തിരുവനന്തപുരം: മധുര സ്വപ്നങ്ങൾ, മനസിന്റെ വിഹ്വലതകൾ ഏകാന്തയതയിൽ അതിനെല്ലാം അവൾ നിറം ചാലിച്ചിരുന്നു. മിക്കപ്പോഴും വീടിന്റെ ചുമരായിരുന്നു കാൻവാസ്. ഇന്നലെ കാലനേയും ആവാഹിച്ചു കൊണ്ട് അനു ഒരു കൊടുങ്കാറ്രായി വീട്ടിലേക്കു എത്തുന്നതിനു തൊട്ടു മുമ്പ് ആവൾ ഒരു ചിത്രം പൂർത്തിയാക്കുന്നതിന്റെ തിരക്കിലായിരുന്നു. പൂക്കൾ പോലെ ചിറകുവിരിച്ചൊരു മത്സ്യത്തിന്റെ ചിത്രം. അതിന്റെ ചുവന്ന ചിറകിൽ നിന്നും ചോര ഒലിക്കുന്നു. സമാനമായൊരു ചിത്രം നേരത്തേ ഫേസ്ബുക്കിലും അവൾ ചേർത്തിരുന്നു. ചോര മണക്കുന്ന ദുരന്തം അവൾ മുന്നിൽ കണ്ടിരുന്നുവോ?
കാരക്കോണത്തിനടുത്ത് മുൻ കാമുകനാൽ കൊല്ലപ്പെട്ട അഷിക (അമ്മു) നിറങ്ങളേയും ചിത്രങ്ങളേയും പ്രണയിച്ച പെൺകുട്ടിയായിരുന്നു. തുറ്റിയോടുള്ള അവളുടെ വീട്ടിലെ ചുമുരുകളിൽ അവൾ വരച്ച ചിത്രങ്ങളാണുള്ളത്. ഒരിക്കൽ ഇഷ്ടം പങ്കുവച്ചൊരാൾ പൊട്ടിച്ചെടുത്ത സോഡാക്കുപ്പികൊണ്ട് കഴുത്തിലേക്ക് കുത്തിയിറക്കിയപ്പോൾ അലറിവിളിച്ചാണ് അവൾ കിടക്കയിലേക്ക് വീണത്. തൊട്ടപ്പുറത്തുള്ള ചുമരിലും അവൾ മറ്റൊരു ചിത്രം വരച്ചിട്ടിരുന്നു- കറുത്ത മരത്തിൽ നിന്നും ചോരത്തുള്ളികൾ പോലെ കൊഴിയുന്ന ചുവന്ന ഇലകൾ!
പുക്കൾ പോലെയോ ശലഭം പോലെയോ ചിറകുവിരിച്ച മത്സ്യം- അതായിരുന്നു അഷികയുടെ ഇഷ്ടപ്പെട്ട ചിത്രം. അതാവർത്തിച്ചു വരയ്ക്കുമായിരുന്നു അവൾ. ഒരു ചിത്രത്തിൽ മാത്രമാണ് ചോര ഒലിക്കുന്നതായി വരച്ചു ചേർത്തത്. പെയിന്റിംഗ് പണിക്കു പോയിരുന്ന അച്ഛൻ മണിയൻ മകളുടെ കൊലപാതക വാർത്ത അറിഞ്ഞ് ഓടിയെത്തുമ്പോൾ ചലനം നിലച്ച് കിടക്കുന്ന അഷികയെയാണ് കാണുന്നത്. ജീവന്റെ ചെറിയ തുടിപ്പെങ്കിലും ഉണ്ടാകണേയെന്ന് പ്രാർത്ഥിച്ചുകൊണ്ടാണ് മകളെ അച്ഛൻ വാരിയെടുത്ത് തൊട്ടടുത്ത സി.എസ്.ഐ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു പോയത്. പക്ഷെ...ചോരയ്ക്കൊപ്പം അവളുടെ ജീവിതവും വാർന്നു പോയിരുന്നു.
പ്ളസ് ടു വിന് കിട്ടാതിരുന്ന വിഷയം എഴുതിയെടുത്ത ശേഷം പഠനം തുടരാനായിരുന്നു അഷികയുടെ പ്ളാനെന്ന് പിതാവിന്റെ സഹോദരി ബിന്ദു പറഞ്ഞു. പ്ലസ് ടു ജയിച്ച ശേഷം ഫൈൻ ആർട്സ് കോളേജിൽ ചേരാനായിരുന്നു ആഗ്രഹം.
പഠിക്കാനുള്ള താൽപര്യപ്രകാരമാണ് ഗവ. വിമെൻസ് കോളേജിൽ ബ്യൂട്ടീഷ്യൻ കോഴ്സിനു ചേർന്നത്. അതിന് എല്ലാ പ്രോൽസാഹനവും നൽകിയത് ബിന്ദുവായിരുന്നു. 'മാമിയേ നാളെ രാവിലെ വരും... ' എന്ന് അഷിക തലേനാൾ ഫോണിൽ പറഞ്ഞിരുന്നുവെന്ന് ബിന്ദു പറഞ്ഞു. വിവാഹവീടുകളിൽ പോയി വധുവിന് മൈലാഞ്ചിയിടാനും അഷിക മിടുക്കിയായിരുന്നു. ബ്യൂട്ടിഷ്യനായി എവിടെയെങ്കിലും ജോലി നോക്കി പഠിക്കാനുള്ള പണം സമ്പാദിക്കുകയായിരുന്നു അവളുടെ ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |