തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളും ആട്ടോറിക്ഷകളും ഒഴികെയുള്ള വാഹനങ്ങളിൽ ജി.പി.എസ് സംവിധാനത്തിൽ പ്രവർത്തിക്കുന്ന വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് ഡിവൈസ് (വി.എൽ.ടി.ഡി.) നിർബന്ധിതമാക്കാൻ സംസ്ഥാന ഗതാഗത വകുപ്പ് തീരുമാനിച്ചു. പദ്ധതി നടപ്പാക്കുന്നതിൽ കേരളം അശ്രദ്ധ കാട്ടിയെന്ന് കാണിച്ച് കേന്ദ്ര ഉപരിതല ഗതഗാത വകുപ്പ് കത്തയച്ചതിനെത്തുടർന്നാണിത്. രണ്ടു ഘട്ടങ്ങളിലായി നടപ്പിലാക്കാനാണ് തീരുമാനം. രണ്ട് ഘട്ടങ്ങളിലും ജി.പി.എസ് ഘടിപ്പിക്കുന്നതിന് അവസാന തീയതി അറിയിച്ചുകൊണ്ടുള്ള വിജ്ഞാപനം ഉടനിറങ്ങും.
ആറ് മാസം മുമ്പ് ജി.പി.എസ് ഘടിപ്പിക്കാൻ ശ്രമിച്ചപ്പോൾ ആട്ടോ- ടാക്സി തൊഴിലാളിസംഘടനകളുടെ എതിർപ്പിനെ തുടർന്ന് തീരുമാനം മരവിപ്പിക്കുകയായിരുന്നു. കേന്ദ്രത്തിന്റെ നിർദ്ദേശ പ്രകാരമുള്ള പദ്ധതി നടപ്പാക്കാനുള്ള അവസാന തീയതി പലവട്ടം നീട്ടിവച്ചതിനൊടുവിലായിരുന്നു ഇത്.
ജി.പി.എസ് സംവിധാനം ഘടിപ്പിക്കാത്ത വാഹനങ്ങൾക്ക് ഇനി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകില്ല. ജി.പി.എസ് സംവിധാനങ്ങൾ നിരീക്ഷിക്കാൻ അതത് ജില്ലകളിലെ റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസറെ (എൻഫോഴ്‌സ്‌മെന്റ്) നോഡൽ ഓഫീസറായും അതത് ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറെ ഓഫീസ് തലവനായും നിയമിക്കും.എല്ലാ റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിലും മിനി കൺട്രോൾ റൂമുകൾ സ്ഥാപിക്കും.
വാഹനം എവിടെയാണെന്നറിയാനാണ് വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് ഡിവൈസ് (വി.എൽ.ടി.ഡി.) ഘടിപ്പിക്കുന്നത്. സ്‌കൂൾവാഹനങ്ങളിൽ വി.എൽ.ടി.ഡി നിർബന്ധമായും ഘടിപ്പിക്കണമെന്ന് ഈ അദ്ധ്യയന വർഷം തുടങ്ങുംമുമ്പേ മോട്ടോർവാഹന വകുപ്പ് തീരുമാനിച്ചിരുന്നു. പക്ഷെ, എല്ലാ സ്കൂൾ ബസുകളിലും സംവിധാനമില്ല.
ഘട്ടം 1
പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾ, സ്‌കൂൾ ബസുകൾ, വിദ്യാർത്ഥികളെ കൊണ്ടുപോകുന്ന മറ്റു വാഹനങ്ങൾ
ഘട്ടം 2
കാറുകൾ, ലോറികൾ, നാലോ അതിലേറെയോ ചക്രങ്ങളുള്ള മറ്റ് വാഹനങ്ങൾ
ലക്ഷ്യം
ട്രാഫിക് കുറ്റകൃത്യങ്ങൾ നിരീക്ഷിക്കുക, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുക, അപകടത്തിൽപ്പെടുന്ന വാഹനങ്ങൾക്ക് ഉടൻ സഹായം ലഭ്യമാക്കുക.
വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ വിവരം ഉടൻ കൺട്രോൾ റൂമിലെത്തും. അപകടസാഹചര്യങ്ങളിൽ സഹായം തേടാൻ സ്കൂൾ ബസുകളിൽ നാല് പാനിക് ബട്ടനുണ്ട്. ഇതിലമർത്തിയാൽ കൺട്രോൾ റൂമിൽ അലാറം മുഴങ്ങും. വാഹനം 40 ഡിഗ്രിയിലധികം ചരിഞ്ഞാലും അപായസന്ദേശം ലഭിക്കും.
ആകെ സ്കൂൾ ബസുകൾ 21,000
ജി.പി.എസ് ഘടിപ്പിച്ചത് 9,000
വാഹനങ്ങളിൽ . ജി.പി.എസ് ഘടിപ്പിക്കുന്നതിന് കഴിഞ്ഞ മാസം വരെ സമയം അനൗദ്യോഗികമായി അനുവദിച്ചതാണ്. സംഘടനാ നേതാക്കളുമായി നടത്തിയ ചർച്ചയിൽ ഇക്കാര്യം ബോദ്ധ്യപ്പെടുത്തിയതുമാണ്.
-മന്ത്രി എ.കെ.ശശീന്ദ്രൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |