അഴിമതിക്കെതിരായ പ്രക്ഷോഭങ്ങളിലൂടെ യുവാക്കളുടെ മനസിൽ ഇടംനേടിയ കെ.സുരേന്ദ്രൻ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ശബരിമലയിലെ യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട സമരത്തിലൂടെയും ജയിൽവാസത്തിലൂടെയുമാണ്. ബി.ജ.പി സംസ്ഥാന പ്രസിഡന്റായി നിയമിക്കപ്പെട്ട കെ.സുരേന്ദ്രൻ കേരള കൗമുദിയോട് സംസാരിക്കുന്നു.
കേരളം ബി.ജെ.പിക്ക് ബാലികേറാ മലയാണോ?
ഒരിക്കലുമല്ല. കേരളത്തിൽ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ദ്വി മുന്നണി രാഷ്ട്രീയത്തിന് അറുതി വന്നിരിക്കുന്നു. ഒ.രാജഗോപാൽ കേരള നിയമസഭയിലേക്ക് ഭാഗ്യംകൊണ്ടു മാത്രം കടന്നുവന്നതല്ല. സംസ്ഥാനത്തൊട്ടാകെ ഇരുമുന്നണികൾക്കും ബദലായി ബി.ജെ.പിയിൽ ജനം വിശ്വാസമർപ്പിച്ചു വരികയാണ്. നേമത്ത് ഞങ്ങൾക്കത് പ്രാവർത്തികമാക്കാൻ കഴിഞ്ഞു. മറ്റ് പലയിടങ്ങളിലും ഞങ്ങൾ തൊട്ടുപിറകിലുണ്ടായിരുന്നു. അന്തിമമായ വിജയം ഞങ്ങൾക്ക് തന്നെയാണ്. ചിലരെ കുറച്ചു കാലത്തേക്ക് പറ്റിക്കാം. എല്ലാവരെയും എല്ലാകാലത്തും പറ്റിക്കാൻ കഴിയില്ല.
എന്താണ് താങ്കളുടെ ആക് ഷൻ പ്ലാൻ?
കളക്റ്റീവ് ലീഡർഷിപ്പ് ആണ് ബി.ജെ.പിയുടെ പ്രത്യേകത. ഒരു വ്യക്തിയെ അടിസ്ഥാനപ്പെടുത്തിയല്ല അത് മുന്നോട്ട് പോകുന്നത്. അതേ സമയം പാർട്ടി നേതൃത്വത്തിലേക്ക് വരാൻ കുടുംബമഹിമയോ പണസ്വാധീനമോ ആവശ്യവുമില്ല. പ്രതിബദ്ധതയും സമർപ്പണമനോഭാവവുമാണ് വേണ്ടത്. ജനങ്ങളെ പൊട്ടൻ കളിപ്പിക്കുന്ന ഇരുമുന്നണികളുടെയും യഥാർത്ഥ മുഖം ഞങ്ങൾ ജനങ്ങളിലെത്തിക്കും. അതാണ് ആക്ഷൻ പ്ലാൻ.നെഗറ്റീവ് വോട്ടുകൊണ്ടാണ് കേരളത്തിൽ ഇവർ അധികാരത്തിൽ തുടരുന്നത്. രണ്ടുപേരും പരസ്പരം സഹകരിച്ച് മാറി മാറി ഭരിക്കുകയാണ്. ശരിക്കും ഇത് അഡ്ജസ്റ്റ്മെന്റ് പൊളിറ്റിക്സ് ആണ്.ഇവർക്ക് ബദലാവാൻ ഞങ്ങൾക്ക് കഴിയുമോ എന്ന സംശയം ജനങ്ങൾക്കുണ്ടായിരുന്നു. ഇന്നത് മാറി. ഞങ്ങൾ വളർന്നുകഴിഞ്ഞു. പണ്ട് ഞങ്ങൾക്കപേക്ഷ അയ്ക്കാനുള്ള പ്രായവും യോഗ്യതയുമുണ്ടായിരുന്നില്ല . ഇന്ന് ഞങ്ങൾ എഴുത്ത് പരീക്ഷ പാസ്സായി. നാളെ ഞങ്ങൾ അഭിമുഖത്തിലും ജയിക്കും.
കേന്ദ്രം അവഗണിക്കുകയാണെന്നാണല്ലോ പറയുന്നത്?
പച്ചക്കള്ളമാണത്. ബി.ജെ.പി അധികാരത്തിൽ വന്നതിന് ശേഷമുള്ള കേന്ദ്രസഹായത്തിന്റെയും അതിനു മുമ്പുള്ളതിന്റെയും കണക്ക് തോമസ് ഐസക് ഹാജരാക്കട്ടെ. പതിനാലാം ധനകാര്യ കമ്മിഷനാണ് കേന്ദ്രസഹായ വിതരണം 42 ശതമാനമാക്കിയത്. അത് നടപ്പാക്കിയത് ബി.ജെ.പി സർക്കാരും. കഴിഞ്ഞ പദ്ധതിക്കാലത്ത് ആദ്യത്തെ മൂന്നുവർഷങ്ങളിലുമായി 9000 കോടി രൂപ റവന്യൂ കമ്മി നികത്താൻ കേരളത്തിന് കിട്ടിയപ്പോൾ ബി.ജെ.പി സർക്കാർ ഈ വർഷം മാത്രം 15333 കോടി രൂപകൊടുത്തു. ഇതിനെക്കുറിച്ച് കേരള ധനകാര്യ മന്ത്രി കമ എന്നൊരക്ഷരം പറയുന്നില്ല.
ബി.ജെ.പിയിൽ ഗ്രൂപ്പുകൾ സജീവമാണോ?
ബി.ജെ.പിയിൽ ഗ്രൂപ്പുകളില്ല. അതെല്ലാം ചിലരുടെ ഭാവനാ സൃഷ്ടിയാണ്. ഞങ്ങളെല്ലാം ഒരു ഗ്രൂപ്പാണ്. എന്താണ് ഗ്രൂപ്പിനടിസ്ഥാനം എന്നെങ്കിലും അതിനെക്കുറിച്ച് പറയുന്നവർ വിശദമാക്കണം.
നേതൃത്വത്തിലേക്ക് കൂടുതൽ ചെറുപ്പക്കാർ വരുമോ?
-ഇപ്പോൾ തന്നെ നേതൃത്വത്തിൽ ധാരാളം ചെറുപ്പക്കാരുണ്ട്. മിക്ക ജില്ലാ പ്രസിഡന്റുമാരും ചെറുപ്പമാണ്. എല്ലാവർഷവും 30 ശതമാനം ഭാരവാഹികൾ മാറി പുതുതലമുറയെ ഉൾപ്പെടുത്തും അതൊക്കെ ഞങ്ങളുടെ പാർട്ടിയിൽ സ്വാഭാവികമായി നടക്കുന്നതാണ്. യുവരക്തത്തിന് പ്രാധാന്യം നൽകുന്നതൊടൊപ്പം അനുഭവ സമ്പത്തിന് പരിഗണനയും നൽകും.
ആർ.എസ്. എസ് താങ്കളെ തിരഞ്ഞെടുക്കുന്നതിൽ ഇടപെട്ടിട്ടുണ്ടോ?
ആർ.എസ്.എസ് ബി.ജെ.പി ബന്ധത്തെക്കുറിച്ച് അറിയാത്തവർ പ്രചരിപ്പിക്കുന്നതാണത്. ആർ.എസ് എസിൽ നിന്ന് ഞങ്ങൾ ദേശസ്നേഹവും പ്രതിബദ്ധതയും നിസ്വാർത്ഥ പ്രവർത്തനവുമാണ് മാതൃയാക്കുന്നത്. ദൈനം ദിന സംഘടനാ പ്രവർത്തനത്തിലും രാഷ്ട്രീയത്തിലും ആർ.എസ്.എസ് ഇടപെടാറേയില്ല.
വരുന്ന തിരഞ്ഞെടുപ്പുകൾ ബി.ജെ.പിക്ക് ഒരു വെല്ലുവിളിയാണോ
വെല്ലുവിളിയല്ല . അവസരമാണ്. അതുപയോഗിക്കാൻ ഞങ്ങൾ സംഘടനാ യന്ത്രത്തെ കൂടുതൽ കാര്യക്ഷമമാക്കും. ജനങ്ങളുമായി ഏറ്റവും സജീവമായ സംവദിക്കുന്ന പാർട്ടി ബി.ജെ.പിയാണ് . പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഞങ്ങൾക്ക് നല്ല നേട്ടം കൊയ്യാൻ കഴിയും.
പൗരത്വ ബില്ലിൽ ഇരുമുന്നണികളും ഒറ്റക്കെട്ടായി ബി.ജെ.പിക്കെതിരാണല്ലോ?
വളരെ അപകടകരമായ രാഷ്ട്രീയമാണ് ഇരുമുന്നണികളും കളിക്കുന്നത്. ഇത് ഇന്ത്യയിലെ മുസ്ലിങ്ങളുമായി ഒരു തരത്തിലും ബന്ധപ്പെടുന്ന നിയമ നിർമാണമല്ല. മുസ്ലിം വോട്ട് ലക്ഷ്യമാക്കിയുള്ള വർഗീയ രാഷ്ട്രീയമാണ് ഇരുവരും കളിക്കുന്നത്. ന്യൂനപക്ഷങ്ങൾ ഇന്നല്ലെങ്കിൽ നാളെ അത് തിരിച്ചറിയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |