SignIn
Kerala Kaumudi Online
Tuesday, 19 May 2026 11.12 PM IST

യു.എ.പി.എ കേസിൽ മുഖ്യമന്ത്രിക്കും പാർട്ടിക്കും ഒരേ നിലപാട് ; താൻ പറഞ്ഞത് മാദ്ധ്യമങ്ങൾ വളച്ചൊടിച്ചെന്ന് പി. മോഹനൻ

pmohanan

കോഴിക്കോട്: പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ അറസ്റ്റിലായ അലൻ ഷുഹൈബിനും താഹ ഫസലിനും എതിരെ യു.എ.പി.എ ചുമത്തിയത് ശരിയല്ലെന്ന പരാമർശം വിവാദമായതിനെത്തുടർന്ന് വിശദീകരണവുമായി സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ. ഈ വിഷയത്തിൽ പാർട്ടിക്കും മുഖ്യമന്ത്രിക്കും ഒരേനിലപാടാണ്. താൻപറഞ്ഞ കാര്യങ്ങൾ ചില മാദ്ധ്യമങ്ങൾ വളച്ചൊടിച്ചെന്നും പി.മോഹനൻ പ്രസ്താവനയിൽ പറഞ്ഞു.

യു.എ.പിഎ വിഷയത്തിൽ സർക്കാരിന് നിയമപരമായാണ് മുന്നോട്ടു പോകാനാവുകയെന്നാണ് വാർത്താസമ്മേളനത്തിൽ പറഞ്ഞത്. അതിനെ മുഖ്യമന്ത്രിക്കെതിരാക്കി ചില മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിച്ചു. ഇക്കാര്യത്തിൽ സർക്കാരിനും പാർട്ടിക്കും ഒരേ നിലപാടാണ്. യു.എ.പി.എ കേസ് അതിന്റെ പരിശോധനാ സമിതിക്ക് മുന്നിലെത്തുമ്പോൾ ഒഴിവാക്കപ്പെടുമെന്നാണ് പാർട്ടിയും സർക്കാരും നേരത്തെ വ്യക്തമാക്കിയതെന്നും മോഹനൻ പറഞ്ഞു. കേരളത്തിലെ ചില ബി.ജെ.പി നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്നാണ് അലന്റെയും താഹയുടെയും കേസ് എൻ.ഐ.എ ഏറ്റെടുത്തതെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു.

ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്ന വേളയിൽ കേരളത്തിൽ 132 യു.എ.പി.എ കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇപ്പോൾ യു.എ.പി.എയ്‌ക്കെതിരെ രംഗത്തുവരുന്നത് രാഷ്ട്രീയ നാടകമാണെന്നും പി.മോഹനൻ പറയുന്നു.

പന്തീരങ്കാവിൽ യു.എ.പി.എ ചുമത്തപ്പെട്ട് അറസ്റ്റിലായ അലൻ ഷുഹൈബും താഹ ഫസലും സി.പി.എം അംഗങ്ങൾ തന്നെയെന്ന് ഇന്ന് രാവിലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് പി.മോഹനൻ പറഞ്ഞത്. ഇരുവരും മാവോയിസ്റ്റുകളാണെന്ന് ഇപ്പോൾ പറയാനാകില്ലെന്നും ഇരുവരുടെയും ഭാഗം കേട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ കേൾക്കാതെ ഒരു നിഗമനത്തിലും എത്തില്ലെന്നും പി ജയരാജൻ പറഞ്ഞതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും പി.മോഹനൻ വിശദീകരിച്ചു.

"അലനെയും താഹയെയും സസ്പെൻഡ് ചെയ്തതെന്ന് പാർട്ടി ഇതുവരെ ഔദ്യോഗികമായി പറഞ്ഞിട്ടില്ല. അവർക്കെതിരെ ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ല. പാർട്ടിയുടെ സജീവ പ്രവർത്തകരായ അലനും താഹയും നിരപരാധിത്വം തെളിയിച്ച് പുറത്തു വരാനാണ് സി.പി.എം ആഗ്രഹിക്കുന്നത്." ഇരുവരും ജുഡീഷ്യൽ കസ്റ്റഡിയിൽ ആയതിനാൽ അവരുടെ ഭാഗം കേൾക്കാൻ ആയിട്ടില്ലെന്നും പി.മോഹനൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: UAPA, UAPA CASE, CPM, P MOHANAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA