ചേർത്തല: യേശുദാസെന്ന നാദനിർഝരിക്ക് എൺപതാണ്ട് തികയുമ്പോൾ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ പ്രാരംഭ ദശയിൽ തൊട്ടടുത്ത് നിന്ന് കോറിയിട്ട ചില അക്ഷരാനുഭവങ്ങൾ അപൂർവ ചാരുതയോടെ ഇവിടെയുണ്ട്. ചരിത്രകാരൻ ചലച്ചിത്രകാരൻ എന്നീ നിലകളിൽ പ്രശസ്തനായ പരേതനായ ചേർത്തല ചേലങ്ങാട് ഗോപാലകൃഷ്ണന്റെ ഗ്രന്ഥപുരയിലാണ് ഗാനഗന്ധർവനെക്കുറിച്ചുള്ള വേറിട്ട അനുഭവങ്ങൾ പുസ്തകമായി ഇപ്പോഴുമുള്ളത്.
യേശുദാസിന്റെ പിതാവ് അഗസ്റ്റിൻ ജോസഫിന്റെ വീട്ടിൽ പതിവുസന്ദർശകനായിരുന്ന ചേലങ്ങാടന്റെ ഓർമയിൽ യേശുദാസ് ആദ്യമായി തെളിയുന്നത് ചുമലിൽ ഒരു പുല്ലുകെട്ടും താങ്ങി മുഹമ്മദ് റാഫിയുടെ പാട്ടും മൂളിവരുന്ന ബാലനാണ്. കടം വാങ്ങിയ 15 രൂപയുമായി കൊച്ചി ഐലൻഡിൽ നിന്ന് മദിരാശിക്ക് അവസരം തേടിപ്പോയ യേശുദാസിന്റെ ട്രെയിൻ യാത്രയെക്കുറിച്ച്. ആദ്യമായി ലോകമറിയുന്നത് ഈ പുസ്തകത്തിൽ നിന്നാണ്. കഷ്ടപ്പാടിന്റെ ഒരു അഗ്നി പരീക്ഷകഴിഞ്ഞാണ് യേശുദാസ് സൗഭാഗ്യങ്ങളുടെ ലോകത്തേയ്ക്ക് നടന്നു കയറിയതെന്ന് ചേലങ്ങാടൻ പുസ്തകത്തിൽ വരച്ചുകാട്ടുന്നു.
1970കളുടെ പകുതിയിലാണ് ചേലങ്ങാടന്റെ മുഖത്തോട് മുഖം എന്ന പുസ്തകം പുറത്തിറങ്ങിയത്. അതിൽ യേശുദാസിനെ കുറിച്ച് ഒരു അദ്ധ്യായമുണ്ട്. ഗാനഗന്ധർവനാകുന്നതിന് മുൻപുള്ള പച്ചയായ മനുഷ്യന്റെ കഷ്ടപ്പാടുകളുടെ പൊള്ളുന്ന കഥ. തിരുവനന്തപുരം സ്വാതി തിരുനാൾ അക്കാഡമിയിൽ പഠിക്കുമ്പോൾ പ്രിൻസിപ്പലായിരുന്ന ശെമ്മാങ്കുടിയുടെ കാർഷെഡിലെ യേശുദാസിന്റെ താമസം ഉൾപ്പെടെയുള്ള ദുരിത ജീവിതങ്ങൾ ഇവിടെ അനുഭവിച്ചറിയാം. പിന്നീട് തൃപ്പൂണിത്തുറയിൽ പഠിക്കുമ്പോൾ തെരുവ് വിളക്കിന്റെ വെട്ടത്തിൽ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന യേശുദാസിനെയും ചേലങ്ങാടന്റെ വരികളിൽ കാണാം.
ചേലങ്ങാട് ഗോപാലകൃഷ്ണന്റെ പത്രപ്രവർത്തകനും കോളമിസ്റ്റുമായ മകൻ സാജു ചേലങ്ങാട് പിതാവിനെയും യേശുദാസിനെയും കുറിച്ചുള്ള ഓർമകൾ പങ്കുവച്ചു. മന്നത്ത് പത്മനാഭൻ ചെയർമാനായുള്ള മലയാളി പത്രത്തിന്റെ കൊച്ചി പ്രതിനിധിയായിരുന്നു ചേലങ്ങാട് ഗോപാലകൃഷ്ണൻ.
ഫോർട്ട് കൊച്ചി പ്രിൻസസ് സ്ട്രീറ്റിലെ യേശുദാസിന്റെ വീടുമായി അടുത്തിട പഴകാറുണ്ടായിരുന്നു. അഗസ്റ്റിൻ ജോസഫെന്ന സിനിമ നാടക നടനോടുള്ള കടുത്ത ആരാധനയാണ് ഈ അടുപ്പത്തിന് കാരണം. പത്രപ്രവർത്തകനായിരിക്കെ അഗസ്റ്റിൻ ജോസഫിന്റെ വീട്ടിൽ ആഴ്ചയിൽ ഒരു ദിവസമെങ്കിലും പോകുമായിരുന്നു.
അന്ന് കടുത്ത സാമ്പത്തിക വൈഷമ്യങ്ങളിൽ അകപ്പെട്ടിരിക്കുകയായിരുന്നു ആ നടൻ. ചേലങ്ങാടൻ അന്ന് മന്നത്ത് പത്മനാഭൻ ചെയർമാനായുള്ള മലയാളി പത്രത്തിന്റെ കൊച്ചി പ്രതിനിധിയുമായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് ശയ്യാവലംബിയായിരുന്നു ഭാഗവതർ. മക്കളാണെങ്കിൽ എങ്ങുമെത്താത്ത നിലയിലും. മുതിർന്ന പത്രപ്രവർത്തകനായിരുന്ന ഏരൂർ വാസുദേവും ഭാഗവതരെ സന്ദർശിക്കാൻ ചേലങ്ങാടനൊടൊപ്പം പോകുമായിരുന്നു.
സഹായ നിധിയും പത്തു രൂപയും
ഭാഗവതരുടെ അവസ്ഥ കണ്ടിട്ട് അദ്ദേഹത്തെ സഹായിക്കുവാൻ ഒരു സഹായ നിധി ഇരുവരും ചേർന്ന് രൂപീകരിച്ചു. ഏരൂർ വാസുദേവ് ചെയർമാനും ചേലങ്ങാട് ഗോപാലകൃഷ്ണൻ കൺവീനറുമായിരുന്നു. അന്ന് കൊച്ചിയിൽ പ്രചാരത്തിലുണ്ടായിരുന്ന മിക്ക പത്രങ്ങളിലും ഇതു സംബന്ധിച്ച് വാർത്തകളും നൽകി. ആകപ്പാടെ പിരിഞ്ഞ് കിട്ടിയത് പത്ത് രൂപ മാത്രമാണ്.അ താകട്ടെ ചെയർമാന്റെയും കൺവീനറുടെയും സംഭാവനകളുമായിരുന്നു.
ഒരു ഔട്ട് ഡോർ സിനിമാക്കഥ
പിൽക്കാലത്ത് യേശുദാസ്, സിനിമ ഗാനമേഖലയിൽ പ്രശസ്തനായപ്പോൾ 1966ൽ ചേലങ്ങാടനുമായി ചേർന്ന് ശ്രീവാണി പ്രാെഡക്ഷൻസ് എന്ന നിർമ്മാണ കമ്പനി രൂപീകരിച്ചു. ചാകരയെന്ന സിനിമയുടെ നിർമ്മാണം തുടങ്ങി. അർത്തുങ്കൽ സ്വദേശികളായിരുന്ന എഫ്.എസ്.വേലിയകത്തും റൈനോൾഡുമായിരുന്നു നിർമ്മാണത്തിലെ മറ്റ് രണ്ട് പങ്കാളികൾ.റാണി ചന്ദ്രയായിരുന്നു നായിക. നായകൻമാരടക്കമുള്ളവർ പുതുമുഖങ്ങൾ.
ചേർത്തലയിലും അർത്തുങ്കലിലുമായി കുറെ ഭാഗങ്ങൾ ചിത്രീകരിച്ചു.എന്നാൽ ഇടയ്ക്കു വച്ച് ചിത്രീകരണം മുടങ്ങി. പിന്നീട് പടം പൂർത്തിയായില്ല. യേശുദാസായിരുന്നു സംഗീതസംവിധാനവും ഗായകനും.കടലിന്റെ പശ്ചാത്തലത്തിലുള്ള സിനിമയുടെ കഥയും തിരക്കഥയും ചേലങ്ങാടന്റേതായിരുന്നു. സ്റ്റുഡിയോയെ പാടെ തഴഞ്ഞ് ഔട്ട് ഡോറിലായിരുന്നു ചിത്രീകരണം. പടം പുറത്തിറങ്ങിയിരുന്നെങ്കിൽ മലയാളത്തിലെ ആദ്യത്തെ ഔട്ട് ഡോർ ചിത്രമാകുമായിരുന്നു അത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |