കൊല്ലം: സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ ശാഖകളിൽ വിവിധ തസ്തികകളിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തിൽ കൂടുതൽപേർ കുടുങ്ങിയേക്കും. കരവാളൂർ നീതുഭവനിൽ നീതു മോഹനനെ (35) കുന്നിക്കോട് പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ പേർക്ക് കേസിൽ ബന്ധമുള്ളതായി കണ്ടെത്തിയത്. റിട്ട.ബാങ്ക് ഉദ്യോഗസ്ഥനാണ് തട്ടിപ്പിന്റെ സൂത്രധാരനെന്നാണ് വിലയിരുത്തൽ. ബാങ്കിന്റെ നിലമേൽ ബ്രാഞ്ചിന്റെ മാനേജരാണെന്ന തരത്തിലാണ് നീതുമോഹൻ തട്ടിപ്പ് നടത്തിയത്.
വിളക്കുടി അനീസ് മൻസിലിൽ ആൻസി, കുന്നിക്കോട് അക്ഷയ മൻസിലിൽ അനീസ ബീവി, വിളക്കുടി ചാവരുകോണത്ത് വീട്ടിൽ അൻസിയ ബീവി, ആവണീശ്വരം ഷെഫീർ പ്രിൻസ് വില്ലയിൽ ഫൗസിയ എന്നിവരിൽ നിന്നായി 2.60 ലക്ഷം രൂപ തട്ടിയെടുത്തതുമായി ബന്ധപ്പെട്ടാണ് നീതുമോഹനെ അറസ്റ്റ് ചെയ്തത്. എന്നാൽ പിന്നീട് കൂടുതൽ പരാതിക്കാർ രംഗത്തെത്തി. ചടയമംഗലം സ്റ്റേഷനിലും പരാതികളുണ്ട്. അതുകൊണ്ടുതന്നെ പരാതികളുള്ള സ്റ്റേഷനിലെല്ലാം പ്രത്യേകം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസ് തീരുമാനം.
അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്ന നീതുവിനെ രണ്ട് ദിവസം മുൻപ് കുന്നിക്കോട് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. അപ്പോഴേക്കും ആറ് പരാതിക്കാർ കൂടി കുന്നിക്കോട് പൊലീസിൽ സമീപിച്ചു. കസ്റ്റഡി കാലാവധി ഇന്ന് വൈകിട്ടോടെ അവസാനിക്കും. അതിന് മുൻപായി പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് അന്വേഷണ സംഘം. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ വിവിധ ശാഖകളിൽ മാനേജർ, ഓഫീസ് അസിസ്റ്റന്റ്, മെസഞ്ചർ, ഡ്രൈവർ തുടങ്ങിയ തസ്തികകളിൽ ജോലിനൽകാമെന്ന് വാഗ്ദാനം ചെയ്താണ് നീതുമോഹൻ പണം തട്ടിയത്.
എസ്.ബി.ഐയുടെ നിലമേൽ ശാഖയിലെ നീതുവിന്റെ അക്കൗണ്ടിലാണ് പരാതിക്കാർ പണം നിക്ഷേപിച്ചത്. 2019 ഡിസംബർ 31നകം ജോലി തരപ്പെടുത്തി നൽകാമെന്ന ഉറപ്പ് നൽകിയാണ് പണം വാങ്ങിയത്. ജോലി ലഭിക്കാൻ വേണ്ടി പണം നൽകാൻ ബാങ്കിൽ എത്തിയപ്പോഴൊക്കെ നിലമേൽ ബാങ്കിൽ നീതുവിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. ഇവിടെ ക്ളീനിംഗ് ജോലിയുടെ കരാർ ഏറ്റെടുത്തത് നീതുവാണെന്നാണ് ലഭ്യമായ വിവരം.
അതുകൊണ്ടുതന്നെ പണം നൽകാനുള്ളവർ എത്തുമ്പോൾ നീതു മാനേജരുടെ കാബിനിൽ നിന്ന് ഇറങ്ങി വരുന്നതായി ഭാവിക്കും. വിശ്വാസത്തോടെയാണ് പലരും പണം നൽകിയത്. പരാതി നൽകിയപ്പോഴും ജോലി വാഗ്ദാനം ചെയ്ത് ബാങ്ക് മാനേജരായ നീതുമോഹൻ പണം തട്ടിച്ചെന്നാണ് ഇവർ പൊലീസിന് മൊഴി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |