ഒരു കർക്കടകത്തിൽ നിലാവെട്ടത്തിൽ അമ്മയുടെ കുഴിമാടവും നോക്കി ജനലഴികളിൽ പിടിച്ചവൻ ഏങ്ങിയേങ്ങി കരഞ്ഞു. ഉച്ചയ്ക്കാണ് അമ്മയെ മണ്ണിനടിയിൽ മറവു ചെയ്തത്. വൈകുന്നേരം പെയ്ത പെരുമഴതുള്ളികൾ മണ്ണിനിടയിലൂടെ ഊർന്നിറങ്ങി അമ്മയെ ശ്വാസം മുട്ടിച്ചോ എന്ന തോന്നലിൽ അവന്റെ ഉള്ളുന്നുലഞ്ഞു പിടഞ്ഞു. അനാഥരായ അനേകം അമ്മമാരെ സംരക്ഷിക്കുന്ന പത്തനാപുരത്തെ ഗാന്ധിഭവന്റെ സ്ഥാപകനും ചെയർമാനുമായ പുനലൂർ സോമരാജൻ എട്ടാംക്ലാസിൽ പഠിക്കുമ്പോൾ മരണപ്പെട്ട അമ്മ ശാരദയെ കുറിച്ച് ഓർമ്മിക്കുകയാണ്.
കുടുംബത്തിലെ രണ്ടാം തലമുറയിലെ ആദ്യത്തെ ആൺകുട്ടിയാണ് സോമരാജൻ. അമ്മ രണ്ടാമതും പ്രസവിച്ചപ്പോൾ അമ്മാവന്മാർ സോമരാജനെ തറവാട്ടിലേക്ക് കൊണ്ടു പോയി. അന്നത്തെ കാലത്ത് അതൊരു നാട്ടുനടപ്പാണ്. അപ്പൂപ്പനും അമ്മാവന്മാരും ലാളിച്ചാണ് വളർത്തിയതെങ്കിലും അമ്മയുടെ അസാന്നിദ്ധ്യം സോമരാജനെ അസ്വസ്ഥനാക്കി. ആറു പ്രാവശ്യം പേറ്റുനോവറിഞ്ഞ അമ്മ അർബുദത്തിന്റെ നീറ്റലറിയാൻ തുടങ്ങിയപ്പോൾ സോമരാജൻ അമ്മയുടെ അടുത്തെത്തി. ആ സമയം അമ്മയ്ക്ക് മൂത്തമകനെ മനസറിഞ്ഞ് സ്നേഹിക്കാൻ കഴിഞ്ഞില്ല. രണ്ടു വർഷത്തെ ചികിത്സയ്ക്കു ശേഷം കരഞ്ഞു കരിഞ്ഞുണങ്ങിയ കവിളിലെ കണ്ണീരുപ്പു പാടങ്ങൾക്ക് അവസാനമിട്ടുകൊണ്ട് അമ്മ മരിച്ചു.
ഇന്നും അമ്മയുടെ ഓർമ്മകൾ ഒരു നീറ്റലാണ്. സർക്കാർ ജീവനക്കാരനായിരുന്ന അച്ഛനെ അമ്മയുടെ മരണം തളർത്തി. പൊതുപ്രവർത്തനത്തിൽ അച്ഛൻ കൂടുതൽ സജീവമായി. ഒരു തരത്തിൽ ഒറ്റപ്പെടലിൽ നിന്നുള്ള ഒളിച്ചോട്ടമായിരുന്നു ഈ പൊതുപ്രവർത്തനം. അത്രത്തോളം അച്ഛൻ അമ്മയെ സ്നേഹിച്ചിരുന്നു. ഇളയ സഹോദരങ്ങളുടെ അമ്മയായി സോമരാജൻ മാറി. പാഠങ്ങൾ പഠിപ്പിച്ചും പാട്ടുപാടിയും കഥകൾ പറഞ്ഞും ഊട്ടിയുറക്കിയും അനുജന്മാരുടെ അമ്മയും അമ്മാവനുമൊക്കെയായി സോമരാജൻ പകർന്നാട്ടം നടത്തി. പ്രീഡിഗ്രി മുതലേ ട്യൂട്ടോറിയലുകളിൽ പഠിപ്പിക്കാൻ പോയിതുടങ്ങി. പഠിപ്പിച്ചു കിട്ടുന്ന വരുമാനം മുഴുവൻ സഹോദരങ്ങളുടെ സന്തോഷത്തിനായി മാറ്റിവച്ചു.
വീട്ടിലും നാട്ടിലും സോമരാജൻ നേതൃത്വം ഏറ്റെടുക്കാൻ തുടങ്ങിയതിനു പിന്നിൽ ഒരു കഥയുണ്ട്.
സോമരാജന്റെ പിതാവ് ചെല്ലപ്പൻ അഭിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രാദേശിക നേതാവായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വാർഷിക സമ്മേളന റാലിയിൽ അരിവാൾ പിടിച്ചു നിൽക്കുന്ന കർഷകന്റെ വേഷം ചെയ്യാനായി കുട്ടിയായ സോമരാജനെയാണ് ചെല്ലപ്പൻ കൊണ്ടുപോയത്. അലങ്കരിച്ച കാളവണ്ടിയിൽ സോമരാജൻ അഭിമാനത്തോടെ അരിവാളും പിടിച്ചു നിന്നു. തൊട്ടുപുറകിലായി കമ്മ്യൂണിസ്റ്റ് കരുത്തന്മാരായ ഇ.എം.എസും, അച്യുതമേനോനും, ഉണ്ണിരാജയും ജാഥ നയിച്ചു വന്നു. നേതാക്കന്മാരുടെ മുന്നേ നടന്നവനാണ് 'ഞാൻ"എന്ന ഭാവമാണ് സോമരാജനിലെ നേതൃത്വവാസനയെ വളർത്തിയത്. അവിടെ നിന്നാണ് നേതൃത്വങ്ങൾ സ്വയം ഏറ്റെടുക്കാൻ തുടങ്ങിയത്. നാട്ടിൽ ആകാശവാണിയിലെ ബാലലോകത്തിന്റെ റേഡിയോക്ലബ്ബ്, മദ്യവർജന സമിതി ഇവയൊക്കെ തുടങ്ങിയത് സോമരാജനാണ്. പിന്നീട് ആകാശവാണി റേഡിയോക്ലബ്ബിന്റെ സംസ്ഥാന സെക്രട്ടറിയായും ഹോട്ടൽ വ്യവസായികളുടെ സംസ്ഥാന സെക്രട്ടറിയായും, പുരോഗമന കലാസാഹിത്യ സംഘത്തിന്റെ താലൂക്ക് സെക്രട്ടറിയായും സോമരാജൻ പ്രവർത്തിച്ചിട്ടുണ്ട്. ധാരാളം റേഡിയോ നാടകങ്ങളും ബാലസാഹിത്യ കൃതികളും എഴുതി. കൊളംബോ സർവകലാശാലയിൽ നിന്ന് ജീവകാരുണ്യത്തിൽ പി.എച്ച് ഡിയും നേടി.
അച്ഛൻ പലപ്പോഴും തെരുവിലെ യാചകരെ വീട്ടിൽ കൊണ്ടുവന്നു താടിയും മുടിയും മുറിച്ച് കുളിപ്പിച്ച് നല്ല വസ്ത്രം ധരിപ്പിച്ച്, നല്ല ഭക്ഷണവും കൊടുത്തു പറഞ്ഞയക്കും. അച്ഛന്റെ ഈ ശീലവും അമ്മയില്ലാത്ത വേദനയും സോമരാജന്റെ മനസിൽ വളർന്നുകൊണ്ടിരുന്നു. ഇടതുപക്ഷ സഹയാത്രികനായിരുന്നപ്പോഴും ഗാന്ധിജിയും ഗാന്ധിജിയുടെ ആശയങ്ങളും ആദർശങ്ങളും സോമരാജന്റെ ഇഷ്ടങ്ങളായിരുന്നു. ഒരു യാത്രയിൽ 85 വയസ്സുള്ള പാറുക്കുട്ടി അമ്മയെ കണ്ടതാണ് ഗാന്ധിഭവന്റെ തുടക്കത്തിന് കാരണം. തകർന്നു വീഴാറായ കുടിലിലാണ് പാറുക്കുട്ടിയമ്മയുടെ താമസം. കുഴിഞ്ഞുതാണ ആർദ്രങ്ങളായ ആ കണ്ണുകളിൽ സോമരാജൻ സ്വന്തം അമ്മയുടെ പ്രതിരൂപമാണ് കണ്ടത്. ഉന്തിനിൽക്കുന്ന തോളെല്ലുകളുമായി വിശന്നുകൂനിയിരിക്കുന്ന പാറുക്കുട്ടിയമ്മയോട് ''എന്നോടൊപ്പം വരുന്നോ?"" എന്നു ചോദിച്ചു. 'വരുന്നു" എന്ന മറുപടിയാണ് കിട്ടിയത്. പാറുക്കുട്ടി അമ്മയെ വീട്ടിൽ കൊണ്ടുവന്ന് 'അമ്മയായി" താമസിപ്പിച്ചു.
മറ്റൊരാളെക്കൂടി അന്തേവാസിയായി കിട്ടിയപ്പോൾ ചെറിയൊരു വീട് വാടകയ്ക്കെടുത്തു. രണ്ടുപേരെയും അങ്ങോട്ട് മാറ്റി താമസിപ്പിച്ചു. ഇവിടെ നിന്നാണ് ഗാന്ധിഭവൻ തുടങ്ങുന്നത്. ഇന്ന് കേരളത്തിലെ ഏറ്റവും വലിയ അഗതി മന്ദിരമാണ് ഗാന്ധിഭവൻ. അഗതി മന്ദിരം എന്ന് പറയുന്നതിനേക്കാൾ അതിഥിമന്ദിരം എന്ന് പറയുന്നതാണ് ശരി. അഗതികളെ അതിഥികളെപ്പോലെയാണ് അവരുടെ ജീവിതാവസാനം വരെ പരിചരിക്കുന്നതും സംരക്ഷിക്കുന്നതും സ്നേഹിക്കുന്നതും. ഗാന്ധിഭവനിൽ എന്നും ഉത്സവാന്തരീക്ഷമാണ്. എല്ലാ ദിവസവും ഉച്ചക്ക് സർവമത പ്രാർത്ഥന കഴിഞ്ഞാൽ പായസത്തോടെയുള്ള സദ്യയുണ്ടാകും. പ്രഭാതത്തിൽ ചുക്കും കുരുമുളകുമിട്ട കരുപ്പട്ടി കാപ്പി മുതൽ അത്താഴ ഭക്ഷണം വരെ അഞ്ചുനേരം ആയിരത്തി അഞ്ഞൂറോളം അന്തേവാസികൾക്ക് അന്നം കൊടുക്കുന്നതിൽ പരം പുണ്യം വേറെ എന്താണുള്ളത്?
യന്ത്രസാമഗ്രികളാൽ ആധുനികവൽക്കരിക്കപ്പെട്ട അടുക്കള സദാസമയവും പ്രവർത്തിക്കുന്നതു കാണുമ്പോൾ സോമരാജന് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു രാത്രിയുണ്ട്. ഗാന്ധിഭവന്റെ തുടക്കത്തിൽ ദൈനംദിന ചെലവുകൾക്ക് പൈസ തികയാതെ വരുമ്പോൾ സോമരാജന്റെ ഭാര്യ പ്രസന്നയുടെ സ്വർണം വിൽക്കും. അങ്ങനെ 90 പവൻ സ്വർണം വിറ്റു. പിതൃസ്വത്തായി ലഭിച്ച വസ്തുവും സ്വന്തമായി ഉണ്ടായിരുന്ന ഫാൻസി സ്റ്റോറും വിറ്റു. അന്തേവാസികളുടെ എണ്ണം 180 ആയി. നാട്ടുകാരുടെ കളിയാക്കലുകൾ കേട്ടും സ്വന്തക്കാരുടെ എതിർപ്പുകൾ കണ്ടുമാണ് മുന്നോട്ടുപോകുന്നത്.സോമരാജന്റെ കീശ കാലിയായി. പ്രസന്നയുടെ കഴുത്തിൽ കെട്ടുതാലിപോലുമില്ല. കടം തരാൻ ഇനി ആരുമില്ല. നാളത്തെ ആഹാരത്തിന് ഒരുമണി അരിപോലും ഇല്ല. സോമരാജന്റെ മുഖത്തെ ശൂന്യതയും ആശങ്കയും മനസിലാക്കിയ പ്രസന്ന സങ്കടം ഘനീഭവിച്ച ഹൃദയത്തോടെ പറഞ്ഞു. 'നാളെ പട്ടിണി കിടക്കുന്ന പാവങ്ങളെ കാണാനുള്ള ത്രാണി എനിക്കില്ല. നമുക്ക് വിഷം കഴിച്ചു മരിച്ചാലോ?" ആ വാക്കുകൾ സോമരാജന്റെ ആത്മാവിനെ കരിച്ചു കളഞ്ഞു. അമ്മ മരിച്ചപ്പോൾ അനുഭവിച്ച ആത്മവേദനയോടെയാണ് ഭാര്യയുടെ ചോദ്യത്തെ സോമരാജൻ നേരിട്ടത്. നാളെ പട്ടിണി കിടക്കേണ്ടി വരുന്ന അന്തേവാസികളെകുറിച്ചോർത്തപ്പോൾ ആത്മവേദനയോടൊപ്പം ആത്മനിന്ദയും അനുഭവപ്പെട്ടു.
നാളത്തെ പകലിൽ പുകയാത്ത അടുപ്പിനെ കുറിച്ചോർത്ത മനസ് ഇരുളുകയും മുരളുകയും ചെയ്തുകൊണ്ടിരുന്നു. ഉറങ്ങാൻ കഴിയുന്നില്ല. സകല ദൈവങ്ങളേയും വിളിച്ചു പ്രാർത്ഥിച്ചു. എപ്പോഴോ ഉറങ്ങി. അതിരാവിലെ കോളിംഗ് ബെല്ല് കേട്ടാണ് സോമരാജനും പ്രസന്നയും ഉണർന്നത്. രണ്ടു ചാക്ക് അരിയുമായി ഒരു ഓട്ടോറിക്ഷാ ഡ്രൈവർ മുറ്റത്തു നിൽക്കുന്നു. പിടവൂർ പള്ളിയിലെ പുരോഹിതനായ ഫാദർ വി. ഐ ചെറിയാൻ തലേന്നു രാത്രി ഗാന്ധിഭവനിൽ കൊടുക്കാനായി ഓട്ടോക്കാരനെ ഏൽപ്പിച്ചതാണ്. ദൈവം അങ്ങനെയാണ്. മനസിൽ കരുണയുള്ളവനെ ഒരിക്കലും കൈവിടില്ല.
ഗാന്ധിഭവന്റെ പ്രവർത്തനങ്ങളെ കുറിച്ചറിഞ്ഞപ്പോൾ പലരും സഹകരിക്കാൻ തുടങ്ങി. പ്രധാനമന്ത്രി മൻമോഹൻസിംഗിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ടി. കെ എ നായർ ഗാന്ധിഭവനിൽ വന്നത് അനുഗ്രഹമായി. ലുലു ഗ്രൂപ്പിന്റെ ചെയർമാനായ യൂസഫലിയോട് ഒരിക്കൽ ടി. കെ എ നായർ പറഞ്ഞു.''സമയം കിട്ടുമ്പോൾ പത്തനാപുരത്തെ ഗാന്ധിഭവൻ പോയി കാണണം. സോമരാജനേയും പരിചയപ്പെടണം"". അപ്രതീക്ഷിതമായി ഒരു ദിവസം യൂസഫലി ഗാന്ധിഭവനിൽ വന്നു. സോമരാജനെ പരിചയപ്പെട്ടു. കരുപ്പട്ടി കാപ്പി കുടിച്ചു. ചുറ്റും നടന്നു കണ്ടു. ഗാന്ധിഭവനിൽ ഓർമ്മ മാഞ്ഞ് മറവിയിലാണ്ട ജീവിതവുമായി ജീവിക്കുന്ന അമ്മമാരുടെ ഒരു ബ്ലോക്കുണ്ട്. ആ അമ്മമാർ അറിയാതെയാണ് മലമൂത്ര വിസർജനം നടത്തുന്നത്. അമ്മമാരുടെ ആ ബ്ലോക്കിൽ പോലും സുഗന്ധമാണ് അനുഭവപ്പെട്ടത്. ആ അമ്മമാരെല്ലാം ധരിച്ചിരുന്നത് വൃത്തിയുള്ള വസ്ത്രങ്ങളായിരുന്നു. അത്രത്തോളം സൂക്ഷമതയോടെയും ശ്രദ്ധയോടുമാണ് അവരെ പരിചരിക്കുന്നത്. സോമരാജന്റെ മനസും ഗാന്ധിഭവന്റെ പരിസരവും പരിശുദ്ധമാണെന്ന് മനസിലാക്കിയ യൂസഫലി സഹായം വാഗ്ദാനം ചെയ്തു. എല്ലാ മാസവും ലക്ഷങ്ങൾ സംഭാവനയായി കൊടുക്കുന്നു. കൂടാതെ പതിനഞ്ചു കോടി രൂപ മുതൽ മുടക്കിൽ ലുലുഗ്രൂപ്പ് നേരിട്ട് നിർമാണം നടത്തുന്ന ബഹുനില കെട്ടിടത്തിന്റെ പണി പൂർത്തിയായി വരുന്നു. ഗാന്ധിഭവനു വേണ്ടി വലിയ സഹായങ്ങൾ ചെയ്യുന്ന യൂസഫലിയുടെ ചിത്രം ദൈവങ്ങളുടെ കൂട്ടത്തിലാണ് സോമരാജൻ ഹൃദയത്തിൽ സൂക്ഷിക്കുന്നത്.
ഗാന്ധിഭവന്റെ തളർച്ചയിലൊക്കെ തണൽ മരമായി മാറുന്ന മറ്റൊരാളാണ് എസ്.എഫ്.സി ഗ്രൂപ്പിന്റേയും മുരളിയാ പാലിന്റേയും ചെയർമാനായ കെ. മുരളീധരൻ. ഗാന്ധിഭവനിലെ നാൽപതോളം പെൺകുട്ടികളുടെ വിവാഹം നടത്തിയത് കെ. മുരളീധരനാണ്. ഗാന്ധിഭവനോടൊപ്പം സഞ്ചരിക്കുന്ന നിരവധി പ്രമുഖരുണ്ട്.
രാഷ്ട്രപതി എ.പി. ജെ അബ്ദുൽകലാം ഗാന്ധിഭവൻ സന്ദർശിച്ചതിന്റെ പിറ്റേ ദിവസം ഒരു മാസത്തെ ശമ്പളം സംഭാവനയായി അയച്ചു കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ സഹകരണം ഗാന്ധിഭവന് വലിയൊരു തുണയാണ്. ഏഷ്യയിലെ ഏറ്റവും വലിയ 'മതേതര കൂട്ടുകുടുംബം" എന്ന പേരിൽ ഏഷ്യാ ബുക്ക് ഒഫ് റെക്കാർഡ്സിലും ഇന്ത്യ ബുക്ക് ഒഫ് റെക്കാർഡിലും ഗാന്ധിഭവൻ ഇടം പിടിച്ചു. ഇന്ത്യൻ പ്രസിഡന്റിൽ നിന്നും കേന്ദ്രസർക്കാരിന്റെ 'വയോ ശ്രേഷ്ഠ സമ്മാൻ", നാലു പ്രാവശ്യം കേരളസർക്കാരിന്റെ അവാർഡുകൾ ഉൾപ്പെടെ ആയിരത്തിലധികം അവാർഡുകളാണ് ഗാന്ധിഭവനെ തേടിയെത്തിയത്.
ഇന്ത്യയിൽ ഏറ്റവുമധികം അവാർഡുകളും അംഗീകാരങ്ങളും നേടിയ സ്ഥാപനത്തിനുള്ള അവാർഡ് ഗാന്ധിഭവന് കിട്ടിയിട്ടുണ്ട്. അത്തരത്തിലൊരു അവാർഡ് അപൂർവതയാണ്. ചലച്ചിത്രനടൻ ടി.പി. മാധവൻ, പഴയകാല ചലച്ചിത്രനടി പാലാ തങ്കം, സ്കൂൾ ഒഫ് ഡ്രാമയിലെ ആദ്യത്തെ ഒന്നാം റാങ്കുകാരൻ മുഹമ്മദ്, ആകാശവാണിയിലെ കാഥികനായിരുന്ന തങ്കപ്പൻ, വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ട നടി റാണിചന്ദ്രയുടെ സഹോദരി ഐഷാ വാസുദേവൻ, സർ സി. പി യുടെ ജ്യേഷ്ഠന്റെ ചെറുമകൾ ആനന്ദവല്ലി അമ്മാൾ തുടങ്ങി അനേകം പ്രശസ്തരും ഗാന്ധിഭവനിലെ അന്തേവാസികളുടെ കൂട്ടത്തിലുണ്ട്. ഗാന്ധിഭവനിൽ അന്തേവാസികളുടെ എണ്ണം കൂടികൊണ്ടിരിക്കുകയാണ്. അതിനനുസരിച്ചുള്ള സാമ്പത്തിക ബാദ്ധ്യതയും കൂടി വരുന്നുണ്ട്. ഗാന്ധിഭവൻ ഒരു വീടല്ല. ഗാന്ധിജി സ്വപ്നം കണ്ട ഗ്രാമസ്വരാജിന്റെ നേരടയാളമാണ്. ഗാന്ധിഭവന്റെ സ്വന്തം പഞ്ചായത്താണ് 'സ്നേഹ ഗ്രാമം". ഗാന്ധിഭവനെ പത്തു വാർഡുകളായി തിരിച്ചിട്ടുണ്ട്. ഈ പരിസരത്തിന് വൃത്തിയുണ്ട്. ആഹാരത്തിന് രുചിയുണ്ട്. പരിചരണത്തിൽ സ്നേഹമുണ്ട്. സംരക്ഷണത്തിൽ ആത്മാർത്ഥതയുണ്ട്. അറിവിന് ലൈബ്രറിയുണ്ട്.
അലോപ്പതിയിലും ആയുർവേദത്തിലും ഹോമിയോപ്പതിയിലും ചികിത്സിക്കാൻ ഡോക്ടർമാരുണ്ട്. മനസറിഞ്ഞ് ശുശ്രൂഷിക്കാൻ നഴ്സുമാരുണ്ട്. മരുന്നുകൾക്ക് ഫാർമസിയുണ്ട്. ഗാർഹിക പീഡന കേസുകൾക്ക് നിയമസഹായം വേണ്ടവർക്ക് സൗജന്യ നിയമസഹായ സെൽ ഉണ്ട്, ഡീ അഡിക്ഷൻ സെന്ററുണ്ട്, സാക്ഷരതാ പഠന കേന്ദ്രമുണ്ട്, കൃഷി തോട്ടമുണ്ട്. ഔഷധ കൃഷിയുണ്ട്. ആകാശ വിശാലതയോളം ആത്മീയതയുണ്ട്. കടലോളം കാരുണ്യമുണ്ട്. ഇതെല്ലാം ഉള്ളപ്പോഴും ഗാന്ധിഭവനിൽ ഇല്ലാത്ത കാര്യങ്ങളുമുണ്ട് അതെ, ഗാന്ധിഭവനിൽ ജാതിയില്ല, മതമില്ല, രാഷ്ട്രീയമില്ല.
(ലേഖകന്റെ ഫോൺ:9961584123)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |