കോട്ടയം: കൊറോണ വൈറസ് ബാധിച്ചെന്ന സംശയത്തെ തുടന്ന് മെഡിക്കൽ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയത്താണ് സംഭവം. ചൈനയിലെ വുഹാനിൽ നിന്നും നാട്ടിലെത്തിയ വിദ്യാർത്ഥിയാണ് മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലുള്ളത്. നിലവിൽ വിദ്യാർത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
മുൻപ് സൗദി അറേബ്യയിലെ അസീർ നാഷണൽ ആശുപത്രിയിൽ ഏറ്റുമാനൂർ സ്വദേശിയായ നഴ്സിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതേ ആശുപത്രിയിലെ മുപ്പത് നഴ്സുമാർ കൂടെ വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന സംശയത്തെ തുടർന്ന് പ്രത്യേക നിരീക്ഷണത്തിലാണ്. എന്നാൽ ഇവർക്ക് പിടിപെട്ടിരിക്കുന്നത് ചൈനയിലെ കൊറോണ വൈറസ് അല്ലെന്നാണ് സ്ഥിരീകരണം.
സൗദിയിൽ നൂറോളം നഴ്സുമാർ കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയരായിട്ടുണ്ടെന്നും, ഇവരിൽ ഏറെപ്പേരും മലയാളികളാണെന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അറിയിച്ചിരുന്നു.
കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും മുൻകരുതലായി മെഡിക്കൽ സംഘം പരിശോധന സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ മാത്രം 60 വിമാനങ്ങളിൽ എത്തിയ 12,800 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. വൈറസ് മൂലം ചൈനയിൽ ഇതിനകം 25 പേർ മരിച്ചിട്ടുണ്ട്. ചൈനയിൽ പിടിപെട്ട വൈറസിന് '2019-NCoV' എന്നാണ് പേര് നൽകിയിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |