പന്തളം: ശബരിമലയിൽ അയ്യപ്പസ്വാമിക്ക് മകരവിളക്കിന് ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര ഇന്ന് പന്തളം വലിയ കോയിക്കൽ ശ്രീധർമ്മ ശാസ്താക്ഷേത്രത്തിൽ നിന്ന് ആരംഭിക്കും. രാവിലെ 11ന് കൊച്ചുകൊട്ടാരത്തിൽ നിന്ന് വലിയതമ്പുരാൻ രേവതിനാൾ പി. രാമവർമ്മരാജയെ ക്ഷേത്രത്തിലേക്ക് സ്വീകരിക്കുന്നതോടെയാണ് ചടങ്ങുകൾക്ക് തുടക്കം. 11.15ന് രാജപ്രതിനിധി ഉത്രംനാൾ ആർ. പ്രദീപ് കുമാർവർമ്മയെ സ്രാമ്പിക്കൽ കൊട്ടാരത്തിൽ നിന്ന് സ്വീകരിക്കും. 11.30ന് ഗുരുസ്വാമി കുളത്തിനാലിൽ ഗംഗാധരൻപിള്ളയുടെ നേതൃത്വത്തിലുള്ള 24 അംഗ പേടക വാഹക സംഘത്തെ മണികണ്ഠനാൽത്തറയിൽ സ്വീകരിക്കും. ഉച്ചയ്ക്ക് 12.15ന് സംഘത്തിന് വലിയ തമ്പുരാൻ ഭസ്മം നൽകി അനുഗ്രഹിക്കും. 12.25ന് പൂജകൾക്ക് ശേഷം ക്ഷേത്ര നട അടച്ച് മേൽശാന്തി ഉടവാൾ വലിയ തമ്പുരാനു നൽകും. വലിയ തമ്പുരാൻ രാജപ്രതിനിധിക്ക് ഉടവാൾ കൈമാറും. ഉച്ചയ്ക്ക് ഒന്നിന് ഗുരുസ്വാമി കുളത്തിനാലിൽ ഗംഗാധരൻ പിള്ള തിരുവാഭരണപേടകം ശിരസ്സിലേറ്റി ശ്രീകോവിലിനു വലംവച്ച് ക്ഷേത്രത്തിന് പുറത്തേക്ക് ഇറങ്ങുന്നതോടെ ഘോഷയാത്ര ആരംഭിക്കും.
തിരുമുഖമടങ്ങുന്ന പ്രധാന പേടകം ഗുരുസ്വാമി കുളത്തിനാലിൽ ഗംഗാധരൻ പിള്ളയും വെള്ളിയാഭരണങ്ങളടങ്ങുന്ന കലശപ്പെട്ടി മരുതവന ശിവൻ പിള്ളയും കൊടിയും ജീവിതയുമടങ്ങുന്ന കൊടിപ്പെട്ടി കിഴക്കേത്തോട്ടത്തിൽ ബി. പ്രതാപചന്ദ്രൻ നായരുമാണ് ചുമക്കുക. രാജപ്രതിനിധി ഘോഷയാത്ര നയിക്കും.
ഇരുമുടിക്കെട്ടേന്തിയ നൂറുകണക്കിന് അയ്യപ്പന്മാരും ദേവസ്വം അധികാരികളും പൊലീസ് ഉദ്യോഗസ്ഥരും ഘോഷയാത്രയ്ക്ക് ആദ്യാവസാനം അകമ്പടി സേവിക്കും. കുളനട വഴി അയിരൂർ ക്ഷേത്രത്തിലെത്തിലെത്തി ആദ്യദിനം വിശ്രമിക്കും. രണ്ടാംദിവസം ളാഹയിൽ വനംവകുപ്പ് സത്രത്തിൽ ക്യാമ്പ് ചെയ്യും. 15ന് ളാഹയിൽ നിന്ന് പുറപ്പെട്ട് രാജാപ്പാറ വഴി പ്ലാപ്പള്ളിയിൽ എത്തും. നിലയ്ക്കൽ ക്ഷേത്രം വഴി കൊല്ലമുഴിയിൽ നിന്ന് വനത്തിൽ പ്രവേശിച്ച് പമ്പാനദി കടന്ന് നീലിമലയിൽ എത്തും. ഘോഷയാത്ര അപ്പാച്ചിമേട് ശബരീപീഠം വഴി ശരംകുത്തിയിൽ എത്തുമ്പോൾ ദേവസ്വം അധികൃതർ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സന്നിധാനത്തേക്ക് ആനയിക്കും. പതിനെട്ടാംപടി കയറി എത്തുന്ന സംഘത്തിൽ നിന്ന് മേൽശാന്തിയും തന്ത്രിയും തിരുവാഭരണങ്ങൾ ഏറ്റുവാങ്ങി ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടുപോയി വിഗ്രഹത്തിൽ ചാർത്തും. തുടർന്ന് ദീപാരാധനയ്ക്ക് ശേഷം നടതുറക്കുമ്പോൾ തിരുവാഭരണം അണിഞ്ഞ അയ്യപ്പസ്വാമിയെ സാക്ഷിയാക്കി കിഴക്കൻ ചക്രവാളത്തിൽ മകരസംക്രമ നക്ഷത്രവും പൊന്നമ്പലമേട്ടിൽ മകരജ്യോതിയും തെളിയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |