തിരുവനന്തപുരം: കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞെത്തിയ സംസ്ഥാന പൊലീസിലെ സബ് ഇൻസ്‌പെക്ടർമാർക്ക് ശമ്പളം ലഭിക്കുന്നില്ലെന്ന് റിപ്പോർട്ട്. ഐ.ബി ഡെപ്യൂട്ടേഷൻ കഴിഞ്ഞ് തിരിച്ചെത്തിയ എസ്.ഐമാർക്ക് ആറ് മാസത്തോളമായി ശമ്പളം മുടങ്ങിയിട്ട്. കേരളാ പൊലീസിന്റെ വിവിധ സായുധ സേനാ വിഭാഗങ്ങളിൽ നിന്ന് കേന്ദ്ര ഡെപ്യൂട്ടേഷൻ കിട്ടി പോയവരായിരിന്നു ഇവർ. 34 വർഷ കേന്ദ്ര സേവനം പൂർത്തിയാക്കി തിരിച്ച് കേരളാ പൊലീസിൽ പ്രവേശിച്ച് വിവിധ ഡ്യൂട്ടി ചെയ്യുന്നവർ ആണ് ശമ്പളം കിട്ടാതെ ബുദ്ധിമുട്ടുന്നത്.
ആകെ 16 എസ്.ഐമാർക്കാണ് ശമ്പളം കിട്ടാത്തത്. കണ്ണൂർ കേരള ആംഡ് പൊലീസിലെ നാല് എസ്.ഐമാർ, പാലക്കാട്ടെ കെഎപി 2ലെ മൂന്ന് എസ്.ഐമാർ, മലപ്പുറം എം.എസ്.പി ക്യാമ്പിലെ രണ്ട് എസ്.ഐമാർ, പാണ്ടിക്കാട് ആർ.ആർ.എഫിലെ രണ്ട് എസ്.ഐമാർ ഇങ്ങനെ നീളുന്നതാണ് ശമ്പളം കിട്ടാത്തവരുടെ പട്ടിക. ശമ്പളം നൽകാതെ ഇവരെ ശബരിമല ഉൾപ്പടെയുള്ള പ്രധാന സ്ഥലങ്ങളിൽ സുരക്ഷ ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുകയാണ്.
നിലവിൽ എസ്.ഐ തസ്തികകളിൽ ഒഴിവില്ലെന്നാണ് സർക്കാരിന്റെ വിശദീകരണം. എന്നാൽ സർവീസ് ചട്ടം പ്രകാരം കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞ തിരിച്ചെത്തുന്നവർക്ക് അതേ തസ്തികകളിൽ നിയമനം നൽകി ശമ്പളം നൽകേണ്ടതാണ്. ഇനി ഒഴിവില്ലെങ്കിൽ അവസാനം പ്രമോഷൻ ലഭിച്ചവരെ ഡി പ്രമോട്ട് ചെയ്ത് നിയമനം നൽകണമെന്നാണ് നിയമം. എന്നാൽ പൊലീസ് അസ്ഥാനം ഇതിന് തയ്യാറാവുന്നില്ല. ഇതാണ് ശമ്പളം മുടങ്ങാൻ കാരണം. പൊലീസ് സേനയിൽ ആത്മഹത്യകൾ പെരുകുന്ന ഇക്കാലത്ത് സർക്കാരിന്റെ ഭാഗത്ത് നിന്നും അടിയന്തിര ഇടപെടൽ അനിവാര്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.