തിരുവനന്തപുരം: പട്ടാള ഉദ്യോഗസ്ഥനെന്ന് സ്വയം പരിചയപ്പെടുത്തി ജോലി തട്ടിപ്പ് നടത്തിയ വ്യാജ ജോത്സ്യൻ പൊലീസിന്റെ പിടിയിൽ. മണ്ണന്തല മുക്കോല സൗപർണിക അപ്പാർട്ട്മെന്റിൽ താമസിക്കുന്ന അജിത്ത്‌കുമാറാണ് മണ്ണന്തല പൊലീസിന്റെ വലയിലായത്. മുക്കോല സ്വദേശിനിയായ വനിതാ സെന്റർ ഡോക്ടറെയും സഹോദരിയേയും പറ്റിച്ച് വജ്രാഭരണങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ ഇയാൾ താമസിയ്ക്കുന്ന അപ്പാർട്ട്മെന്റിൽ നിന്നാണ് കസ്‌റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ കൂടുതൽ തട്ടിപ്പുകൾ വെളിവായി. പത്തോളം പേരിൽ നിന്ന് 30 ലക്ഷം തട്ടിയെടുത്തതായി പൊലീസിനോട് സമ്മതിച്ചു.
സ്ഥിരം ഭക്ഷണം കഴിക്കാൻ എത്തുന്ന ഇന്ത്യൻ കോഫീ ഹൗസിലെ ജീവനക്കാരോട് ആർമിയിൽ നിന്നും വിരമിച്ചയാളെന്നു പറഞ്ഞാണ് ഇയാൾ പരിചയപ്പെടുന്നത്. നബാർഡ്, കേന്ദ്രിയ വിദ്യാലയം, സി-ഡിറ്റ് , കെൽട്രോൺ, ദേവസ്വം ബോർഡ്, എന്നിവിടങ്ങളിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞു ഇവരിൽ നിന്നും ലക്ഷങ്ങൾ ഇയാൾ തട്ടിയെടുത്താതെയാണ് വിവരം. തട്ടിപ്പ് നടത്തുവാൻ കൂടുതൽ പേരുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. മാസങ്ങൾക്കു മുൻപ് പേരൂർക്കട വഴയിലയ്ക്ക് സമീപം വില്ല വാടകയ്ക്ക് എടുത്ത് തട്ടിപ്പ് നടത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വീട്ടിൽ കാണാനെത്തുന്നവരുടെ പഴയകാല ജീവിതത്തിലെ ചില സംഭവങ്ങൾ പ്രവചിക്കുക എന്നതാണ് തട്ടിപ്പിന്റെ ആദ്യ ഘട്ടം.
വന്നവരുടെ ബാഗിൽ പണം എത്ര ഉണ്ടെന്നും ഇയാൾ പറയും. തനിക്ക് സിദ്ധി ഉണ്ടെന്നു പറഞ്ഞശേഷം പഴയ രത്നങ്ങളും ആഭരണങ്ങളും ധരിച്ചു കഴിഞ്ഞാൽ കുടുംബത്തിൽ ദുരന്തങ്ങൾ ഉണ്ടാകുമെന്നു പറഞ്ഞ് വിശ്വസിപ്പിക്കും. എന്നിട്ട് ഈ ആഭരണങ്ങൾ ഊരിവാങ്ങും. പ്രത്യേക മോഡലിലുള്ള പുതിയ കല്ലുകൾ വാങ്ങി തരാമെന്ന് പറഞ്ഞാണ് ഇയാൾ ആഭരണങ്ങൾ കൈക്കലാക്കുന്നത്. പിന്നീട് ഇത് തിരിച്ചു നൽകില്ല. പുതിയ ആഭരണങ്ങളുടെ പൂജ നടക്കുകയാണ് എന്നാണ് ഇയാൾ ആഭരണങ്ങൾ തിരിച്ചു ചോദിക്കുന്നവരോട് പറഞ്ഞിരുന്നതെന്നും പൊലീസ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |