ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനെ ഇന്ത്യ- പാകിസ്ഥാൻ പോരാട്ടമായി വിശേഷിപ്പിച്ച മുൻ ആംആദ്മി പാർട്ടി നേതാവും മോഡൽ ടൗൺ നിയോജക മണ്ഡലം ബി.ജെ.പി സ്ഥാനാർഥിയുമായ കപിൽ മിശ്രയുടെ ട്വീറ്റ് നീക്കം ചെയ്യാൻ തിരഞ്ഞെടുപ്പു കമ്മിഷൻ ട്വിറ്ററിനോട് ആവശ്യപ്പെട്ടു. വിവാദ ട്വീറ്റിൽ 24 മണിക്കൂറിനുള്ളിൽ മറുപടി ആവശ്യപ്പെട്ട് കപിൽ മിശ്രയ്ക്ക് കമ്മിഷൻ നോട്ടീസ് അയച്ചു. ട്വീറ്റ് മതവികാരം വ്രണപ്പെടുത്തുന്നതും വിവാദം നിറഞ്ഞതാണെന്നും ഇതു തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടി.
അതേസമയം തെറ്റായ പരാമർശങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് കപിൽ മിശ്ര കമ്മിഷന് മറുപടി നൽകി. പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നു. പ്രതിഷേധങ്ങളുടെ പൊതുസ്വാഭാവത്തെക്കുറിച്ചു പരാമർശിക്കുക മാത്രമാണ് ചെയ്തതെന്നും ഒരു മതവിഭാഗത്തെയും പരാമർശിച്ചിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
ഡൽഹിയിലെ തെരുവിൽ ഫെബ്രുവരി എട്ടിന് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ മത്സരിക്കുമെന്നായിരന്നു കപിൽ മിശ്രയുടെ ട്വീറ്റ്. ഷഹീൻബാഗിൽ പാകിസ്ഥാൻ പ്രവേശിച്ചുകഴിഞ്ഞു. ഡൽഹിയിലുടനീളം ചെറിയ ചെറിയ പാകിസ്ഥാനുകൾ രൂപപ്പെടുകയാണെന്നും പാകിസ്ഥാനി കലാപകാരികൾ ഡൽഹി തെരുവുകൾ കീഴടക്കിയെന്നുമാണ് ട്വീറ്റ് . കപിൽമിശ്രയുടെ പ്രസ്താവന ധ്രുവീകരണം ലക്ഷ്യമിട്ടാണെന്ന് ആംആദ്മി ആരോപിച്ചിരുന്നു.
കേജ്‌രിവാൾ മന്ത്രിസഭയിൽ അംഗമായിരുന്ന കപിൽ മിശ്ര കഴിഞ്ഞ ആഗസ്റ്റിലാണ് ബി.ജെ.പിയിൽ ചേർന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |