തിരുവനന്തപുരം: മണ്ഡലകാലത്ത് അന്യസംസ്ഥാനങ്ങളിൽ നിന്നുവന്ന അയ്യപ്പൻമാരെ മോട്ടോർ വാഹന വകുപ്പിലെ ചില ജീവനക്കാർ കൂട്ടത്തോടെ കൊള്ളയടിച്ചു! അയ്യപ്പൻമാരുടെ വാഹനങ്ങൾക്കുള്ള താത്കാലിക പെർമിറ്റിന്റെ പേരിലായിരുന്നു കൊള്ള. സംസ്ഥാനത്തെ നാല് പ്രധാന ആർ.ടി.ഒ ചെക്ക് പോസ്റ്റുകളിലും ഒരുപോലെ ഇതിന്റെ പേരിൽ കൈക്കൂലി വ്യാപകമായി വാങ്ങിയെന്നാണ് കണ്ടെത്തൽ. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പാലക്കാട്, അമരവിള, ആര്യങ്കാവ് ചെക്ക് പോസ്റ്റുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ അയ്യപ്പന്മാരിൽ നിന്ന് പിരിച്ച പണവും അത് സൂക്ഷിച്ച ആറ് ഏജന്റുമാരും പിടിയിലായി. ബന്ധപ്പെട്ട ആർ.ടി.ഒ മാർക്കെതിരെ നടപടി എടുക്കണമെന്ന് കാണിച്ച് വിജിലൻസ് യൂണിറ്റ് മേധാവികൾ ഡയറക്ടർ മുഖാന്തിരം സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു.
കൈക്കൂലിപ്പിരിവ്
ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങൾ സംസ്ഥാനത്ത് പ്രവേശിക്കുന്നതിന് മുമ്പ് താത്കാലിക പെർമിറ്റെടുക്കണം. വാഹനങ്ങളുടെ സീറ്റിംഗ് കപ്പാസിറ്റിയനുസരിച്ച് നിശ്ചിത തുക ഒടുക്കിവേണം ഒരാഴ്ചത്തേക്കുള്ള പെർമിറ്റെടുക്കാൻ. അതിർത്തികളിലെ മോട്ടോർവാഹന ചെക്ക് പോസ്റ്റുകളിൽ വാഹനത്തിന്റെ രേഖകൾ ഹാജരാക്കി സീറ്റിന്റെ എണ്ണത്തിനനുസൃതമായി ഫീസൊടു ക്കിയാലേ പെർമിറ്റ് ലഭിക്കൂ. കേരളവും തമിഴ്നാടും തമ്മിലുള്ള ധാരണപ്രകാരം വാഹനങ്ങൾക്ക് അവരവരുടെ സംസ്ഥാനങ്ങളിൽ വൺടൈം ഫീസൊടുക്കി പെർമിറ്റെടുക്കാം. എന്നാൽ, ആന്ധ്ര, കർണാടക, തെലങ്കാന, മഹാരാഷ്ട്ര, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക് കേരളത്തിലെ ചെക്ക് പോസ്റ്റുകളിലെത്തിയാലേ താത്കാലിക പെർമിറ്റെടുക്കാനാകൂ.
മിനിമം 350 രൂപയാണ് പെർമിറ്റ് ഫീസായി ഈടാക്കുന്നത്. 350 രൂപ നൽകുന്നതിനുപകരം വാഹനത്തിന്റെ രേഖകൾക്കൊപ്പം 100 രൂപ ചെക്ക് പോസ്റ്റുകളിൽ ഡ്യൂട്ടിയിലുള്ള ജീവനക്കാർക്ക് കൈമടക്കായി നൽകിയാൽ പെർമിറ്റൊന്നും കൂടാതെ അതിർത്തി കടക്കാം. കേരളത്തിലെ എട്ട് ജില്ലകളിലായുള്ള 17 ആർ.ടി.ഒ ചെക്ക് പോസ്റ്റുകൾ വഴിയാണ് അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള വാഹനങ്ങളെത്തുന്നത്. ശബരിമല തീർത്ഥാടകരുമായെത്തുന്ന വാഹനങ്ങൾ മറ്റ് നിയമ ലംഘനമൊന്നുമില്ലാത്ത സാഹചര്യത്തിൽ അതിർത്തി കടന്നാൽ സാധാരണ ആരും പരിശോധിക്കാറില്ല. ഇത് ലാക്കാക്കിയാണ് പെർമിറ്റ് നൽകാതെ കൈമടക്ക് വാങ്ങി അന്യസംസ്ഥാന അയ്യപ്പന്മാരുടെ വാഹനങ്ങളെ കൂട്ടത്തോടെ കടത്തിവിട്ടത്. ചെക്ക് പോസ്റ്റുകളിൽ ഇത്തരം നിയമവിരുദ്ധ പ്രവൃത്തി നടക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് വിഭാഗം നടത്തിയ മിന്നൽ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
അമരവിളയിൽ ചായക്കടക്കാരന്റെ തുണ്ട്
തിരുവനന്തപുരം അമരവിള ചെക്ക് പോസ്റ്റിൽ മിന്നൽ പരിശോധനയ്ക്കെത്തിയ വിജിലൻസ് ജീവനക്കാർ അയൽ സംസ്ഥാന വാഹനങ്ങളിൽ നിന്ന് കണ്ടെത്തിയത് താത്കാലിക പെർമിറ്റിനുപകരം ചായക്കടക്കാരൻ നൽകിയ തുണ്ട് കടലാസ്. അമരവിളയിൽ പെർമിറ്റെടുക്കാനെത്തുന്ന അയൽസംസ്ഥാന വാഹനങ്ങളെ ഇടനിലക്കാരായ ഏജന്റുമാരാണ് വലയിലാക്കുന്നത്. വാഹനത്തിന്റെ രേഖകൾ ചെക്ക് പോസ്റ്റിൽ ഹാജരാക്കും മുമ്പ് തൊട്ടടുത്ത ചായക്കടയിലെത്തി മോട്ടോർ വാഹന വകുപ്പ് ജീവനക്കാർക്കുള്ള പടി കൈമാറണം. പടി നൽകിയവർക്ക് ചായക്കടക്കാരൻ തീയതിയും കോഡും രേഖപ്പെടുത്തിയ തുണ്ട് കടലാസ് അടയാളമായി നൽകും. ഇതുമായി ചെക്ക് പോസ്റ്റിലെ കൗണ്ടറിലെത്തിയാൽ പെർമിറ്റില്ലാതെ വാഹനങ്ങൾക്ക് കടന്നുപോകാം. വേഷംമാറി ചെക്ക് പോസ്റ്റിലെത്തിയ വിജിലൻസ് ഉദ്യോഗസ്ഥർ ചായക്കടക്കാരനെ കൈയോടെ പൊക്കി. അർദ്ധരാത്രിയ്ക്കുശേഷം തുറന്നിരുന്ന കടയിൽ നിന്ന് പതിനായിരത്തോളം രൂപയും പിടികൂടി.
ആര്യങ്കാവിൽ പിക്കപ്പ് ഡ്രൈവർ
കൊല്ലത്തെ ആര്യങ്കാവ് മോട്ടോർ വാഹന ചെക്ക് പോസ്റ്റിൽ അയ്യപ്പൻമാരുടെ വേഷത്തിലെത്തി തമ്പടിച്ച വിജിലൻസ് ഉദ്യോഗസ്ഥർ രാത്രിയിലും പുലർച്ചെയുമായി ജീവനക്കാർ കൈക്കൂലിയായി വാങ്ങിയ പണം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനെത്തിയ പിക്കപ്പ് ഡ്രൈവറെ കൈയോടെ പൊക്കി. ചെക്ക് പോസ്റ്റിലെ കൈക്കൂലി ഏജന്റാണ് സ്ഥലവാസി കൂടിയായ പിക്കപ്പ് വാഹനത്തിന്റെ ഡ്രൈവർ. ഓരോ ഒരുമണിക്കൂറിലും ചെക്ക് പോസ്റ്റിലെത്തി ജീവനക്കാർ പടിയായി കൈപ്പറ്റിയ പണം സുരക്ഷിത താവളത്തിലേക്ക് മാറ്റുകയാണ് ഇയാളുടെ പണി. രാത്രി ഒമ്പതുമുതൽ പല തവണ വാഹനത്തിന്റെ രേഖകളുമായി ക്യൂവിൽ വന്ന് പിക്കപ്പ് ഡ്രൈവർ മടങ്ങുന്നത് കണ്ട് സംശയം തോന്നി ഇയാളെ കൂടുതൽ നിരീക്ഷിച്ചാണ് പുലർച്ചയോടെ 13,000 രൂപയുമായി പൊക്കിയത്. ചെക്ക് പോസ്റ്റുകളിൽ വിജിലൻസോ ഉന്നത ഉദ്യോഗസ്ഥരോ മിന്നൽ പരിശോധന നടത്തിയാൽ കണക്കിൽ കവിഞ്ഞ പണം പിടികൂടാതിരിക്കാനാണ് ഓരോ മണിക്കൂറിലും ഇയാളെത്തി പണം മാറ്റിക്കൊണ്ടിരുന്നത്.
വാളയാറിൽ വമ്പൻ പിരിവ്
സംസ്ഥാനത്തേക്ക് ഏറ്റവുമധികം വാഹനങ്ങൾ കടന്നുവരുന്ന വാളയാറായിരുന്നു കൈക്കൂലിയിലും മുന്നിൽ. ഒറ്റരാത്രിയിൽ 1,36,000രൂപയാണ് വിജിലൻസ് മിന്നൽ പരിശോധനയിൽ ഇവിടെ നിന്ന് കണ്ടെത്തിയത്. ഇടുക്കിയിലെ ഗോപാലപുരം ചെക്ക് പോസ്റ്റിൽ നിന്ന് 23,000 രൂപയുമായും ഏജന്റിനെ പിടികൂടി. ഇവിടങ്ങളിൽ രണ്ടിടത്തും ഊഴമനുസരിച്ചായിരുന്നു ഏജന്റുമാരുടെ വിളയാട്ടം.
വിജിലൻസിനെ കുടുക്കാൻ കള്ളപരാതി
അമരവിള ചെക്ക് പോസ്റ്റിൽ ചായക്കടക്കാരനിൽ നിന്ന് കൈക്കൂലിപ്പണം പിടികൂടിയതിന്റെ അടുത്തദിവസം വിജിലൻസ് ഉദ്യോഗസ്ഥർക്കെതിരെ കടക്കാരൻ പരാതിയുമായി രംഗത്തെത്തി. സ്വർണം പണയം വച്ച വകയിൽ താൻ സൂക്ഷിച്ചിരുന്ന പണം വിജിലൻസ് ഉദ്യോഗസ്ഥർ എടുത്തുകൊണ്ട് പോയെന്നായിരുന്നു പരാതി. എന്നാൽ പരാതിക്കൊപ്പം സമർപ്പിച്ചിരുന്ന പണയ രസീത് ഇക്കഴിഞ്ഞ മേയ് മാസത്തിലേതായിരുന്നു. മേയ് മാസത്തിൽ പണയം വച്ച പണം ആറുമാസത്തിനുശേഷവും കടയിൽ തന്നെ സൂക്ഷിച്ചതെന്തിനെന്ന ചോദ്യത്തിന് ഉത്തരം മുട്ടിയതോടെ പരാതി കള്ളമാണെന്ന് ഇക്കാര്യം അന്വേഷിച്ച വിജിലൻസ് എസ്.പിക്ക് ബോദ്ധ്യപ്പെട്ടു. കൈക്കൂലി പിടിച്ച ഉദ്യോഗസ്ഥരെ കൂടി കുടുക്കാൻ ശ്രമിച്ചതിന് പിന്നിൽ മോട്ടോർ വാഹന വകുപ്പ് ജീവനക്കാരുടെ ബുദ്ധിയാണെന്ന് തിരിച്ചറിഞ്ഞ വിജിലൻസ് എല്ലാ ചെക്ക് പോസ്റ്റുകളും കർശന നിരീക്ഷണത്തിലാക്കി.
മിന്നൽ പരിശോധന തുടരും
മോട്ടോർ വാഹന ചെക്ക് പോസ്റ്റുകളിൽ കൈക്കൂലി വ്യാപകമാണെന്ന് ബോദ്ധ്യപ്പെട്ടതോടെ എല്ലാ ചെക്ക് പോസ്റ്റുകളിലും ഏത് സമയവും മിന്നൽ പരിശോധന നടത്താൻ എസ്.പി മാർക്ക് നിദേശം നൽകിയിട്ടുണ്ടെന്ന് വിജിലൻസ് എ.ഡി.ജി.പിയുടെ ഓഫീസ് വെളിപ്പെടുത്തി. കൈക്കൂലിപ്പണം പിടികൂടിയ സംഭവത്തിൽ ഉത്തരവാദികളായ ജീവനക്കാർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ട്.
ചെക്ക് പോസ്റ്റുകൾ, പിടിച്ചെടുത്ത കൈക്കൂലിപ്പണം
അമരവിള- 10,400
ആര്യങ്കാവ്-13,000
ഗോപാലപുരം- 23,000
വാളയാർ- 1,36,000
പിടിയിലായ ഏജന്റുമാർ-6
മോട്ടോർ വാഹന വകുപ്പ് ചെക്ക് പോസ്റ്റുകൾ
അമരവിള, പൂവാർ, ആര്യങ്കാവ്, കുമളി, ഗോപാലപുരം, ഗോവിന്ദപുരം, മീനാക്ഷിപുരം, നടപ്പുണി, വേലന്താവളം, വാളയാർ, വഴിക്കടവ്, കാട്ടിക്കുളം, മുത്തങ്ങ, ഇരിട്ടി, മഞ്ചേശ്വരം, നീലേശ്വരം, പെർല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |