തിരുവനന്തപുരം: വരാൻ പോകുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടുകയാണ് ബി.ജെ.പി ലക്ഷ്യമെന്ന് പുതിയ പ്രസിഡന്റ് കെ. സുരേന്ദ്രൻ പറയുന്നു. നൂറുകണക്കിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ബി.ജെ.പി അധികാരത്തിൽ വരും. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഭരണം പിടിക്കുകയാണ് മറ്റൊരു ലക്ഷ്യം. അത് വലിയ കാര്യമല്ല. ആ ലക്ഷ്യവുമായാണ് മുന്നോട്ട് പാേകുന്നതെന്ന് സുരേന്ദ്രൻ കേരളകൗമുദി ഫ്ളാഷിനോട് പറഞ്ഞു.
പഠിച്ച് നേടും
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് മികച്ച മുന്നേറ്റമുണ്ടാകും. നൂറുകണക്കിന് പഞ്ചായത്തുകളും നിരവധി മുനിസിപ്പാലിറ്റികളും കോർപ്പറേഷനുകളും ഇത്തവണ ബി.ജെ.പി ഭരിക്കും. താഴെ തലത്തിലുള്ള ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള പ്രചാരണവും ശക്തമായ ഇടപെടലും നടത്താനുള്ള നടപടികൾ തുടങ്ങി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഓരോ വാർഡിലും വിജയിച്ച ബി.ജെ.പി അംഗങ്ങൾ നൽകിയ വാഗ്ദാനങ്ങളെന്തായിരുന്നു, അവയിൽ ഏതൊക്കെ നടപ്പായി, പുതിയ പദ്ധതികൾ എത്രയെണ്ണം വന്നു എന്നീ കാര്യങ്ങളെപറ്റി ഞങ്ങൾ പഠനം നടത്തും. ജനങ്ങളുടെ പ്രശ്നങ്ങൾ കണ്ടെത്തി അവ പരിഹരിക്കാനുള്ള ജനകീയ സമരങ്ങളുമുണ്ടാകും. സ്ഥാനാർത്ഥി നിർണയത്തിൽ വ്യക്തമായ മാനദണ്ഡമുണ്ടാകും.
ഭരണം പിടിക്കും
നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് സർക്കാരുണ്ടാക്കുക എന്നതാണ് ലക്ഷ്യം. അല്ലാതെ ഒന്നിൽ കൂടുതൽ മണ്ഡലങ്ങൾ പിടിച്ചെടുക്കുക എന്നതല്ല. കേരളത്തിൽ അടുത്ത ഒരു വർഷത്തിനിടയിൽ വലിയ രാഷ്ട്രീയ മാറ്റമുണ്ടാകും. ഒരു ശതമാനം മാത്രം വോട്ടുണ്ടായിരുന്ന ത്രിപുരയിൽ ഞങ്ങൾ സർക്കാരുണ്ടാക്കി. അസാദ്ധ്യമായ കാര്യമൊന്നുമല്ല കേരളത്തിൽ ഭരണം പിടിക്കുക എന്നത്. ഞങ്ങൾക്ക് ഇപ്പോൾ തന്നെ 16 ശതമാനത്തോളം വോട്ടുണ്ട്. അതിൽ നിന്ന് വലിയ മുന്നേറ്റം നടത്താൻ പറ്റിയ സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. അതനുസരിച്ചാണ് ഞങ്ങൾ മുന്നോട്ട് പോകുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ സംസ്ഥാനത്ത് ബി.ജെ.പിക്ക് മാത്രമാണ് വോട്ട് കൂടുന്നത്. കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറക്കില്ലെന്നാണ് എല്ലാവരും പറഞ്ഞിരുന്നത്. ആ ബി.ജെ.പി അക്കൗണ്ട് തുറന്നു. ഇനി സർക്കാരുണ്ടാക്കുകയാണ് ലക്ഷ്യം. കുട്ടനാട് ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി വ്യക്തമായ മുന്നൊരുക്കമുണ്ടാകും.
പാർട്ടിയിലുമുണ്ട് തിരഞ്ഞെടുപ്പ്
പാർട്ടിയിലെ പുന:സംഘടന ഉടനെ പൂർത്തിയാക്കും. എല്ലാവരെയും ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടു പോകും. നേതാക്കൾ തമ്മിൽ യാതൊരു അസ്വാരസ്യവുമില്ല. സുരേന്ദ്രന് കീഴിൽ പ്രവർത്തിക്കില്ല എന്ന് ചില നേതാക്കൾ പറഞ്ഞതായി വരുന്ന വാർത്തകളെല്ലാം വാസ്‌തവ വിരുദ്ധമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |