മൊത്തവില നാണയപ്പെരുപ്പം ഡിസംബറിൽ 7 മാസത്തെ ഉയരത്തിൽ
ന്യൂഡൽഹി: രാജ്യത്ത് വിലക്കയറ്റം രൂക്ഷമാകുന്നുവെന്ന സൂചന നൽകി ഡിസംബറിൽ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള (ഹോൾസെയിൽ) നാണയപ്പെരുപ്പം ഏഴ് മാസത്തെ ഉയരമായ 2.59 ശതമാനത്തിലെത്തി. നവംബറിലെ 0.58 ശതമാനത്തിൽ നിന്നാണ് ഈ കുതിപ്പ്.
റിസർവ് ബാങ്ക് മുഖ്യ പലിശനിരക്ക് പരിഷ്‌കരിക്കാൻ പ്രധാന മാനദണ്ഡമാക്കുന്ന ഉപഭോക്തൃവില സൂചിക അടിസ്ഥാനമാക്കിയുള്ള (റീട്ടെയിൽ) നാണയപ്പെരുപ്പം കഴിഞ്ഞമാസം അഞ്ചുവർഷത്തെ ഉയരമായ 7.35 ശതമാനത്തിൽ എത്തിയിരുന്നു. നവംബറിൽ ഇത് 5.35 ശതമാനമായിരുന്നു. ഭക്ഷ്യോത്പന്നങ്ങളുടെ വിലവർദ്ധനയാണ് ഏറെ ആശങ്കപ്പെടുത്തുന്നത്. ഡിസംബറിൽ ഇത് 13.24 ശതമാനമായി ഉയർന്നു. നവംബറിൽ 11.08 ശതമാനമായിരുന്നു.
ഉള്ളിയുടെ മൊത്ത വിലനിലവാരം 172.3 ശതമാനത്തിൽ നിന്നുയർന്ന് 455.8 ശതമാനമായി. 8.51 ശതമാനമായിരുന്ന കിഴങ്ങ് വിലനിലവാരം 45 ശതമാനത്തിലേക്കാണ് കുതിച്ചത്. അതേസമയം ഇന്ധനം, മാനുമാക്‌ചറേഡ് ഉത്‌പന്നങ്ങൾ എന്നിവയുടെ വില താഴ്‌ന്നത് ആശ്വാസമായിട്ടുണ്ട്.
ഉയരുമോ പലിശ?
റീട്ടെയിൽ നാണയപ്പെരുപ്പം നാല് ശതമാനത്തിനു താഴെ നിയന്ത്രിക്കുകയാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യം. ഇത്, ഏഴ് ശതമാനത്തിനുമേലാണ് ഇപ്പോൾ. അടുത്തമാസം ചേരുന്ന ധനനയ നിർണയ സമിതിയുടെ യോഗം പലിശ കുറയ്ക്കാനുള്ള സാദ്ധ്യത ഇതോടെ മങ്ങി. രാജ്യം സമ്പദ്‌വളർച്ചയിൽ നിന്ന് കരകയറിയിട്ടില്ലാത്തതിനാൽ പലിശഭാരം തത്കാലം കൂട്ടിയേക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |