തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ഒളിവിലായിരുന്ന കസ്റ്റംസ് സൂപ്രണ്ട് രാധകൃഷ്ണൻ അറസ്റ്റിൽ. സി.ബി.ഐയാണ് രാധാകൃഷ്ണനെ പിടികൂടിയത്. കഴിഞ്ഞ ഒരു വർഷത്തിൽ അധികമായി രാധാകൃഷ്ണൻ ഒളിവിലായിരുന്ന ഇയാളെ പിടികൂടുന്നതിനായി സി.ബി.ഐയും റവന്യു ഇന്റലിജൻസും അടക്കമുള്ളവർ ശ്രമം നടത്തിയിരുന്നു. ഇയാളോട് ഹാജരാകണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ഇയാൾ കൊച്ചിയിലെ ഓഫീസിൽ ഹാജരാകാൻ എത്തിയപ്പോഴാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. കോഫെപോസ നിയമപ്രകാരം ഇയാളെ കരുതൽ തടങ്കലിൽ വയ്ക്കണമെന്ന് നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. നിരന്തരം സാമ്പത്തിക കുറ്റകൃത്യം ചെയ്യുന്നുവെന്ന് കണ്ടാണ് കോടതി ഇങ്ങനെയൊരു നിർദ്ദേശം നൽകിയത്.
കോടതി നിർദ്ദേശം അനുസരിച്ച് കരുതൽ തടങ്കലിൽ വയ്ക്കുന്നതിനായി ഇയാളെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റുകയാണ് സി.ബി.ഐ. അൽപ്പസമയത്തിനുള്ളിൽ ഇയാളെ സെൻട്രൽ ജയിലിലേക്ക് മാറ്റും എന്നാണ് അറിയാൻ കഴിയുന്നത്. വാഹനാപകടത്തിൽ മരണപ്പെട്ട സംഗീതജ്ഞൻ ബാലഭാസ്കറിന്റെ സുഹൃക്കളായ പ്രകാശൻ തമ്പി, വിഷ്ണു സോമസുന്ദരം, ജമീൽ ജബ്ബാർ എന്നിവർ ഉൾപ്പെട്ട കേസാണ് തിരുവനന്തപുരം സ്വർണക്കടത്ത് കേസ്. അഡ്വക്കേറ്റ് ബിഇജു മനോഹർ ആണ് കേസിലെ മുഖ്യ പ്രതിയും സൂത്രധാരനും. മേയ് പതിമൂന്നിന് 25 കിലോ സ്വർണം കടത്തിയതിന് സെറീന എന്ന സ്ത്രീ പിടിയിലായതോടെയാണ് വിമാനത്താവളം വഴി നടക്കുന്ന വൻ തോതിലുള്ള സ്വർണക്കടത്തിന്റെ വിവരങ്ങൾ പുറത്തുവരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |