തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കാൻ രാഷ്ട്രപതിയോട് ആവശ്യപ്പെടുന്ന പ്രമേയം അവതരിപ്പിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം നിയമസഭ വോട്ടിനിട്ട് തള്ളി. ഇതുസംബന്ധിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രമേയം പരിഗണിക്കാൻ സമയം അനുവദിക്കേണ്ടെന്ന് കഴിഞ്ഞ ദിവസം ചേർന്ന കാര്യോപദേശകസമിതി തീരുമാനിച്ചിരുന്നു. തീരുമാനം മുഖ്യമന്ത്രി റിപ്പോർട്ട് ചെയ്യുമ്പോഴാണ് വിഷയം വീണ്ടും കാര്യോപദേശകസമിതിക്ക് വിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് ഉപക്ഷേപമുന്നയിച്ചത്. കഴിഞ്ഞ സമിതിയുടെ തീരുമാനമടങ്ങിയ റിപ്പോർട്ടും വോട്ടിനിട്ട് പാസാക്കി.
ഗവർണറോടുള്ള നിലപാടിൽ മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും ഇരട്ടമുഖമാണ് തെളിയുന്നതെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. എന്നാൽ സർക്കാരിന് ഇരട്ടമുഖമില്ലെന്നും ഒറ്റ നിലപാടേ ഉള്ളൂവെന്നും മുഖ്യമന്ത്രി മറുപടി നൽകി. ഗവർണർ പദവി ദുരുപയോഗം ചെയ്യാൻ പ്രേരിപ്പിച്ച പ്രതിപക്ഷവും പ്രതിപക്ഷനേതാവുമാണ് ഇവിടെയെന്നും സർക്കാർ അംഗീകരിച്ച ഓർഡിനൻസ് ഒപ്പിടരുതെന്ന് പറഞ്ഞത് പ്രതിപക്ഷനേതാവല്ലേയെന്നും മുഖ്യമന്ത്രി ചേദിച്ചു. എന്നാൽ മന്ത്രിസഭ പാസാക്കിയാലും ഹൈക്കോടതി വിധിക്കെതിരായാൽ ഇനിയും ചൂണ്ടിക്കാണിക്കുമെന്ന് പ്രതിപക്ഷനേതാവ് മറുപടി നൽകി. പൗരത്വ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയ നിയമസഭയെ ഗവർണർ ആക്ഷേപിച്ചെന്ന് അദ്ദേഹം ആരോപിച്ചു. സഭയെ ചോദ്യം ചെയ്യുന്ന സമീപനമായിട്ടും പ്രതികരിക്കാത്ത സി.പി.എമ്മിന് നാളെ കനത്ത വില നൽകേണ്ടിവരും. കേരളത്തിലെ ജന മനസിൽ നിന്ന് ആരിഫ് മുഹമ്മദ്ഖാൻ പുറത്തായെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
ഗവർണറുടെ പ്രവൃത്തി ആട് അങ്ങാടിയിലിറങ്ങിയത് പോലെയാണെന്നും കണ്ട ഇലയെല്ലാം കടിക്കുകയാണെന്നും ഉപക്ഷേപത്തെ പിന്തുണച്ച പി.ടി. തോമസ് കുറ്റപ്പെടുത്തി. കേരളത്തിലെ മുഴുവൻ ജനങ്ങളെയുമാണ് ഗവർണർ അവഹേളിച്ചതെന്ന് എം.കെ. മുനീർ പറഞ്ഞു. ഗവർണറെ പിന്തുണച്ച ഭരണപക്ഷം സഭയെ രണ്ടാമതും അവഹേളിച്ചെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. പ്രമേയം പാസാക്കിയിരുന്നെങ്കിൽ ഇന്ത്യയ്ക്കാകെ കേരളത്തെ മാതൃകയാക്കുമായിരുന്നുവെന്ന് എം. ഉമ്മറും, ഗവർണറെയല്ല ആർ.എസ്.എസ് വക്താവിനെയാണ് കഴിഞ്ഞദിവസം സഭയിൽ തടഞ്ഞതെന്ന് അനൂപ് ജേക്കബും പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ വക്താവായി ഗവർണർ നടത്തിയ പരസ്യപ്രതികരണങ്ങളൊന്നും അംഗീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിയമസഭ പാസാക്കിയ പ്രമേയത്തെ തള്ളിപ്പറഞ്ഞതും അംഗീകരിക്കുന്നില്ല. ഇക്കാര്യത്തിൽ സ്‌പീക്കർ പരസ്യമായി അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിനെതിരെ ഭരണപക്ഷം നിലകൊണ്ടെങ്കിലും ഗവർണറെ തുണയ്ക്കേണ്ട ബി.ജെ.പി അംഗം ഒ. രാജഗോപാൽ സഭയിലുണ്ടായില്ല. പി.സി. ജോർജ് നിഷ്‌പക്ഷത പാലിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |