തിരുവനന്തപുരം: വാലന്റൈൻസ് ദിനത്തിൽ കേരള കൗമുദി നൽകിയ വാർത്തയ്ക്ക് വർഗീയ കമന്റുമായി എത്തിയ വിമർശനകന് അമൃത റഹീം നൽകിയ മറുപടി ശ്രദ്ധേയമാകുന്നു. പൊലീസിന്റെ ലാത്തിച്ചാർജിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയവെ പ്രണയത്തിലായ എ.എ റഹീമിനെയും അമൃത റഹീമിനെയും കുറിച്ചുള്ള വാർത്തയാണ് നൽകിയത്. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വാർത്തയ്ക്ക് താഴെ വന്ന കമന്റിനാണ് അമൃത റഹീം മറുപടി നൽകിയത്.
'ദീനിയായ റഹിം ഇപ്പോൾ ഖുറാനിൽ ഡോക്ടറേറ്റ് എടുക്കുന്നു. ഈ ദീനിയുടെ മക്കളുടെ ഉറുദു പേരുകൾ കൂടി എഴുതേണ്ടെ. എന്തേ മലയാളത്തിൽ പേരില്ലായിരുന്നോ'. എന്നായിരുന്നു ഒരാൾ ചോദിച്ചത്. ഇതിന് മറുപടിയായി അമൃത ഇങ്ങനെ കുറിച്ചു. 'എഴുതിയിട്ടുണ്ട് സർ, എ. ആർ. ഗുൽമോഹർ, എ. ആർ. ഗുൽനാർ. എന്ന് അമൃത സതീശൻ'. അതോടൊപ്പം അമൃതയുടെയും റഹീമിന്റെയും ചിത്രവും പങ്കുവച്ചിട്ടുണ്ട്.
നിലവിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയാണ് എ.എ റഹീം. എസ്.എഫ്.ഐയിൽ പ്രവർത്തിക്കുന്ന കാലത്ത് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ തടയാനുള്ള ശ്രമത്തിനിടെ പൊലീസ് ലാത്തിച്ചാർജിൽ രണ്ടുപേർക്കും പരിക്കേറ്റിരുന്നു. അടികൊണ്ട് അമൃതയുടെ രണ്ട് കാലുകളും ഒടിഞ്ഞു. പിന്നെ ദീർഘനാളത്തെ ആശുപത്രി വാസം. അപ്പോഴാണ് നേരത്തേ പരിചയമുണ്ടായിരുന്ന ഇവർക്കിടയിൽ പ്രണയം മുളപൊട്ടിയത്. റഹിം അന്ന് എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റും അമൃത ലാ കോളേജിലെ എസ്.എഫ്.ഐ നേതാവുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |