ന്യൂഡൽഹി: തീരദേശ പരിപാരന നിയമം ലംഘിച്ച് നിർമിച്ച മരടിലെ ഫ്ലാറ്റുകൾ പൊളിച്ചുമാറ്റപ്പെട്ട വിഷയത്തിൽ പ്രതികരണവുമായി സുപ്രീം കോടതി ജഡ്ജി. ഫ്ലാറ്റുകൾ പൊളിക്കാൻ ഉത്തരവിട്ട സുപ്രീം കോടതി ബെഞ്ചിനെ നയിച്ച ജസ്റ്റിസ് അരുൺ മിശ്രയാണ് അക്കാര്യത്തിൽ ഖേദമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. വളരെ വേദനയോടെയാണ് താൻ ആ വിധി പറഞ്ഞതെന്നും നിയമ വിരുദ്ധമായ പ്രവർത്തനങ്ങൾ ഇല്ലാതാക്കാൻ തനിക്ക് അങ്ങനെ പ്രവർത്തിക്കേണ്ടി വന്നുവെന്നും ജസ്റ്റിസ് അരുൺ മിശ്ര വ്യക്തമാക്കി.
കോടതി ഉത്തരവ് അനുസരിച്ചുകൊണ്ട് മരടിലെ നാല് ഫ്ലാറ്റ് സമുച്ചയങ്ങളും പൊളിച്ചുമാറ്റിയ വിവരം സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ ബോധിപ്പിച്ചിരുന്നു. അഭിഭാഷകൻ ഇക്കാര്യം അറിയിച്ചപ്പോഴാണ് ജഡ്ജി ഇങ്ങനെയൊരു പ്രതികരണം നടത്തിയത്. 'അതൊരു വേദനാജനകമായ തീരുമാനമായിരുന്നു' എന്നും ജഡ്ജി പറഞ്ഞിരുന്നു.
നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് പരാതികളുള്ള ഫ്ലാറ്റ് ഉടമകൾ കോടതിക്ക് അപേക്ഷകൾ നൽകണമെന്നും ഈ കേസുകളിലെ വാദത്തിനുള്ള ഫീസിൽ ഇളവ് ചെയ്തുനൽകുന്ന കാര്യം പരിഗണിക്കുമെന്നും കോടതി അറിയിച്ചു. ഫ്ലാറ്റുകൾ പൊളിച്ചുമാറ്റിയെന്ന് സർക്കാർ അറിയിച്ചിട്ടും കോടതി, ഉത്തരവൊന്നും പുറപ്പെടുവിച്ചിട്ടില്ല. ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങൾ പൂർണമായും നീക്കം ചെയ്ത ശേഷം മറ്റ് നടപടികളിൽ തീരുമാനം എടുക്കുമെന്നും കായലിൽ വീണതുൾപ്പെടെയുള്ള അവശിഷ്ടങ്ങൾ എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്നുമാണ് കോടതി അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |