പാലാ: 'ആയുസി"നെ ഓർമ്മയില്ലേ, കറിച്ചട്ടിയിൽ നിന്ന് ജീവിതത്തിലേക്ക് നീന്തിക്കയറിയ ആ കുഞ്ഞു പള്ളത്തിമീനിനെ. ഒരു വർഷം പിന്നിട്ട ആ അതിജീവന കഥ കേൾക്കുന്നവർക്കെല്ലാം അദ്ഭുതമാണ്. ഉഴവൂരിന് സമീപം കൂടപ്പുലം കർത്താനാകുഴിയിൽ വീട്ടിലെ സ്വീകരണമുറിയിലുള്ള കൊച്ചുബക്കറ്റിൽ ഈ അദ്ഭുതം ഇപ്പോഴും തുള്ളിക്കളിക്കുന്നു. 2018 ഡിസംബർ 12നാണ് ആയുസ് ഇവിടെയെത്തിയത്.
ചെത്തുതൊഴിലാളിയായ ഹരിദാസ് രാവിലെ പത്തോടെ ഉഴവൂർ ചന്തയിൽ നിന്ന് വീട്ടിലേക്ക് ഒരു കിലോ കായൽ മീൻ വാങ്ങി. പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞാണ് കൊണ്ടുവന്നത്. മീൻ വെട്ടാനായി ഹരിദാസിന്റെ ഭാര്യ മായ അവയെ ചട്ടിയിലിട്ടത് 12 മണിക്ക്. കഴുകുന്നതിനിടെ ഒരു കുഞ്ഞു മീനിന് അനക്കമുണ്ടെന്ന് സംശയം തോന്നി. സൂക്ഷിച്ചു നോക്കിയപ്പോൾ അവൻ വീണ്ടും പിടച്ചു. അതിനെ മുറിക്കാൻ മനസുവരാത്ത മായ പെട്ടെന്ന് അടുത്തുള്ള ബക്കറ്റിലെ വെള്ളത്തിലിട്ടു. പത്തു മിനിട്ടിനുള്ളിൽ കൊച്ചു മീൻ അതിജീവനത്തിലേക്ക് നീന്തിക്കയറി. വൈകിട്ട് സ്‌കൂൾ വിട്ടെത്തിയ മക്കളായ ശിവരഞ്ജനും ദേവരഞ്ജനും 'മരിച്ചു ജീവിച്ച" പൊന്നോമനയായ മീനിന് പേരുമിട്ടു, 'ആയുസ്".
ഒരുദിവസം വീട്ടിൽ ആരുമില്ലാതിരുന്നപ്പോൾ ആയുസ് ബക്കറ്റിൽ നിന്ന് നിലത്തേക്ക് ചാടി. അര മണിക്കൂർ കഴിഞ്ഞ് വീട്ടുകാരെത്തിയപ്പോൾ അവൻ ജീവന് വേണ്ടി പിടയ്‌ക്കുകയായിരുന്നു. ഉടൻ പിടിച്ച് വെള്ളത്തിലിട്ടു. മൂന്നു തവണ കൂടി ചാട്ടം ആവർത്തിച്ചെങ്കിലും 'ആയുസിനെ" ദൈവം കൈവിട്ടില്ലെന്ന് മായയും കുടുംബവും പറയുന്നു.
മായ 'ആയുസേ" എന്ന് വിളിച്ചാൽ ഇവൻ വെള്ളത്തിന് മുകളിൽ വരും. വെള്ളത്തിലേക്ക് മായ കൈമുട്ടിച്ചാൽ കൈപ്പത്തിയിൽ ചാടിക്കയറും. വെള്ളത്തിൽ നിന്നുയർത്തി മായ ഒരു ചുംബനം സമ്മാനിച്ചാൽ ചിറകുകളൊതുക്കി അവൻ കണ്ണുകളടയ്ക്കും. ഇതെല്ലാം കേട്ടവർ ഒരു തവണയെങ്കിലും ആയുസിനെ കാണാൻ കർത്താനാകുഴിയിലെ വീട്ടിലേക്കെത്തും. തിരക്കേറിയതോടെ എല്ലാവരുടെയും മുന്നിൽ ആയുസിനെ ഉയർത്തിക്കാണിക്കില്ലെന്ന് മായയും മക്കളും തീരുമാനിച്ചു. രാവിലെയും ഉച്ചയ്‌ക്കും വൈകിട്ടും ബിസ്‌കറ്റ് തരികളൊക്കെ അകത്താക്കി അതിജീവനത്തിന്റെ ഒന്നാം പിറന്നാൾ ആഘോഷിക്കുകയാണ് ആയുസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |