ലാഹോർ:ഭീകരർക്ക് ധനസഹായം നൽകിയെന്ന കേസിൽ മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരനും ഭീകരഗ്രൂപ്പായ ജമാത്തുദ് ദവയുടെ തലവനുമായ ഹാഫീസ് സയീദിനെതിരെ പാകിസ്ഥാൻ ഭീകരവിരുദ്ധ കോടതി കുറ്റം ചുമത്തി. അന്താരാഷ്‌ട്ര സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് പാകിസ്ഥാന്റെ നടപടി.
പഞ്ചാബ് പ്രവിശ്യയിലെ വിവിധ നഗരങ്ങളിലെ ഭീകരർക്ക് സയീദും കൂട്ടാളികളും ധനസഹായം എത്തിച്ച ഭീകരവിരുദ്ധ കോടതി ജഡ്‌ജി മാലിക് അർഷദ് ഭൂട്ടാ ചൂണ്ടിക്കാട്ടി.
ഭീകരർക്ക് പണം നൽകിയതുമായി ബന്ധപ്പെട്ട് ഹാഫീസ് സയീദിനും കൂട്ടാളികൾക്കും എതിരെ കഴിഞ്ഞ ജൂലായയിൽ 23 കേസുകളാണ് പാക് ഭീകരവിരുദ്ധ വകുപ്പ് രജിസ്റ്റർ ചെയ്‌തത്. അതിന് പിന്നാലെ അറസ്റ്റിലായ ഹാഫീസിനെ ജയിലിലടച്ചു.
ലാഹോർ, ഗുജ്‌റൻവാല, മുൾട്ടാൻ നഗരങ്ങളിലാണ് ഹാപീസിനെതിരെ കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. ഹാഫീസിന്റെ നിയന്ത്രണത്തിലുള്ള വിവിധ ട്രസ്റ്റുകൾ വഴിയാണ് ഭീകരർക്ക് ധനസഹായം നൽകുന്നത്. ലഷ്‌കറെ തയ്‌ബ, ജമാത്തുദ് ദവ എന്നീ ഭീകരഗ്രൂപ്പുകളുടെ ജീവകാരുണ്യ വിഭാഗമായ ഫാലാ - ഇ - ഇൻസാനിയത്ത് ഫൗണ്ടേഷൻ വഴിയും ഭീകരർക്ക് ഫണ്ട് എത്തിക്കുന്നതായി കണ്ടെത്തിയിരുന്നു.
2008ൽ മുംബയിൽ ഇരുനൂറോളം പേരെ കൂട്ടക്കൊല ചെയ്‌ത ഭീകരാക്രമണം നടത്തിയ ലഷ്‌കറെ തയ്‌ബ ഗ്രൂപ്പിന്റെ ഭാഗമാണ് ഹാഫീസ് സയീദ് നയിക്കുന്ന ജമാത്തുദ് ദവ.
ഭീകരർക്കുള്ള ധനസഹായം നിരീക്ഷിക്കുന്ന ആഗോള കൂട്ടായ്‌മയായ ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്‌ക് ഫോഴ്‌സ് പാകിസ്ഥാനെ കരിമ്പട്ടികയിൽപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കെയാണ് ഹാഫീസിനെതിരായ നടപടി. ഭീകര ഫണ്ടിംഗ് അവസാനിപ്പിക്കാനുള്ള മാനദണ്ഡങ്ങൾ പാലിക്കാൻ പാകിസ്ഥാന് അടുത്തവർഷം ഫെബ്രുവരിവരെയാണ് ടാസ്‌ക് ഫോഴ്സ് സമയം നൽകിയിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |