ചരിത്രസിനിമകളുടെ വസന്തകാലമാണ് ഇന്ന് ഇന്ത്യൻ സിനിമയിൽ. ചരിത്ര സിനിമയല്ലെങ്കിലും ആ കെട്ടിലും മട്ടിലും പ്രേക്ഷകർക്ക് മുൻപിലേക്കെത്തിയ 'ബാഹുബലി' എന്ന സിനിമയോടെയാണ് പ്രേക്ഷകർക്ക് ഇത്തരം 'ബ്രഹ്മാണ്ഡ' ചിത്രങ്ങളോടുള്ള പ്രിയം വർദ്ധിച്ചത്. തുടർന്ന് ബോളിവുഡിൽ നിന്നും ഇത്തരത്തിലുള്ള നിരവധി ചിത്രങ്ങൾ പുറത്തുവരികയും അവയിൽ ഭൂരിഭാഗവും വൻ ഹിറ്റുകളായി മാറുകയും ചെയ്തു. പദ്മാവത്, ബാജിറാവോ മസ്താനി, പാനിപ്പട്ട്, ഒടുവിലിറങ്ങിയ തൻഹാജി എന്നീ ചിത്രങ്ങൾ ഈ ഗണത്തിൽ പെടുന്നവയാണ്.
ഈ പ്രവണതയുടെ പ്രതിഫലനങ്ങൾ തെന്നിന്ത്യൻ, മലയാളം ചിത്രങ്ങളിലും ഉണ്ടായി. 'മാമാങ്കം' എന്ന മമ്മൂട്ടി ചിത്രവും, ഉടൻ പുറത്തിറങ്ങുന്ന മോഹൻലാൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'കുഞ്ഞാലി മരയ്ക്കാരും' വ്യക്തമായി ബ്രഹ്മാണ്ഡ സിനിമ എന്ന വിശേഷണം അർഹിക്കുന്നവയാണ്. ഇക്കൂട്ടത്തിൽ 'കുഞ്ഞാലി മരയ്ക്കാർ' എന്ന ചിത്രത്തെ കുറിച്ചാണ് പ്രേക്ഷകർക്കിടയിൽ ഏറ്റവും കൂടുതൽ ചർച്ചകൾ നടക്കുന്നത്. അർജുൺ സർജ, സുനിൽ ഷെട്ടി, പ്രഭു ദേവ, തുടങ്ങിയ വൻ താരനിര ഒന്നിക്കുന്ന ഈ ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷകളെ വാനോളം എത്തിച്ചിരിക്കുകയാണ്.
ചിത്രത്തിന്റെ മാർക്കറ്റിങ് വിഭാഗത്തിനു ഇക്കാര്യത്തിൽ കാര്യമായ പങ്കുണ്ട്. ഏറ്റവും മികച്ച ഗ്രാഫിക്‌സും ഡിസൈനും ഉൾക്കൊള്ളുന്ന ചിത്രത്തിന്റെ പോസ്റ്ററുകളും ക്യാരക്ടർ പോസ്റ്ററുകളും കൃത്യമായ ഇടവേളകളിൽ പുറത്തിറക്കികൊണ്ടാണ് അണിയറ പ്രവർത്തകർ പ്രേക്ഷകരുടെ പ്രതീക്ഷ ഉയർത്തുന്നത്. ഇക്കൂട്ടത്തിൽ അടുത്തിടെ പുറത്തുവന്നത് അർജുൺ സർജയും സുനിൽ ഷെട്ടിയും തങ്ങളുടെ കഥാപാത്രങ്ങളുടെ വേഷത്തിൽ നിൽക്കുന്ന പോസ്റ്ററുകളാണ്.
എന്നാൽ ഇതിൽ ചെറിയൊരു പ്രശ്നമുണ്ട്. സുനിൽ ഷെട്ടിയുടേതായി പുറത്തുവന്ന പോസ്റ്ററിലാണ് ആ പ്രശ്നം കാണാൻ കഴിയുക. ചിത്രത്തിൽ സുനിൽ ഷെട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് 'ചന്ദ്രോത്ത് പണിക്കർ' എന്നാണെന്നാണ് പോസ്റ്ററിൽ പറയുന്നത്. എന്നാൽ ഈ പേര് തന്നെയല്ലേ 'മാമാങ്കം' എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച കഥാപാത്രത്തിന്റേതും എന്നതാണ് പ്രേക്ഷകർ ചോദിക്കുന്ന ചോദ്യം. എന്നിരുന്നാലും കഥാപാത്രത്തിന്റെ പേര് ചിത്രത്തിന്റെ പ്രചാരണത്തിന് ഗുണം ചെയ്യും എന്ന കാര്യത്തിൽ സംശയമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |