കണ്ണൂർ: തനിച്ചുള്ള ജീവിതത്തിൽ കാർത്യായനിക്ക് എല്ലാം ആടുകളാണ്. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഈ ആടു പ്രേമം. 50 വർഷത്തോളമായി തുടരുന്ന ജീവിതമാണത്. വയസ് 68. ഇപ്പോൾ 50 ആടുകളും 20 നായ്ക്കളും 10 പൂച്ചകളുമുണ്ട്. ആടുകൾക്കായി പ്രത്യേകം തൊഴുത്തൊന്നുമില്ല. എല്ലാം കാർത്യായനിയുടെ കൊച്ചു കൂരയിൽ സുഖമായി കഴിയുന്നു. ഒരു പാത്രത്തിൽ നിന്ന് ഭക്ഷണവും.
പിണറായി പാറപ്രം കരിമ്പിയിൽ വാളാംകുനി പീടികയ്ക്കു സമീപത്തെ മാവില ചാലിൽ വീട്ടിൽ കാർത്യായനി, അമ്മ നാരായണിയുടെ കാലം തൊട്ടു തുടങ്ങിയതാണ് ആടുജീവിതം. അമ്മയുടെ മരണശേഷം ആടുകൾക്കൊപ്പം കാർത്യായനി മാത്രമായി. വിധവാപെൻഷനും തൊഴിലുറപ്പ് ജോലിചെയ്ത് കിട്ടുന്ന കൂലിയുമെല്ലാം ഉപയോഗിച്ചാണ് തീറ്റ ഒരുക്കുന്നത്. വീടിനോടു ചേർന്നുള്ള അര ഏക്കറോളം വരുന്ന സ്ഥലത്താണ് ആടുകളെ മേയാൻ വിടുക.
അമ്മു, അമ്മിണി, കിങ്ങിണി, കുട്ടൻ, മുത്തു, അപ്പു വാടാ മക്കളേ ........ കാർത്യായനിയുടെ വിളി കേട്ടാൽ മതി, ഓടിയെത്തും കൂട്ടത്തോടെ. തൊഴിലുറപ്പിനുപോയി തിരിച്ചുവരുന്ന കാർത്യായനിയെ കാണുമ്പോൾ എല്ലാവരും അറ്റൻഷൻ. പേരു വിളിച്ച് കാർത്യായനിയുടെ കുശലം. ആട്ടിൻപാൽ വില്പനയിലൊന്നും കമ്പമില്ല. പാൽ കുട്ടികൾ തന്നെ കുടിക്കട്ടെ എന്നാണ് കാർത്യായനി പറയുന്നത്. ആട്ടിറച്ചിക്കോ മറ്റോ ആരെങ്കിലും ചോദിച്ചു പോയാൽ ആട്ടിയകറ്റും. അത്രയും സ്നേഹമാണ് ആടുകളോട്. മരണം വരെ ഇവയ്ക്കൊപ്പം കഴിയണം. അതു മാത്രമാണ് കാർത്യായനിയുടെ ആഗ്രഹം.
കാവൽ നയൻതാര
നായ്ക്കൾക്കാണ് ആടുകളുടെ സുരക്ഷാച്ചുമതല. നയൻതാര എന്നു നാട്ടുകാർ വിളിക്കുന്ന പെൺപട്ടിയാണ് വില്ലത്തി. ആടുകളുടെ മാത്രമല്ല, കാർത്യായനിയുടെ സുരക്ഷയും നയൻതാര ഭദ്രമാക്കുന്നു. ആടുകൾ മേയാൻ പോകുമ്പോൾ അകമ്പടിയായി 10 നായ്ക്കളെങ്കിലുമുണ്ടാകും. വീട്ടിലെ ഒരു മുറി നായ്ക്കൾക്കു മാത്രമാണ്. പകൽ മുഴുവൻ ഊരുതെണ്ടി വരുന്ന നായ്ക്കൾ രാത്രി മുറിയിലെത്തും.
സ്വകാര്യ ദുഃഖം
ബാങ്കുകളിൽ നിന്നു വായ്പ എടുത്ത വകയിൽ ഇരുപതിനായിരത്തോളം രൂപ കടമുണ്ട് കാർത്യായനിക്ക്. കഴിഞ്ഞ വർഷം ആടിന് തൊഴുത്ത് പണിയാൻ കുറച്ച് പണം വായ്പയെടുത്തിരുന്നു. അതും തിരിച്ചടയ്ക്കാൻ ആവാത്ത സ്ഥിതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |