണ്ടു ഭാഷയിൽ നിന്നും പുതിയ ഒാഫറുകളുണ്ട്. വൈകാതെ കന്നടയിലും അഭിനയിക്കും.
സ്വപ്നം കണ്ട ലോകം
ക്രിയേറ്റിവിറ്റി ഫീൽഡിൽ എത്തണമെന്നത് ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു. ഫാഷൻ ഡിസൈനിംഗ്, ജമ്മോളജി, ആർക്കിടെക്ചർ ഇതെല്ലാം തലയിൽ റൊട്ടേറ്റ് ചെയ്യാൻ തുടങ്ങി. മെഡിക്കൽ, എൻജിനിയറിംഗ് രംഗത്ത് വരില്ലെന്ന് ഉറപ്പായിരുന്നു. ആർക്കിടെക്ചറാണ് ഒടുവിൽ തിരഞ്ഞെടുത്തത്. ഹിന്ദുസ്ഥാൻ കോളേജിൽ നിന്ന് ആർക്കിടെക്ചറിലാണ് ബിരുദം നേടിയത്. സ്കൂളിൽ പെയ്ന്റിംഗ് മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്. കോളേജിൽ പഠിക്കുമ്പോഴും വിട്ടില്ല. എന്റെ വീടിന്റെ മുഖച്ഛായ തന്നെ ഞാൻ മാറ്റിയിട്ടുണ്ട്. ഒരു അവധിക്കാല പരിപാടിയായിരുന്നു അത്. കലാപരമായി ബന്ധപ്പെട്ട പഠനം ഉണ്ടെങ്കിലേ ജീവിതം കളർഫുള്ളാവൂ. ഇതെല്ലാം ചേർന്നാൽ മാത്രമേ എനിക്ക് പഠിക്കാൻ കഴിയൂ. സ്കൂളിലും കോളേജിലും ഞാൻ ഇങ്ങനെയായിരുന്നു. രണ്ടു വർഷം ആർക്കിടെക്ചർ ഫീൽഡിൽ ജോലി ചെയ്തു. സിനിമ കൂടി വന്നപ്പോൾ തത് കാലം ബ്രേക്കെടുത്തു. ആ മേഖലയിലെ ചെറുമാറ്റം പോലും വീക്ഷിക്കാറുണ്ട്. ചെയ്യുന്ന ജോലി മനസിന് സംതൃപ്തി നൽകണം. അതു ലഭിക്കുന്നുണ്ട്. ആർക്കിടെക്ചർ ഫീൽഡിൽ പല കാര്യങ്ങളും എനിക്ക് ചെയ്യാൻ കഴിയുമെന്ന് വിശ്വാസമുണ്ട്.
മോഡലിംഗ് വഴി
പോക്കറ്റ് മണിയുടെ ഭാഗമായിട്ടാണ് മോഡലിംഗിനെ ആദ്യം കണ്ടത് .പിന്നെ അത് പാഷനായി. എട്ടു വർഷമായി മോഡലിംഗ് രംഗത്തുണ്ട്. ഡിഗ്രി ഫൈനൽ ഇയർ മുതൽ പരസ്യചിത്രങ്ങൾ ചെയ്യുന്നുണ്ട്. കോട്ടയമാണ് നാട്. എക്സ്പെൽസയ്ർ സ്കൂളിൽ പഠിക്കുമ്പോൾത്തന്നെ മോഡലിംഗ് ചെയ്യുന്നുണ്ട്. തമാശയ്ക്ക് തുടങ്ങിയതാണ്. ഫ്രണ്ടിന്റെ ബുട്ടിക്കിനുവേണ്ടി ചെയ്ത മോഡലിംഗ് ഫോട്ടോസ് കണ്ടിട്ടാണ് സിനിമയിൽ നിന്ന് ഒാഫർ വരുന്നത്. ഒമ്പതുവർഷമായി ചെന്നൈയിലാണ് താമസം. ഇവിടെ മോഡലിംഗിന് നല്ല ഡിമാൻഡാണ്. ഞാൻ അധികവും സിൽക്ക് സാരിയുടെ മോഡലാണ്. സിനിമ, മോഡലിംഗ്, പരസ്യചിത്രങ്ങൾ എന്നീ മേഖലയിൽ ഒരേസമയം പ്രവർത്തിക്കാൻ കഴിയുന്നത് ഭാഗ്യമായി കരുതുന്നു. ഡിഗ്രി ഫൈനൽ ഇയറിനുശേഷമാണ് സിനിമ കൂടുതലായി തലയിൽ കയറിയത്. എല്ലാ മേഖലയും രസകരമാണ്. ഒാരോ രീതിയിലാണെന്ന് മാത്രം.
കല കൂടെയുണ്ട്
മൂന്നാം ക്ളാസ് മുതൽ നൃത്തം പഠിക്കുന്നുണ്ട്. അത്യാവശ്യം എല്ലാ കലയിലും കൈവച്ചു. നാടോടിനൃത്തം മുതൽ ഒപ്പന വരെ. സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്തിട്ടുണ്ട്. പാട്ടും ഡാൻസും കഴിഞ്ഞ ശേഷമേ ഉള്ളൂ പഠിത്തം. പഠിക്കേണ്ട സമയത്ത് ഉഴപ്പിയില്ല. കോളേജിൽ എത്തിയപ്പോൾ മോഡലിംഗ് ഒരു പാർട്ട് ടൈം ജോലി തന്നെയായി. ഫോട്ടോസ് കണ്ട് സിനിമയിൽനിന്ന് ഒാഫർ വന്നു. പഠിത്തം കഴിഞ്ഞു മതി സിനിമ എന്നു വീട്ടുകാർ കലിപ്പില്ലാതെ പറഞ്ഞു. ഞാൻ ഉദ്ദേശിച്ചതും അതു തന്നെയാണ്. ഡിഗ്രി കഴിഞ്ഞ ഉടൻ കവി ഉദ്ദേശിച്ചത് എന്ന ചിത്രത്തിലേക്ക് വിളി വന്നു. രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഞാൻ പ്രകാശൻ ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |