ഈ വർഷം ഒടുവിൽ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുപയോഗിച്ച വോട്ടർ പട്ടിക തന്നെ മതിയാകുമെന്ന ഹൈക്കോടതി വിധി ഏവർക്കും സ്വീകാര്യമാകേണ്ടതാണ്. 2015-ലെ വോട്ടർ പട്ടികയ്ക്കുവേണ്ടി കഥയില്ലാതെ വാദിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാന ഇലക്‌ഷൻ കമ്മിഷന് ഹൈക്കോടതി വിധി ഉൾക്കൊള്ളാൻ വിഷമമുണ്ടെന്നാണ് സൂചന. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ സാദ്ധ്യത തേടുകയാണ് അദ്ദേഹം. വിധിപ്പകർക്ക് ലഭിക്കാൻ കാത്തിരിക്കുകയാണത്രെ. അപ്പീൽ പോയാൽ വേണ്ട സഹായം നൽകാൻ സർക്കാരും തയ്യാറാണ്. തദ്ദേശ സ്വയം ഭരണ വകുപ്പുമന്ത്രി എ.സി. മൊയ്‌തീൻ അതു വ്യക്തമാക്കിയിട്ടുമുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നിട്ട് അധിക നാളായില്ല. അതിനുവേണ്ടി പുതുക്കിയ വോട്ടർ പട്ടിക മുൻപിലിരിക്കുമ്പോഴാണ് അഞ്ചുവർഷം മുമ്പുള്ള പട്ടിക തന്നെ മതിയെന്ന ശാഠ്യവുമായി സംസ്ഥാന ഇലക്‌ഷൻ കമ്മിഷൻ നിൽക്കുന്നത്. വിചിത്രമായ ഈ വാദഗതിക്കു പിന്നിലെ രാഷ്ട്രീയം എന്തുതന്നെയായാലും സാമാന്യബുദ്ധിയുള്ളവർക്കൊന്നും ദഹിക്കുന്ന കാര്യമല്ല അത്. നിയമസഭയിലേക്കും ലോക്‌സഭയിലേക്കും ഉപയോഗിച്ച വോട്ടർ പട്ടിക തദ്ദേശ തിരഞ്ഞെടുപ്പിന് ഉപയോഗിക്കേണ്ടിവരുമ്പോൾ ഉണ്ടാകുന്ന ജോലിക്കൂടുതൽ കണക്കിലെടുത്താണത്രെ കമ്മിഷൻ വാശിപിടിക്കുന്നത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ബൂത്ത് അടിസ്ഥാനത്തിൽ തയ്യാറാക്കിയ വോട്ടർ പട്ടികയാണ് ഈ രണ്ട് തിരഞ്ഞെടുപ്പുകൾക്കും ഉപയോഗിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിന് വാർഡ് തലത്തിൽ പട്ടിക തയ്യാറാക്കേണ്ടിവരും. അതിന് നാലഞ്ചു മാസത്തെ സമയം വേണ്ടിവരും. പത്തുകോടിയോളം രൂപയുടെ ചെലവും നേരിടും. ഇത് ഒഴിവാക്കാൻ വേണ്ടിയാണ് അഞ്ചുവർഷം മുൻപ് ഉപയോഗിച്ച വോട്ടർ പട്ടികയെ ആശ്രയിച്ചാൽ മതിയെന്ന തീരുമാനത്തിൽ സംസ്ഥാന ഇലക്‌ഷൻ കമ്മിഷനെ തളച്ചിട്ടത്. സർക്കാരിന്റെ മനോഗതിയും അതുതന്നെയായിരുന്നു. അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള പുതുക്കിയ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചിട്ട് മൂന്നു ദിവസമേ ആയിട്ടുള്ളൂ. രണ്ടുകോടി അറുപത്തൊന്ന് ലക്ഷത്തിൽപ്പരം വോട്ടർമാരുണ്ടെന്നാണ് കണക്ക്. വാർഡ് അടിസ്ഥാനത്തിൽ ഈ പട്ടിക തരംതിരിക്കേണ്ട ജോലിയേ ശേഷിക്കുന്നുള്ളൂ. പരിചയവും അനുഭവ സമ്പത്തുമുള്ള ഉദ്യോഗസ്ഥർക്ക് ആ ദൗത്യം അത്ര പ്രയാസമുള്ളതല്ല. മുൻ കാലങ്ങളിലും ഇതൊക്കെ വിവാദങ്ങൾക്കു വഴിവയ്ക്കാതെ ഭംഗിയായി നടന്നിട്ടുള്ളതുമാണ്. സെപ്തംബറിലാണ് അടുത്ത തിരഞ്ഞെടുപ്പ് നടക്കേണ്ടതെന്നതിനാൽ വാർഡ് അടിസ്ഥാനത്തിലുള്ള വോട്ടർ പട്ടിക തയ്യാറാക്കാൻ വേണ്ടുവോളം സമയമുണ്ട്. ഇലക്‌ഷൻ കമ്മിഷന്റെ അസൗകര്യം വച്ചുകൊണ്ട് ഏറ്റവും പുതിയ വോട്ടർ പട്ടിക മാറ്റിവച്ച് പഴയ പട്ടിക പൊടിതട്ടിയെടുക്കേണ്ട ഒരാവശ്യവുമില്ല. കുറച്ചു ഉദ്യോഗസ്ഥന്മാരുടെ സൗകര്യത്തിനായി ലക്ഷക്കണക്കിന് വോട്ടർമാരുടെ താത്‌പര്യം ബലികഴിക്കേണ്ട കാര്യമുണ്ടോ എന്ന ഹൈക്കോടതിയുടെ ചോദ്യം വളരെ പ്രസക്തമാണ്.
തദ്ദേശ സ്ഥാപനങ്ങളുടെ വാർഡുകൾ വിഭജിക്കാൻ സർക്കാർ ഇതിനിടെ തീരുമാനമെടുത്തിരുന്നു. അതിനുള്ള നടപടിക്കും തുടക്കമായിട്ടുണ്ട്. അധിക സാമ്പത്തിക ബാദ്ധ്യതയല്ലാതെ ജനങ്ങൾക്ക് ഗുണമൊന്നുമില്ലാത്ത നടപടിയാണിത്. എല്ലാ രംഗത്തും ചെലവ് കുറയ്ക്കണമെന്ന് ഒരുഭാഗത്ത് വാദിക്കുകയും മറുഭാഗത്ത് അതിനു വിരുദ്ധമായ തീരുമാനങ്ങളെടുക്കുകയും ചെയ്യുന്ന സർക്കാർ നിലപാട് അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്.
വോട്ടർ പട്ടിക പുതുക്കൽ തുടർ പ്രക്രിയ ആകയാൽ ഏതു തിരഞ്ഞെടുപ്പിനും അത് സാധാരണഗതിയിൽ വിവാദമാകാറില്ല. അർഹരായ എല്ലാ വോട്ടർമാരെയും പട്ടികയിൽ ഉൾപ്പെടുത്താൻ തടസമൊന്നുമുണ്ടാകാറില്ല. പ്രത്യേക കാമ്പെയിൻ നടത്തിയാണ് തിരഞ്ഞെടുപ്പു കമ്മിഷൻ പുതിയ വോട്ടർമാരെ ചേർത്ത് കാലാകാലം പട്ടിക പുതുക്കിക്കൊണ്ടിരിക്കുന്നത്. ഉദ്യോഗസ്ഥന്മാരുടെ പ്രായോഗിക ബുദ്ധിമുട്ടുകളുടെ പേരിൽ പുതിയ വോട്ടർ പട്ടിക ഉപേക്ഷിച്ച് പഴയ പട്ടികയെത്തന്നെ ആശ്രയിക്കണമെന്നു വാദം ഉയരുന്നത് ഇതാദ്യമാണ്. നേരത്തെ സിംഗിൾ ബെഞ്ച് ഈ വാദം അംഗീകരിച്ചതിനെതിരെ സമർപ്പിക്കപ്പെട്ട അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞിരിക്കുന്നത്. 2015-ലെ പട്ടിക കരടായി കണക്കാക്കി പുതിയ പട്ടിക തയ്യാറാക്കണമെന്നു കാണിച്ച് ജനുവരി നാലിന് സംസ്ഥാന ഇലക്‌ഷൻ കമ്മിഷൻ ഇറക്കിയ വിജ്ഞാപനവും ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിട്ടുണ്ട്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഏറ്റവും പുതിയ വോട്ടർ പട്ടിക അനുസരിച്ചാകും അടുത്ത തദ്ദേശ തിരഞ്ഞെടുപ്പ്.
വോട്ടർ പട്ടികയുടെ പേരിൽ തിരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോകാനുള്ള സാഹചര്യം സൃഷ്ടിക്കരുതെന്നേ ഈ അവസരത്തിൽ പറയാനുള്ളൂ. ഗാന്ധിജയന്തി ദിനത്തിൽ തദ്ദേശ സ്ഥാപനങ്ങളിൽ പുതിയ ഭരണസമിതികൾ സ്ഥാനമേൽക്കണമെന്നാണു വയ്പ്. പല കാരണങ്ങളാൽ അതു ഇപ്പോൾ നടക്കാറില്ല. വോട്ടർപട്ടികയെച്ചൊല്ലിയുള്ള തർക്കം കാരണം 2015-ലും തദ്ദേശ തിരഞ്ഞെടുപ്പ് നീണ്ടുപോയിരുന്നു. ഹൈക്കോടതി വിധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീംകോടതിയിൽ പോകുകയും തീരുമാനം വൈകുകയും ചെയ്താൽ ഇത്തവണയും തിരഞ്ഞെടുപ്പിനെ അതു ബാധിച്ചേക്കാം. അത്തരത്തിലൊരു സാഹചര്യം സൃഷ്ടിക്കാതിരിക്കുകയാവും സംസ്ഥാനത്തിനു നല്ലത്. മാത്രമല്ല അനാവശ്യമായ ഒരു വ്യവഹാരച്ചെലവും ഒഴിവാക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |