തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ നാളെ വൈകിട്ട് നാലിന് കാസർകോട് മുതൽ കളിയിക്കാവിള വരെ മനുഷ്യ മഹാശൃംഖല തീർക്കും. യു.ഡി.എഫിലെ പല ഘടകകക്ഷികളിലെയും വലിയൊരു വിഭാഗം ഇതിൽ പങ്കെടുക്കുമെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടു. മഹാശൃംഖലയിൽ കുറഞ്ഞത് 60 - 70 ലക്ഷം പേർ പങ്കെടുക്കും. വലതുവശം ചേർന്നാകും ശൃംഖല.
സി.പി.എം പോളിറ്റ്ബ്യൂറോ അംഗങ്ങളായ എസ്. രാമചന്ദ്രൻ പിള്ള കാസർകോട്ട് ആദ്യത്തെയും എം.എ. ബേബി കളിയിക്കാവിളയിൽ അവസാനത്തെയും കണ്ണിയാകും. മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് പാളയത്ത് മഹാശൃംഖലയിൽ അണിചേരും. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും എ. വിജയരാഘവനും തിരുവനന്തപുരത്ത് പങ്കെടുക്കും.
മഹാശൃംഖല കാസർകോട്ട് നിന്ന് കോഴിക്കോട് രാമനാട്ടുകര വരെ ദേശീയപാതയിലൂടെയും അവിടെ നിന്ന് മലപ്പുറം, പെരിന്തൽമണ്ണ, പട്ടാമ്പി വഴി തൃശൂരിലുമെത്തും. തുടർന്ന് വീണ്ടും ദേശീയപാതയിലേക്ക് കടന്ന് എറണാകുളം, ആലപ്പുഴ വഴി കളിയിക്കാവിളയിലെത്തും. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ളവർ ആലപ്പുഴയിൽ കണ്ണികളാവും. ഇടുക്കിയിലും വയനാട്ടിലും പ്രാദേശികമായി ശൃംഖലയുടെ ചെറുപതിപ്പുകളൊരുക്കും. വൈകിട്ട് മൂന്നരയ്‌ക്ക് റിഹേഴ്സലും നടക്കും. നാലിന് ഭരണഘടനയുടെ ആമുഖം വായിച്ചാണ് തുടക്കം. തുടർന്ന് ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലും. അതിനു ശേഷം പ്രധാനകേന്ദ്രങ്ങളിൽ പൊതുയോഗങ്ങളുമുണ്ടാവും.
മഹാശൃംഖലയിൽ പങ്കെടുക്കാൻ രാവിലെ മുതൽ ആളുകളെത്തും. ഇടതുമുന്നണിയുടെ ലക്ഷ്യം ന്യൂനപക്ഷപ്രീണമാണെന്ന പ്രതിപക്ഷ ആരോപണം ദോഷൈകദൃക്കുകളുടെ വീക്ഷണം മാത്രമെന്നും വിജയരാഘവൻ പറഞ്ഞു. ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ നന്മകൾ ഇവിടത്തെ കോൺഗ്രസിനില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |