യുദ്ധം ഉൾപ്പെടെ റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്ന ചിത്രമായിരിക്കും മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന് മോഹൻലാൽ. ഒരു പാട് സാധ്യതകൾ ഉപയോഗിച്ച ചിത്രമാണ് മരക്കാർ എന്നും മോഹൻലാൽ പറയുന്നു. 100 കോടി ബഡ്ജറ്റിൽ പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച മരക്കാർ അറബിക്കടലിന്റെ സിംഹം മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ പ്രൊജക്ടാണ്. 2020 മാർച്ച് 26ന് തിയറ്ററുകളിലെത്തും. 5000 സ്ക്രീനുകളിലാണ് ഗ്ലോബൽ റിലീസ്. ഇന്ത്യയ്ക്ക് പുറമേ ചൈനീസ് ഭാഷയിൽ ചൈനയിലും സിനിമ പുറത്തിറങ്ങും. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ഇമോഷണൽ സിനിമയാണ് മരക്കാറെന്നും മോഹൻലാൽ പറയുന്നു.
' കുഞ്ഞാലിമരക്കാർ എനിക്ക് സ്കൂളിലൊക്കെ പഠിച്ച ഓർമ്മയാണ്. അങ്ങനെ ഒരു സിനിമയും വന്നിട്ടുണ്ട്. സിനിമ ഷൂട്ട് ചെയ്തിട്ട് ഒരു വർഷമായി. വിഎഫ്എക്സും മ്യൂസിക്കും സൗണ്ടും ഒക്കെയുള്ള പ്രോസസ് നടക്കുകയായിരുന്നു. മരക്കാർ ഒരു പാട് സാധ്യതകൾ ഉപയോഗിച്ച സിനിമയാണ്, അത്രയും വലിയൊരു സിനിമയാണ്, തമാശ ചിത്രമല്ല, മൂന്ന് മണിക്കൂർ ഉള്ള ഇമോഷണൽ സിനിമയാണ്. നമ്മൾ കണ്ടും കേട്ടുമറിഞ്ഞ കുഞ്ഞാലിമരക്കാരെകുറിച്ചുള്ള അറിവുകളും പിന്നെ കുറച്ച് ഭാവനകളും. സിനിമയിൽ ഒരു സംവിധായകന് ഉപയോഗിക്കാവുന്ന സ്വാതന്ത്ര്യം ഉപയോഗിച്ചുള്ള ഭാവനകളും. വലിയൊരു കാൻവാസിൽ ഞങ്ങൾ ചെയ്ത സിനിമയാണ്.
ആ സിനിമ കുറച്ച് റിയലിസ്റ്റിക് സിനിമയാണ്. പ്രധാനമായും അതിലെ യുദ്ധങ്ങൾ. കാണുമ്പോൾ സത്യസന്ധമെന്ന തോന്നുന്നത്.ഒരു വർഷമൊക്കെ ഷൂട്ട് ചെയ്യേണ്ടത് 100 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയിരിക്കുന്നത്. ആ സിനിമ ഇന്ത്യൻ നേവിക്ക് ആണ് സമർപ്പിച്ചിരിക്കുന്നത്. നമ്മുടെ ഒരു പക്ഷേ ആദ്യത്തെ നേവൽ കമാൻഡർ ആയിരുന്നു കുഞ്ഞാലിമരക്കാർ. തീർച്ചയായും ദേശസ്നേഹം എന്ന് പറയുന്ന പാട്രിയോട്ടിസം ആ സിനിമയിൽ കാണാം. ഒരു പക്ഷേ ചരിത്രത്തിൽ നിന്ന് കുറച്ചൊക്കെ മാറി സഞ്ചരിച്ചിട്ടുണ്ടാകാം. കുഞ്ഞാലിമരക്കാർ ലയൺ ഓഫ് ദ അറേബ്യൻ സീ ആയി മാറട്ടെ".
മോഹൻലാലിനൊപ്പം പ്രണവ് മോഹൻലാലും ചിത്രത്തിലുണ്ട്. കുഞ്ഞാലിമരക്കാരുടെ കുട്ടിക്കാലമാണ് പ്രണവ് അവതരിപ്പിക്കുന്നത്. അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, സിദ്ദീഖ്, നെടുമുടി വേണു, ഇന്നസെന്റ് എന്നിവരും സിനിമയിലുണ്ട്. തിരുനാവുക്കരശ് ആണ് കാമറ. പ്രൊഡക്ഷൻ ഡിസൈൻ സാബു സിറിൽ.നാല് ഭാഷകളിലായി പുറത്തുവരുന്ന സിനിമ ചരിത്രത്തെ പൂർണമായി ആശ്രയിച്ചതാവില്ലെന്നും എന്റർടെയിനറായിരിക്കുമെന്നും സംവിധായകൻ പ്രിയദർശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |