ഇന്നലെ നമുക്കു വളരെ സങ്കടമുണ്ടാക്കുന്ന ഒരു കാര്യം ഉണ്ടായിട്ടുണ്ടെങ്കിൽ ഇന്നും അതിന്റെ അനുരണനങ്ങൾ നമ്മുടെ മനസിനെ വിമ്മിഷ്ടപ്പെടുത്തിക്കൊണ്ടിരിക്കും. നമ്മൾ എത്ര വിചാരിച്ചാലും മനസിൽ നിന്നും അതിനെ വേഗം നീക്കം ചെയ്യാനാവുകയില്ല. കാരണം മനസ് എന്നത് ഇന്നലെകളുടെ ഒരു കൂടാരമായിട്ടാണു നമ്മിലെല്ലാം നിറഞ്ഞു നിലകൊള്ളുന്നത്. അതിനാൽ ഇന്നലെകളിൽ നിന്നും മനസിനെ അടർത്തിയെടുത്ത് ഇന്നിനൊപ്പം ചേർത്തു നിർത്തണമെങ്കിൽ അതിനു വലിയ ജാഗ്രതയും തത്സമയബോധവും വേണം.
എന്നാൽ മനസിനെ പൊതിഞ്ഞുകൊണ്ടു നടക്കുന്ന ശരീരത്തെ സംബന്ധിച്ചിടത്തോളം ഇന്നലെകളെന്നത് ജീവിതത്തിൽ ഇല്ലാത്ത ഒന്നാണ്. നമ്മുടെ ഹൃദയം സ്പന്ദിക്കുന്നത് തത്സമയമായാണ്. നമ്മൾ ശ്വസിക്കുന്നതും കാണുന്നതും കേൾക്കുന്നതും പറയുന്നതും ചിന്തിക്കുന്നതും ചലിക്കുന്നതുമെല്ലാം തത്സമയങ്ങളിലായാണ്. ഇങ്ങനെ തത്സമയപ്രവൃത്തികളിൽ മുഴുകിയിരിക്കാത്തതായിട്ടൊന്നും തന്നെ നമ്മുടെ ശരീരത്തിലോ ജീവിതത്തിലോ ഉണ്ടായിരിക്കുന്നില്ല. നമുക്കു ചുറ്റുമുള്ള പ്രകൃതിയിലേക്കൊന്നു തിരിഞ്ഞു നോക്കിയാലും അതു തന്നെയാണു കാണാനാവുക. ഇന്നലെത്തെ പ്രവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന അല്ലെങ്കിൽ നിലകൊള്ളുന്ന യാതൊന്നും ഇന്നത്തെ പ്രകൃതിയിലില്ലെന്നു സാരം.
കടൽ ഇരമ്പുന്നതും തിരകൾ ഉണ്ടാകുന്നതും കാറ്റു വീശുന്നതും സൂര്യൻ പ്രകാശിക്കുന്നതും ചന്ദ്രൻ ഉദിക്കുന്നതും നക്ഷത്രങ്ങൾ മിന്നുന്നതും തുടങ്ങി സകല ചരാചരങ്ങളും അതാതിന്റെ ധർമ്മാനുഷ്ഠാനങ്ങൾ നിർവഹിക്കുന്നത് ഇന്നുകളിലാണ്. ഇവിടെ ഇന്ന് എന്നു പറയുന്നതിനെ ഇപ്പോൾ എന്ന വർത്തമാനകാലമായാണ് നമ്മൾ വിചാരം ചെയ്യേണ്ടത്. ഘടികാരം ഒരിക്കലും കഴിഞ്ഞുപോയ സമയത്തിനൊപ്പം നില്ക്കുന്നില്ല. അതുപോലെയാണ് നമ്മുടെ ശരീരത്തിന്റെ പ്രാണൻ മുതൽ കോശം വരെയുള്ളവയെല്ലാം തത്സമയിയായിരിക്കുന്നതും.
ഇപ്രകാരം തത്സമയത്തിന്റെ സന്തതിയായി നമ്മൾ ഇരിക്കുമ്പോഴും ഈ തത്സമയത്തിന്റെ നിജബോധത്തിലേക്ക് ഉയരുവാനോ അതിനു സാക്ഷിയായി നിലകൊള്ളുവാനോ മനുഷ്യന് ആവുന്നില്ലെന്നതാണു വാസ്തവം. ഇക്കാര്യം എണ്ണിപ്പറയുന്ന ഒരു സൂക്തം ഖുർആനിൽ കാണാം. ഈ മണ്ണും വിണ്ണും എണ്ണമറ്റ ദൃഷ്ടാന്തങ്ങളാൽ നിലകൊള്ളുമ്പോഴും മനുഷ്യൻ അവയൊന്നും ഗൗനിക്കാതെയും അവയെപ്പറ്റിയൊന്നും വിചാരം ചെയ്യാതെയും അതിലൊന്നും അത്ഭുതപ്പെടാതെയും അതിനു മുന്നിലൂടെ കടന്നുപോകുന്നുവെന്ന ഈ സൂക്തപ്പൊരുൾ നമ്മുടെ അറിവിന്റെ മണ്ഡലത്തെ പ്രകാശിപ്പിക്കാതിരിക്കുന്നിടത്തോളം നമ്മൾ ഈ പ്രകൃതിയിൽ നിന്നും വേറിട്ടവനായി മാറിപ്പോകും. ഈ വേറിടലും മാറിപ്പോകലും ഉണ്ടാക്കുന്ന അജ്ഞാനത്തിന്റെ മറയിലാണു ആധുനികമനുഷ്യൻ അവന്റെ ഭൗതികജീവിതത്തെ നട്ടുനനച്ചു വളർത്തുന്നത്.
അതിനാൽ ജീവിതത്തിന്റെ പച്ചപ്പിനും വികാസത്തിനും നന്നാവലിനും നമുക്ക് നമ്മുടെ ജീവിതം തുന്നിക്കൊണ്ടിരിക്കുന്ന തത്സമയത്തിന്റെ ബോധ്യം ഉണ്ടാവേണ്ടതുണ്ട്. കാരണമെന്തെന്നാൽ ഏതൊരു മനുഷ്യനും മാറ്റമുണ്ടാകുന്നതും അറിവുണ്ടാകുന്നതും ആശയമുണ്ടാകുന്നതും ചിന്തയുണ്ടാകുന്നതും അനുഭവമുണ്ടാകുന്നതും തത്സമയത്തിന്റെ നിരന്തരതയിലാണ്. ഏതൊരു പ്രപഞ്ചജീവിക്കും ഈശ്വരൻ അനുവദിച്ചു നല്കിയിട്ടുള്ളത് തത്സമയജീവിതമാണ് .
ഈശ്വരൻ നമുക്ക് ഇന്നലെകൾ നല്കിയിട്ടില്ല. നാളെകൾ നല്കുകയുമില്ല. ഇന്നുകൾ മാത്രമാണ് നല്കുന്നത്. അങ്ങനെയുള്ള ഈശ്വരനോടു നമ്മൾ നാളെകൾക്കായി പ്രാർത്ഥിക്കുകയാണ് ചെയ്യുന്നത്. പ്രാർത്ഥനയിലെ ഈ വ്യർത്ഥതപോലും നമുക്ക് തിരിച്ചറിയാനാകുന്നില്ല. ഇങ്ങനെയുള്ള ഭക്തലോകമാണ് ഈശ്വരനെയും ഈശരതത്ത്വങ്ങളെയും ഇന്നു നിർവചിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഈ വൈപരീത്യം തിരിച്ചറിഞ്ഞ് അന്നവസ്ത്രാദികൾ തന്നു രക്ഷിക്കുന്ന പൊന്നുതമ്പുരാനെ തത്സമയസമർപ്പണത്തിലൂടെ വേണം ഭക്തൻ ഉപാസിക്കേണ്ടതും ആരാധിക്കേണ്ടതും ഭജിക്കേണ്ടതും.
മനസ് എപ്പോഴും ചാഞ്ചാട്ടസ്വഭാവത്തോടുകൂടിയതാണ്. ഇരുധ്രുവങ്ങളിലേക്കും ആടിക്കൊണ്ടിരിക്കുന്ന ഒരു ഊഞ്ഞാലുപോലെയാണത്. ഒരിക്കലും അതിനൊരു നിശ്ചിതസ്ഥാനമില്ല. വിരുദ്ധദിശകളിലേക്കാണു അതിന്റെ സഞ്ചാരം. അതുപോലെ ഇന്നലെകളിലേക്കും നാളെകളിലേക്കും മാറിമാറിയാടുന്ന മനസിന്റെ ഭ്രമണം അവസാനിപ്പിച്ചെങ്കിലല്ലാതെ ഇന്നിന്റെ പ്രഭാമണ്ഡലത്തിലേക്ക് നമ്മുടെ ബോധം ഉറയ്ക്കുന്നതല്ല. ഇതിനാണു ബോധമറ എന്നു വിദ്വാന്മാർ പറയുന്നത്.
ഈ ബോധമറയെ ദാർശനികമായി തുറന്നു കാട്ടുന്നതാണു ഗുരുദേവതൃപ്പാദങ്ങളുടെ ആത്മോപദേശശതകത്തിലെ 58-ാം പദ്യം.
നവനവമിന്നലെയിന്നു നാളെ മറ്റേ-
ദ്ദിവസമിതിങ്ങനെ ചിന്ത ചെയ്തിടാതെ
അവിരതമെണ്ണിയളന്നിടുന്നതെല്ലാം
ഭ്രമമൊരു ഭേദവുമില്ലറിഞ്ഞിടേണം.
പുതിയതെന്ന കണക്കെ മാറിമാറിവന്നുചേരുന്നവയാണ് ഇന്നലെ, ഇന്ന്, നാളെ, മറ്റെന്നാൾ തുടങ്ങിയ കാലക്രമങ്ങൾ. ഈ ദിനസരി ഉള്ളതാണെന്നു ധരിച്ച് തുടർച്ചായി വേറെവേറെയെന്ന കാലഗണന നടത്തി തിട്ടപ്പെടുത്തുന്നതെല്ലാം മനിന്റെ വെറും സങ്കല്പം അഥവാ ഭ്രമം മാത്രമാണ്. ഈ ഭ്രമപ്രഭാചഞ്ചലം നല്ലതുപോലെ ചിന്തചെയ്തു നിജബോധത്തിൽ മനസിനെ ഉറപ്പിക്കണമെന്നാണു ഗുരുദേവൻ ഉപദേശിക്കുന്നത്.
ഇങ്ങനെ ഒരിടത്തും ഉറച്ചിരിക്കാത്ത വണ്ടിനെപ്പോലെ നിരന്തരമായി ചുറ്റിപ്പറക്കുന്ന മനിനെ ദൃഢവിചാരം കൊണ്ടുറപ്പിച്ചു ഇന്നിനു അഭിമുഖമാക്കി നിറുത്തുന്നവനാണു ജീവിതത്തിന്റെ ഉള്ള് തുറന്ന് കാണാനാവുന്നത്. അവനാണു നിജബോധൻ. അവനു ഇന്നലെകളോ നാളെകളോ ഇല്ല. ഇന്നു മാത്രമേയുള്ളൂ. അതാകട്ടെ നിരതിശയമായ ആനന്ദത്തിന്റെയും സ്വച്ഛതയുടെയും പ്രശാന്തതയുടെയും കെട്ടുറപ്പു കൊണ്ട് ഭദ്രമായിരിക്കുകയും ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |