ന്യൂഡൽഹി: ജമ്മു കാശ്മീരിലെ പ്രത്യേകപദവി എടുത്തുമാറ്റിയതിന് പിന്നാലെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുനപരിശോധിക്കണമെന്ന് സുപ്രീം കോടതി. ഇന്റർനെറ്റ് സ്വാതന്ത്ര്യം ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും എല്ലാ നിയന്ത്രണങ്ങളും ഏഴ് ദിവസത്തിനുള്ളിൽ പുനപരിശോധിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കാശ്മീരിലെ നിയന്ത്രണങ്ങൾക്കെതിരെ സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് എൻ.വി രമണ അദ്ധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കാശ്മീരിലെ നിരോധനാജ്ഞ പരിശോധിക്കണം. എതിരഭിപ്രായങ്ങൾ അടിച്ചമർത്താനുള്ള ഉപകരണമല്ല 144. നിരോധനാജ്ഞയും നിയന്ത്രങ്ങളും കാശ്മീരിൽ ഏർപ്പെടുത്താൻ ഉണ്ടാകാനിടയായ കാരണങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാൻ കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. സർക്കാരിനോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കുന്നത് ഇന്റർനെറ്റ് വിച്ഛേദിക്കുന്നതിനുള്ള ഒരു കാരണമല്ല. ഇന്റർനെറ്റിന് വിലക്ക് ടെലികോം നിയമങ്ങളുടെ ലംഘനമാണ്. മതിയായ കാരണങ്ങളാൽ താൽക്കാലികമായി ഇന്റർ
നെറ്റ് വിച്ഛേദിക്കാം. അനിശ്ചിതകാലത്തേക്ക് വിലക്ക് തുടരാനാവില്ല- സുപ്രീം കോടതി അഭിപ്രായപ്പെട്ടു.
പൗരൻമാരുടെ സുരക്ഷയും സ്വാതന്ത്ര്യവും സംബന്ധിച്ച് ഒരു സന്തുലിതാവസ്ഥ കണ്ടെത്തുക എന്നതാണ് ഞങ്ങളുടെ പരിമിതമായ ആശങ്ക. പൗരന്മാർക്ക് അവരുടെ അവകാശങ്ങൾ ഉറപ്പാക്കാൻ മാത്രമാണ് ഞങ്ങൾ ഇവിടെയുള്ളത്. ഉത്തരവുകൾക്ക് പിന്നിലെ രാഷ്ട്രീയത്തിലേക്ക് കടക്കുന്നില്ല. കശ്മീരിൽ ഒരുപാട് അക്രമങ്ങൾ കാണുന്നുണ്ട്. മനുഷ്യാവകാശങ്ങളും സ്വാതന്ത്യവും സുരക്ഷയുമായി സന്തുലിതമാക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കുമെന്നും കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |