കൊച്ചി: നിർമാണാനുമതി ലഭിച്ച കെട്ടിടം പണിയാനായി മണ്ണ് നീക്കാൻ പരിസ്ഥിതി അനുമതി നിബന്ധനയിൽ ഇളവ് ലഭിക്കുമെന്ന സിംഗിൾബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു. അപേക്ഷകൾ ബന്ധപ്പെട്ട കേന്ദ്ര വിജ്ഞാപന പ്രകാരം പരിഗണിക്കണമെന്ന ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ തള്ളിയാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. അപേക്ഷ നിരസിച്ച സർക്കാർ നടപടിക്കെതിരെ തൃശൂർ സ്വദേശികളായ ശിവരാമൻ, ഹരീഷ്‌കുമാർ എന്നിവർ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. കെട്ടിട നിർമ്മാണത്തിന് മണ്ണു മാറ്റാൻ പരിസ്ഥിതി സംരക്ഷണ നിയമവ്യവസ്ഥകളും മൈൻസ് ആൻഡ് മിനറൽസ് (ഡെവലപ്‌മെന്റ് ആൻഡ് റഗുലേഷൻ) നിയമവുമാണു ബാധകമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. 20,000 ചതുരശ്രമീറ്റർ വരെ വിസ്തീർണമുള്ള കെട്ടിടം നിർമ്മിക്കാൻ മുൻകൂർ പരിസ്ഥിതി അനുമതി ആവശ്യമില്ല. ഇളവ് ചട്ടപ്രകാരം വീടുകൾ നിർമ്മിക്കാനും 300 ചതുരശ്ര മീറ്റർ വരെ അടിത്തറ ചതുര മേഖലയുള്ള വാണിജ്യ കെട്ടിടത്തിനും ഖനന പെർമിറ്റ് ആവശ്യമില്ല. വിസ്തീർണം 20,000 ചതുരശ്ര മീറ്റർ മുതൽ 1.5 ലക്ഷം ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങൾക്ക് മുൻകൂർ പരിസ്ഥിതി അനുമതി വേണമെന്നാണു കേന്ദ്ര പട്ടികയിലുള്ളതെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |