കൊല്ലം: ചൈനയിലെ വുഹാൻ പ്രവിശ്യയടക്കം കൊറോണ റിപ്പോർട്ട് ചെയ്‌ത സ്ഥലങ്ങളിൽ നിന്ന് നാട്ടിലെത്തിയവർ 28 ദിവസം കർശനമായും ഭവന നിരീക്ഷണത്തിൽ തുടരണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. നീണ്ടകര താലൂക്ക് ആശുപത്രിയിൽ മാദ്ധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി. 14 ദിവസത്തെ നിരീക്ഷണമാണ് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചതെങ്കിലും കൂടുതൽ ജാഗ്രതയ്‌ക്കുവേണ്ടിയാണ് കേരളം അത് 28 ദിവസമാക്കിയത്.
രോഗ ബാധിത മേഖലകളിൽ നിന്ന് നാട്ടിലെത്തിയവരുടെ വിവാഹം തീരുമാനിച്ചിട്ടുണ്ടെങ്കിൽ അതു മാറ്റിവയ്ക്കണം. ലക്ഷണങ്ങൾ പ്രകടമാവുന്നതിനുമുൻപ് തന്നെ രോഗം പടരാൻ സാദ്ധ്യതയുള്ളതിനാൽ ജനങ്ങളുമായുള്ള സമ്പർക്കം പാടില്ല. കേരളത്തിൽ ജനസാന്ദ്രത കൂടുതലായതിനാൽ രോഗം പടരാൻ സാധ്യത ഏറെയാണ്. ഭയമല്ല ജാഗ്രതയാണ് ഇപ്പോൾ വേണ്ടത്. കൊറോണ ബാധിച്ചു എന്നു കരുതി ആരും മരിച്ചുപോകില്ല. ഏകാന്തമായ വിശ്രമം അനിവാര്യമാണ്. ചൈനയിൽ നിന്നുവന്നവരെ ശത്രുതയോടെ ആരും കാണേണ്ടതില്ല. എച്ച് വൺ എൻ വൺ, ചിക്കൻ ഗുനിയ, ഡങ്കി പനി എന്നിവപോലെ ഇതിനെയും കണ്ടാൽ മതി. ആരുടെയും ജീവൻ നഷ്ടപ്പെടാതിരിക്കാനാണ് മുൻകരുതൽ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ആലപ്പുഴയിൽ പരിശോധിക്കാം
പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയിൽ നിന്ന് പരിശോധനാഫലം വേഗത്തിൽ കിട്ടുന്നില്ല. ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധന നടത്താൻ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ഐ.സി.എം.ആറിന്റെയും അനുമതി വേണം. അനുമതി ലഭിച്ച് ഞായറാഴ്‌ച ആലപ്പുഴയിൽ പരിശോധന തുടങ്ങാമെന്നായിരുന്നു പ്രതീക്ഷയെങ്കിലും നടന്നില്ല. ഇന്ന് ആലപ്പുഴയിൽ പരിശോധന തുടങ്ങാനാണ് ശ്രമം. അങ്ങനെ നടന്നാൽ പരിശോധനാഫലം വേഗത്തിൽ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |