ന്യൂഡൽഹി : ശബരിമല യുവതീ പ്രവേശന വിഷയത്തിൽ രാജ്യത്ത് അക്രമം നടക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഏഴംഗ ബെഞ്ചിന്റെ വിധി വരും വരെ യുവതികൾ ക്ഷമയോടെ കാത്തിരിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. നിലവിൽ യുവതികളുടെ ദർശനം സംബന്ധിച്ച് ഉത്തരവിടാനാവില്ലെന്നും വിശാല ബെഞ്ചിന്റെ വിധി വരെ പ്രശ്‌നത്തിൽ ഇടപെടില്ലെന്നും കോടതി പറഞ്ഞു.
ശബരിമല ദർശനത്തിന് പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് രഹ്‌ന ഫാത്തിമയും യുവതി പ്രവേശനവിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബിന്ദു അമ്മിണിയും നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ ജസ്റ്റിസ്‌മാരായ ബി.ആർ. ഗവായി, സൂര്യകാന്ത് എന്നിവർ ഉൾപ്പെട്ട മൂന്നംഗ ബഞ്ചിന്റെ ഉത്തരവ്.
യുവതികൾക്ക് ദർശനത്തിനുള്ള വിലക്ക് ഭരണഘടനാ ബെഞ്ച് നീക്കിയിട്ടുണ്ടെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടിയപ്പോൾ, നിയമം നിങ്ങൾക്ക് അനുകൂലമാണെങ്കിലും സ്ഥിതി വളരെ വൈകാരികമായതിനാൽ ഇപ്പോൾ കോടതി എന്തെങ്കിലും ഉത്തരവിട്ടാൽ അക്രമം പൊട്ടിപ്പുറപ്പെടാമെന്ന് ബെഞ്ച് പറഞ്ഞു. ഏത് കോടതിയും അംഗീകരിക്കുന്ന കാര്യമാണ് നിങ്ങൾ പറയുന്നത്.
എന്നാൽ ഇവിടെ ഞങ്ങളുടെ വിവേചനാധികാരം ഉപയോഗിക്കുകയാണ്. ഒരു ഉത്തരവും നൽകുന്നില്ല. രാജ്യത്തെ സ്ഥിതി സ്‌ഫോടനാത്മകവും അതീവ വൈകാരികവുമാണ്. അതുകൊണ്ടാണ് 2018ലെ വിധി ഈ കോടതി ഏഴംഗ ബെഞ്ചിന് വിട്ടത്. അതിന്റെ വിധി വരെ ക്ഷമ വേണം. - ചീഫ്ജസ്റ്റിസ് ബോബ്‌ഡെ ഹർജിക്കാരോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |