കൊടുങ്ങല്ലൂർ: പൗരത്വ ഭേദഗതി ബിൽ പ്രശ്‌നമുയർത്തി അദ്ധ്യാപകൻ, വിദ്യാർത്ഥിനികളോട് പാകിസ്ഥാനിലേക്ക് പോകാൻ തയ്യാറാകാൻ ഉപദേശിച്ചെന്ന ആരോപണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ പട്ടികജാതി -വർഗ്ഗ പീഢന നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് പട്ടികജാതി-വർഗ്ഗ ഏകോപനസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. അഴീക്കോടും പേബസാറിലുമുള്ള രണ്ട് പേർ ചേർന്ന് ഒരു വാട്സ് ആപ്പ് സന്ദേശമുണ്ടാക്കി, ആ സന്ദേശം അധികൃതരെ കേൾപ്പിച്ചാണ് അദ്ധ്യാപകനെ സസ്പെൻഡ് ചെയ്യിപ്പിച്ചത്. ഇവരുടെ ഫോൺ രേഖകൾ പരിശോധിച്ച് നിജസ്ഥിതി കണ്ടെത്തണം. അദ്ധ്യാപകൻ രണ്ട് വർഷം മുമ്പാണ് ഈ സ്കൂളിലെത്തിയത്. അറ്റൻഡൻസ് രജിസ്റ്ററിലെ രണ്ടാം പേരുകാരൻ പട്ടികജാതിക്കാരനായതാണ് സഹപ്രവർത്തകരായ ചിലരെ അസ്വസ്ഥരാക്കിയത്. സസ്പെൻഷന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ പട്ടികജാതി-വർഗ്ഗ പീഢന നിരോധന നിയമന പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് 28ന് രാവിലെ 11ന് മിനി സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധ ധർണ് സംഘടിപ്പിക്കുമെന്നും ഇവർ പറഞ്ഞു. പട്ടികജാതി - വർഗ്ഗ സംയുക്തസമിതി സംസ്ഥാന സെക്രട്ടറി എൻ.ആർ സന്തോഷ്, ഓർഗനൈസിംഗ് സെക്രട്ടറി പി. ശശികുമാർ, റിപ്പബ്ളിക്കൻ പാർട്ടി ഒഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. സുനിൽ സി. കുട്ടപ്പൻ, വനിതാ വിംഗ് സംസ്ഥാന അദ്ധ്യക്ഷ അഡ്വ. പി.കെ. ഷിബി, ഗണേശൻ ചാത്തപ്പറമ്പിൽ എന്നിവർ പത്ര സമ്മേളനത്തിൽ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |