കൽപ്പറ്റ: കല്യാണിയും കിങ്ങിണിയും തമ്മിലുള്ള അപൂർവ സ്നേഹബന്ധത്തിന് ഏഴ് വയസുണ്ട്. വയനാട്, മാരമല കാട്ടുനായ്‌ക്ക കോളനിയിലെ കല്യാണിക്ക് കിങ്ങിണിയെന്ന കാട്ടുപന്നി കൂട്ടായെത്തിയതിന് പിന്നിൽ ഒരു കഥയുണ്ട്. കോളനിയിൽ ആനയും കടുവയുമിറങ്ങുന്നത് തടയുന്നതിന് ചുറ്റിലും വലിയ കിടങ്ങുണ്ട്.
ഒരു ദിവസം പുലർച്ചെ കിടങ്ങിൽ വീണ രണ്ട് ദിവസം മാത്രം പ്രായമുള്ള കുട്ടിയായിരുന്നു കിങ്ങിണി. വിറകെടുക്കാൻ പോയ കല്യാണിയുടെ അമ്മ ബൊമ്മി അതിനെ വീട്ടിൽ കൊണ്ടുവന്നു. കിങ്ങിണിയെന്ന് പേരിട്ട പന്നിക്കുട്ടിയുടെ സംരക്ഷണം അന്നു മുതൽ കല്യാണി ഏറ്റെടുത്തു. ഇപ്പോൾ കിങ്ങൂ എന്ന് വിളിച്ചാൽ കിങ്ങിണി കല്യാണിയുടെ മുന്നിലെത്തും.
ആദ്യം ആട്ടിൻ പാൽ കുപ്പിയിലാക്കി നൽകിയിരുന്നു. ഇപ്പോൾ നല്ല മധുരമുള്ള തിളപ്പിച്ച കട്ടൻ ചായ രാവിലെയും വൈകിട്ടും നിർബന്ധം. പിന്നെ ബിസ്‌കറ്റിനോടാണ് പ്രിയം. സാമ്പാറുണ്ടെങ്കിൽ ചോറ് നന്നായി കഴിക്കും. പക്ഷേ കിങ്ങിണിയെ കുളിപ്പിക്കാൻ മാത്രം കല്യാണി മെനക്കെടാറില്ല. ദേഹത്ത് വെള്ളം വീണാൽ കിങ്ങിണി മണ്ണിൽ കിടന്ന് മറിയും.
കല്യാണിയുടെ വീട്ടിലെ നാല് മുറികളിൽ മൂന്നും കിങ്ങിണിയുടേതാണ്. ഓരോ ദിവസവും അവിടെ മാറിമാറി ഉറങ്ങും. മുറികളുടെ നിലം മുഴുവൻ ഉഴുതു മറിച്ച നിലയിലാണ്. രാത്രി വെള്ളം കുടിക്കണമെന്ന് തോന്നിയാൽ കല്യാണിയുടെ മുറിയുടെ വാതിലിൽ മുട്ടും. നേരമിരുട്ടുമ്പോൾ കിടന്നാൽ രാവിലെ എട്ടു വരെ സുഖനിദ്രയാണ്.
കല്യാണം കഴിക്കാത്ത കല്യാണിക്ക് കിങ്ങിണി മകളാണ്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് കല്യാണി 150 രൂപ കൊടുത്ത് കിങ്ങിണിക്കായി പുതപ്പ് വാങ്ങിയിരുന്നു. അത് കിങ്ങിണി നാല് കഷ്ണങ്ങളാക്കി. കല്യാണി ജോലിക്ക് പോയാൽ വീട് നോക്കുന്നത് കിങ്ങിണിയാണ്. അങ്ങനെ മകളായും കാവൽക്കാരിയായും കിങ്ങിണി കല്യാണിയുടെ ഓമനയാവുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |