കൊച്ചി: മരടിലെ ഫ്ളാറ്റ് വിഷയത്തിൽ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ രംഗത്ത്. നിയമത്തെയും പ്രകൃതിയെയും കണക്കിലെടുക്കാതെ ഉയരുന്ന കോൺക്രീറ്റ് കെട്ടിടങ്ങൾ ഒരു തെറ്റും ചെയ്യാത്തവരെപ്പോലും പ്രതിസന്ധിയിലാക്കുന്നുവെന്ന വലിയ പാഠമാണ് മരടിൽ, നിയന്ത്രിത സ്‌ഫോടന ശേഷം നാലിടങ്ങളിലായി അവശേഷിച്ച കോൺക്രീറ്റ് കൂമ്പാരം ഓർമിപ്പിക്കുന്നതെന്ന് മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു. 'മൂന്നാർ ദൗത്യത്തിനും വി.എസിന്റെ പൂച്ചകൾക്കും ഇടങ്കോലിട്ട ചരിത്രമുള്ള, നിയമലംഘകർക്കൊപ്പം നിൽക്കുന്ന ഒരു ഭരണ സംവിധാനമാണ് ഇപ്പോൾ കേരളം ഭരിക്കുന്നതെന്ന ധൈര്യമായിരുന്നു ഫ്ളാറ്റ് നിർമ്മാതാക്കൾക്കും താമസക്കാർക്കും. പരമാവധി സഹായിക്കാൻ പിണറായി സർക്കാർ പാടുപെട്ടു, പക്ഷേ സുപ്രീം കോടതി കനിഞ്ഞില്ല'-മുരളീധരൻ കുറിച്ചു..
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-
'നിയമത്തെയും പ്രകൃതിയെയും കണക്കിലെടുക്കാതെ ഉയരുന്ന കോൺക്രീറ്റ് കെട്ടിടങ്ങൾ ഒരു തെറ്റും ചെയ്യാത്തവരെപ്പോലും പ്രതിസന്ധിയിലാക്കുന്നുവെന്ന വലിയ പാഠമാണ് മരടിൽ, നിയന്ത്രിത സ്‌ഫോടന ശേഷം നാലിടങ്ങളിലായി അവശേഷിച്ച കോൺക്രീറ്റ് കൂമ്പാരം ഓർമിപ്പിക്കുന്നത്.സർക്കാർ ഉദ്യോഗസ്ഥർ നടപടിക്രമങ്ങളിൽ വരുത്തിയ വീഴ്ചകൾക്കും ഫ്ളാറ്റുകൾ കെട്ടിപ്പൊക്കിയ ബിൽഡർമാർ നടത്തിയ നിയമലംഘനങ്ങൾക്കും ഫ്ളാറ്റ് വാങ്ങുന്നവർ ഇരയാകുന്നത് എങ്ങനെയെന്ന ഗുണപാഠമായി മരട് മാറണം. നിയമം ലംഘിക്കുന്നവർ അത് എങ്ങനെയും ശരിയാക്കിയെടുക്കാമെന്ന് ഇനിയും വ്യാമോഹിക്കരുത്.
അധികാരമുള്ളവനും ഇല്ലാത്തവനും നിയമം ഒരു പോലെയായിരിക്കണം എന്ന ദൃഢനിശ്ചയത്തിലാണ് ഈ വിഷയത്തിലും കേന്ദ്ര സർക്കാർ നിലപാടെടുത്തത്. പല തവണ പ്രതികരണം തേടിയ മാധ്യമ സുഹൃത്തുക്കളോട് ഞാൻ പറഞ്ഞതും അതുതന്നെയാണ്, നിയമം വിട്ട് പ്രവർത്തിക്കില്ല.
മൂന്നാർ ദൗത്യത്തിനും വി എസിന്റെ പൂച്ചകൾക്കും ഇടങ്കോലിട്ട ചരിത്രമുള്ള, നിയമലംഘകർക്കൊപ്പം നിൽക്കുന്ന ഒരു ഭരണ സംവിധാനമാണ് ഇപ്പോൾ കേരളം ഭരിക്കുന്നതെന്ന ധൈര്യമായിരുന്നു ഫ്ളാറ്റ് നിർമ്മാതാക്കൾക്കും താമസക്കാർക്കും. പരമാവധി സഹായിക്കാൻ പിണറായി സർക്കാർ പാടുപെട്ടു, പക്ഷേ സുപ്രീം കോടതി കനിഞ്ഞില്ല.
യുഡിഎഫ് ഭരിക്കുന്ന മരട് നഗരസഭ അധികൃതരുടെ ഇടപെടലുകൾ , ഫ്ളാറ്റ് നിർമ്മാണം ആരംഭിക്കുമ്പോൾ പഞ്ചായത്തായിരുന്ന മരട് ഭരിച്ചിരുന്ന സിപിഎമ്മിന്റെ ഇടപെടലുകൾ, എല്ലാം ചേർത്തുവായിക്കുമ്പോൾ സംഭവത്തിൽ എൽഡിഎഫും യുഡിഎഫും ഒരുപോലെ കുറ്റക്കാരാണെന്ന് വ്യക്തം. എനിക്കൊന്നേ പറയാനുള്ളൂ..മരടിലെ അനധികൃത നിർമ്മാണത്തിന് പിന്നിൽ നടന്ന സാമ്പത്തിക തട്ടിപ്പും അഴിമതിയും രാഷ്ട്രീയ ഇടപെടലും അന്വേഷിക്കുമോയെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇനിയെങ്കിലും ആർജവം കാട്ടണം!'
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |