ശിവഗിരി: പുതിയ പതിറ്റാണ്ട് പുലരുന്നത് മഹാസമാധിക്കു മുന്നിലിരുന്ന് കണ്ടതിന്റെ പുണ്യവുമായാണ് ആസ്ട്രിയക്കാരൻ എൻവിൻ ഇന്നലെ ശിവഗിരിക്കുന്നിറങ്ങിയത്. എൻവിന്റെ നാലാം തീർത്ഥാടനമാണിത്.
ട്വന്റി ട്വന്റി എന്ന കൗതുകം നിറഞ്ഞ പുതുവർഷത്തെ വരവേല്ക്കാൻ എൻവിൻ മാത്രമല്ല, നാനാദേശങ്ങളിൽനിന്നെത്തിയ മറ്റ് തീർത്ഥാടകരുമുണ്ടായിരുന്നു. അവരെല്ലാം ഇന്നലെ രാത്രിയിൽ മഹാസമാധിയിൽ വലംവച്ച് തൊഴുത്, പിന്നെ മണലിൽ ചമ്രം പടിഞ്ഞിരുന്ന് ദൈവദശകം ചൊല്ലിക്കൊണ്ടാണ് പുതിയ പ്രഭാതത്തെ വരവേറ്റത്. അതിനിടയിൽ വേറിട്ടുമുഴങ്ങുകയായിരുന്നു എൻവിന്റെ പ്രാർത്ഥന. 'ശ്രീനാരായണ പരമഗുരവേ...' എന്ന് ചൊല്ലിവിളിച്ചുള്ള ആ പ്രാർത്ഥന കൂട്ടംകൂടിയിരുന്ന വിദേശികൾ ഏറ്റുചൊല്ലി.
സ്വിറ്റ്സർലൻഡുകാരായ ക്രിസ്റ്റിനാ, ബ്രിജിറ്ര് എന്നിവരും ജർമ്മൻകാരി അനിറ്റയും ഒരു കൗതുകത്തിനാണ് തീർത്ഥാടനത്തിൽ പങ്കുകൊള്ളാനെത്തിയത്. ഗുരുദേവനെക്കുറിച്ചുള്ള എൻവിന്റെ വിശദീകരണം കേട്ട ശേഷം മൂവരും ഒരിക്കൽകൂടി മഹാസമാധിയിൽ പോയി പ്രാർത്ഥിച്ചു; തികഞ്ഞ ഭക്തിയോടെ.
വർക്കല വച്ചാണ് എൻവിൻ ഇവരെ പരിചയപ്പെട്ടത്. പുതിയ പതിറ്റാണ്ട് പിറക്കുന്നത് ഗുരുദേവചൈതന്യം തുളുമ്പുന്ന മഹാസമാധിക്കു മുന്നിലിരുന്ന് ദർശിക്കണമെന്ന എൻവിന്റെ ആഗ്രഹത്തിന് അവർ തുണയായി.
''മഹാസമാധിക്കു മുന്നിലിരുന്ന് പ്രാർത്ഥിക്കുമ്പോൾ ഉള്ളിലൂടെ ഒരു വിറയൽ കടന്നുപോകുന്നതുപോലെ തോന്നും. മനസിനെ ഉലച്ച് ഉറപ്പിക്കുന്ന, ആത്മീയ നിർവൃതി പകരുന്ന ഒരുതരം വൈദ്യുത പ്രവാഹം''- സമാധിമന്ദിരത്തിന്റെ പടികളിറങ്ങുമ്പോൾ എൻവിൻ പറഞ്ഞു. ''എന്റെ ഭാഷ ജർമ്മനിയാണ്. എന്റെ അനുഭൂതി, എന്റെ മനസിലുണ്ടാകുന്ന മാറ്റം ഇംഗ്ലീഷിലൂടെ എങ്ങനെ വിവരിക്കണമെന്നറിയില്ല. ഒരു കൗതുകത്തിനാണ് നാലു വർഷം മുമ്പ് ശിവഗിരി തീർത്ഥാടനത്തിനെത്തിയത്. അന്നത്തെ മഹാസമാധി ദർശനം എന്നിൽ എന്തൊക്കെയോ മാറ്റങ്ങൾ വരുത്തി. പിന്നെ ഞാൻ ഗുരുവിനെ കുറിച്ചുള്ള പുസ്തകങ്ങൾ വായിച്ചു. വർക്കല ബീച്ചിൽ വരുമ്പോഴൊക്കെ അവിടെ നിന്ന് സൈക്കിൾ ചവിട്ടി രാവിലെ ഇവിടെ വരുന്നത് പതിവാക്കി''.- അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |